DCBOOKS
Malayalam News Literature Website

‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ പതിനഞ്ചാം പതിപ്പില്‍

യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്‌നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. ഈ കൃതിയിലൂടെ ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ നയിക്കുകയാണ് നോവലിസ്റ്റ്. മാത്രവുമല്ല, ശ്രീലങ്കന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഈ നോവല്‍ വിപ്ലവവും സമാധാനവും വികസനവും എന്നൊക്കെ പറഞ്ഞ് കബളിപ്പിക്കാനെത്തുന്ന ഫാഷിസത്തിന് മുന്നില്‍ നിസ്സഹായരായ ജനതയുടെ ആവിഷ്‌കാരവും കൂടിയായിരുന്നു.

പോരാട്ടങ്ങള്‍ക്കിടയ്ക്ക് അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ എല്ലാ വേദനകളോടും കൂടി നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. അതിനോടൊപ്പം വായനയെ ഏറ്റവും സമകാലികമായൊരു പരിസരത്തുനിന്നുകൊണ്ട് നോക്കിക്കാണാനും സാധിച്ചു എന്നതാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ മറ്റൊരു സവിശേഷത. സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ചേരചോള സാമ്രാജ്യങ്ങളുടെ ചരിത്രവും ശ്രീലങ്കയിലെ സിംഹള രാജവംശവുമായുള്ള വൈരവും സിംഹളമിത്തും ദേവനായകിയെ ഫാന്റസിയുടെ വിസ്മയകരമായൊരു അനുഭവമാക്കിത്തീര്‍ക്കുന്നു.

നോവലിനെക്കുറിച്ച്  പ്രശസ്ത നിരൂപകനായ ഷാജി ജേക്കബ് എഴുതുന്നത് ഇപ്രകാരമാണ്

‘വര്‍ത്തമാനകാലരാഷ്ട്രീയവും ഭൂതകാലമിത്തും കൂട്ടിയിണക്കി ടി.ഡി രാമകൃഷ്ണന്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എഴുതുമ്പോള്‍ മലയാള നോവല്‍ ഇന്നോളം കാണാത്ത ഒരു ഭാവനാഭൂപടം നമുക്കു മുന്നില്‍ ചുരുള്‍ നിവരുകയാണ്. പാണ്ഡ്യ-സിംഹള യുദ്ധവെറികള്‍ നിറയ്ക്കുന്ന ദേവനായകി മിത്തിന്റെ മായികതീവ്രത പോലെ തന്നെയാണ് മനുഷ്യാവകാശങ്ങള്‍ ഒന്നൊന്നായി ധ്വംസിയ്ക്കപ്പെടുന്ന ശ്രീലങ്കന്‍ രാഷ്ട്രീയത്തിന്റെ സമകാലികയാഥാര്‍ത്ഥ്യങ്ങളും. ശ്രീലങ്കയില്‍ തമിഴ് വിമോചനപ്പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ എല്‍.റ്റി.റ്റി.ഇ പോലുള്ള സംഘടനകളും അടിമുടി ജനാധിപത്യവിരുദ്ധവും ഫാഷിസ്റ്റ് സ്വഭാവങ്ങള്‍ ഉള്ളില്‍പ്പേറിയ പുരുഷാധിപത്യ സംഘങ്ങളുമായിരുന്നുവെന്ന് നോവല്‍ അടിവരയിട്ടു പറയുന്നു. തമിഴ്-ഈഴ പ്രസ്ഥാനങ്ങളെ വെള്ളപൂശുകയല്ല രാമകൃഷ്ണന്റെ നോവല്‍. മറിച്ച് നാം ഇന്നോളം കേട്ടിട്ടില്ലാത്തവിധം ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ ആഭ്യന്തരഘടനയില്‍ സ്വന്തം പോരാളികളെത്തന്നെ കൊന്നുതിന്നുന്ന ഒരു ഹിംസ്ര ജന്തുവിനെപ്പോലെ ഭ്രാന്തുപിടിച്ചതായിരുന്നു ആ പ്രസ്ഥാനം എന്നു ചൂണ്ടിക്കാണിക്കുകയാണ്… ഭരണകൂടഭീകരതപോലെയോ അതിലധികമോ ആയിത്തന്നെ ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം വിപ്ലവസംഘടനകളിലും വിമോചനപ്രസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയും ജനാധിപത്യരാഹിത്യവും നേതൃത്വങ്ങളുടെ ഫാഷിസ്റ്റ് സ്വഭാവവുമാണ് സ്ത്രീകള്‍ ചരിത്രത്തിന്റെ വിധാതാക്കളാകുന്നതിന്റെ അസാധാരണവും അപൂര്‍വ്വവുമായ നോവല്‍വല്‍ക്കരണമാകുന്നു സുഗന്ധി….’

പ്രസിദ്ധീകരിച്ച നാള്‍ മുതല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ച നോവലാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. 2017-ലെ വയലാര്‍ അവാര്‍ഡ് നേടിയിട്ടുള്ള ഈ കൃതി ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൃതിയുടെ പതിനഞ്ചാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Comments are closed.