DCBOOKS
Malayalam News Literature Website

യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥ…

വായനയുടെ പഴയ ട്രാക്കിലേക്ക് എന്നെ തിരിച്ചു കൊണ്ടുവന്ന പുസ്തമാണ് ടി ഡി രാമകൃഷ്ണന്റെ “സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി”. ഇതൊരു അവലോകനമൊന്നുമല്ല. വീണ്ടും ഈ നോവലിനെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുവാനായി ഒരു ചെറു കുറിപ്പ് സൂക്ഷിക്കുന്നു എന്ന് മാത്രം.  ഓരോ  വായനയും ഓരോ പുതിയ അനുഭവമാണല്ലോ പ്രദാനം ചെയ്യുന്നത്. എടുത്ത് പറയാവുന്ന അനുഭവം തന്നെയാണ് “സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി“. മിത്തും ആധുനിക ശ്രീലങ്കയുടെ ചരിത്രവും കലര്‍ന്ന് നമ്മളെ പുത്തന്‍ അനുഭൂതിയിലേക്ക്‌ കൂട്ടികൊണ്ട് പോകുന്നു ഈ നോവല്‍. ശ്രീലങ്കയിലെ പുതിയ രാഷ്ട്രീയ സാഹചര്യവും ജനങ്ങള്‍ അറിയാതെ അവരിലേക്ക് പിടി മുറുക്കുന്ന ഫാസിസവും ഇതിവൃത്തമാക്കി ആണ്ടാള്‍ ദേവനായകിയെന്ന തനിക്ക് പ്രിയപ്പെട്ട മിത്തും കൂടിയാവുമ്പോള്‍ അനുവാചകനെ ത്രസിപ്പിക്കുന്ന നോവല്‍ ആവുന്നു.

ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധക്കാലത്തെ വെള്ള പൂശാനും തമിഴ് പുലികളുടെ ഭീകരത പുറത്തെത്തിക്കാനുമായി പുലികള്‍ കൊലപ്പെടുത്തിയ രാജനി തിരണഗാമയുടെ കഥ പറയുന്ന “Woman behind the Fall of Tigers” എന്ന സിനിമ നിര്‍മ്മിക്കാനായി എത്തുന്ന പീറ്റര്‍ ജീവാനന്ദമെന്ന കഥാകാരന്റെ മനോവിചാരത്തിലൂടെ കഥ പറയുകയാണ് നോവലിസ്റ്റ്. (രാജനി തിരണഗാമയുടെ കഥ പറയുന്ന ഏഴു YouTube documentaryകള്‍ അവരെ കുറിച്ചു കൂടുതല്‍ നമ്മുക്ക് മനസ്സിലാക്കി തരുന്നുണ്ട്.)

രാജനിയായി അഭിനയിക്കാന്‍ തന്റെ ഹൃദയം കവര്‍ന്ന സുഗന്ധിയെന്ന തമിഴ് പുലിയെ അന്വേഷിക്കുന്ന പീറ്റര്‍ “കറുപ്പ്” എന്ന വെബ്ബ് സൈറ്റില്‍ എത്തുന്നതും അവിടെ നിന്ന് സിഗിരിയയില്‍ നിന്നും കണ്ടെടുത്ത “സുസാന സുപിന” (സ്വപ്നങ്ങളുടെ ശ്മശാനം) എന്ന ആയിരം വര്ഷം പഴക്കമുള്ളതും ശ്രീവല്ലഭ ബുദ്ധനാര്‍ രചിച്ചതുമായ സുഗന്ധിയുടെ കഥ പുനരാഖ്യാനം ചെയ്തത് കാണുന്നതും അവിടം മുതല്‍ സഹസ്രാബ്ദം മുമ്പ് ജീവിച്ചിരുന്ന ആണ്ടാള്‍ ദേവനായകിയിലേക്കും തിരിച്ചുമുള്ള നാമറിയാതെയുള്ള യാത്രയാണ് നോവല്‍.

കാന്തല്ലൂര്‍ സൈനീക കേന്ദ്രത്തിന്റെ അധിപനായ പെരിയ കോയിക്കന്റെ നാലാമത്തെ മകള്‍ ദേവനായകിയാണ് കഥാനായിക. അപ്സരസ്സുകളെ തോല്‍പ്പിക്കുന്ന അംഗലാവണ്യവും ഒപ്പം യോദ്ധാവിന്റെ കരുത്തുമുള്ള ദേവനായകി എല്ലാവരുടെയും ഉറക്കം കെടുത്തുന്ന Textസൌന്ദര്യധാമമാണ്. സൌന്ദര്യത്തിനും ആകാര സൌഷ്ടവത്തിനും ഒപ്പം സംഗീതവും നൃത്തവും അർത്ഥശാസ്ത്രവും രാഷ്ട്രതന്ത്രവും കൂടാതെ ആയോധനകലകളും സ്വായത്തമാക്കിയവളാണ് ദേവനായകി. ഒരു ദിവസം പത്മനാഭസന്നിധിയില്‍ ആണ്ടാളിന്റെ തിരുപ്പാവൈ പാടുന്ന ദേവനായകിയുടെ മധുരമായ ശബ്ദം കാന്തല്ലൂര്‍ മഹാരാജാവ് മഹേന്ദ്രവര്‍മ്മന്‍ കേള്‍ക്കാനിടയായി. ആ മധുരമായ ശബ്ദം അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. ശ്രീനിവാസശാസ്ത്രികളുടെ ശിഷ്യയായി രാജസദസ്സിലെത്തിയ ദേവനായകിയെ കാണാനിടയായ കാന്തല്ലൂര്‍ മഹാരാജാവ് അവളില്‍ ഭ്രമിക്കുകയും കൊട്ടാരമാളികയില്‍ എത്താന്‍ കല്‍പ്പിക്കുകയും ചെയ്യുന്നു. “മന്നനാണ് മണ്ണിലെ ദേവന്‍, എപ്പോള്‍ ഏതുനിലം ഉഴണമെന്നും വിത്ത് വിതക്കണമെന്നും തീരുമാനിക്കാനുള്ള അധികാരവും അവകാശവും അദ്ദേഹത്തിനുണ്ട്” എന്ന ശാസ്ത്രികളുടെ പ്രയോഗത്തിന്റെ സാരസ്യം മനസ്സിലാക്കിയ ദേവനായകി അവസരം ഉപയോഗിക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെ മഹേന്ദ്രവര്‍മ്മന്റെ എട്ടാമത്തെ റാണിയാവുന്നു ദേവനായകി.

പിന്നീട് തഞ്ചൈയിലെ രാജരാജചോളന്‍ കാന്തള്ളൂര്‍ ആക്രമിച്ചു കീഴടക്കുകയും മഹാരാജാവിനെ തോല്പിച്ച ചക്രവര്‍ത്തിയെ അന്തപ്പുരത്തിലേക്ക് സ്വീകരിച്ചാനയിക്കുകയും ചെയ്യുന്ന ദേവനായകിയെയാണ് നാം കാണുന്നത്. ഭർത്താവിനെ കൊന്ന രാജരാജചോളനെ അന്തപ്പുരത്തിലേക്ക് ആനയിക്കുന്ന ദേവനായകിയെ കുറിച്ച് ശ്രീവല്ലഭബുദ്ധനാർ പറയുന്നത് “പെണ്ണൊരു പുഴയാണ് എപ്പോഴും ഒഴുകാൻ കൊതിക്കുന്ന പുഴ.”എന്നാണ്. ഇതിനിടയില്‍ കഥകളും ഉപകഥകളുമായി ദേവനായകിയുടെ മറ്റു ചരിത്രങ്ങളും നോവലിസ്റ്റ് നമ്മുക്ക് കാട്ടി തരുന്നുണ്ട്.

മിത്തിലൂടെ കടന്ന് കോഗന്‍ ഉച്ചകോടിയില്‍ രണ്ടു കൈയ്യും ഇല്ലാത്ത സ്ത്രീ ബെന്‍സ് കാര്‍ ഓടിച്ചു കയറ്റുന്നിടത്ത്, അവര്‍ മനുഷ്യബോംബായി പൊട്ടിത്തെറിക്കുന്നിടത്ത് നോവല്‍ അവസാനിക്കുന്നു. എല്ലാ യുദ്ധങ്ങളും സ്ത്രീകള്‍ക്കെതിരെയാണെന്നും ഇയക്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടത് വിപ്ലവപാതയില്‍ നിന്നും വ്യതിചലിച്ച് ഹൈന്ദവ ഫാസിസത്തിന്റെ വഴികള്‍ സ്വീകരിച്ചപ്പോഴാണ് അവര്‍ മുസ്ലീം ജനതക്കെതിരെ തിരിഞ്ഞതെന്നും

SSF (Save Sri Lanka from Fascism) എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ വിലയിരുത്തുന്നുണ്ട്. ഈഴപ്പോരിന്റെ അന്തിമഘട്ടം നടന്ന “പുതുക്കുടി” ഇന്നിന്റെ “സുസാന സുപിന” (ഒരു ജനതയുടെ മുഴുവന്‍ സ്വപ്നങ്ങളുടെ ശ്മശാനം) ആണെന്ന പീറ്ററിന്റെ ആത്മഗതവും നമ്മെ വിടാതെ പിന്തുടരുന്നു. സംഘടനയുടെത് ആയാലും രാഷ്ട്രത്തിന്റെ ആയാലും തെറ്റായ രാഷ്ട്രീയതീരുമാനങ്ങള്‍ ഒരു ജനതയെ എങ്ങനെ ബാധിക്കുന്നുവെന്ന് കാട്ടിത്തരുന്നു ഈ നോവല്‍ നമ്മുക്ക്.

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’എന്ന കൃതിയും.

tune into https://dcbookstore.com/

വായനാനുഭവം, കടപ്പാട്; ഫേസ്ബുക്ക്

Comments are closed.