DCBOOKS
Malayalam News Literature Website

നീതിയുടെ ഖബറിടങ്ങള്‍

K R Meera
K R Meera

കെ ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘ഖബര്‍’, സുനില്‍ പി ഇളയിടം എഴുതിയ പഠനത്തില്‍ നിന്നും

എല്ലാ സ്ഥലങ്ങളും ചരിത്രത്തിന്റെ വാതിലുകളാണ്. കേവലവും അനുഭവരഹിതവുമായാണ് അവ പലപ്പോഴും പുറമേക്ക് കാണപ്പെടുക. അപ്പോഴും ചരിത്രത്തിന്റെ പടപാച്ചിലുകള്‍ ആ സ്ഥലങ്ങളില്‍ അരങ്ങേറുന്നുണ്ടാവും. നിശ്ചലതയിലും അവ കാലപ്രവാഹത്താല്‍ പൂരിതമായിരിക്കും. സ്ഥലത്തിന്റെ പുരാചരിത്രം മനുഷ്യവംശചരിത്രമായി പരിണമിക്കുന്നത് അതുകൊണ്ടാണ്. മണ്ണിലേക്കു നോക്കുമ്പോള്‍ നാം മനുഷ്യരിലേക്ക് നോക്കുന്നു; അവരുടെ ജീവിതപ്രയാണങ്ങളിലേക്ക് നോക്കുന്നു; അതിനു മുകളിലൂടെ കുളമ്പടിച്ച് കുതിച്ചു
പാഞ്ഞ അധികാരഗര്‍വിലേക്കും അനീതികളിലേക്കും നോക്കുന്നു; യാതനകളുടെയും കണ്ണീരിന്റെയും പടര്‍ച്ചകളിലേക്ക് നോക്കുന്നു; മനുഷ്യവംശത്തിന്റെ ആത്മാവിലേക്ക് നോക്കുന്നു.

നീതിവിചാരത്തിന്റെ പരിവേഷത്തിനുള്ളില്‍ അരങ്ങേറിയ, നമ്മുടെ കാലത്തെ ഏറ്റവും വലിയ അനീതിയുടെ കഥയാണ് കെ.ആര്‍. മീര ‘ഖബര്‍ എന്ന നോവലിലൂടെ പറയുന്നത്. നിയമവും അധികാരവും താര്‍ക്കികയുക്തിയും ചേര്‍ന്ന് അടക്കം ചെയ്ത നീതിയുടെ കഥ. ഒരു രാഷ്ട്രം അതിന്റെ അതിദീര്‍ഘമായ ജീവിതംകൊണ്ട് പടുത്തുയര്‍ത്തിയ പങ്കുവയ്പിന്റെ ചരിത്രത്തെ നിയമനിര്‍ഹണം ഖബറടക്കിയതിന്റെ കഥ. പുറമേക്ക് ഒട്ടുമേ പൊട്ടിത്തെറിക്കാതെ, കത്തുന്ന കനലിന്റെ ഭാഷയില്‍, മീര രാഷ്ട്രത്തിന്റെ വര്‍ത്തമാനചരിത്രത്തെ നോവലില്‍ സന്നിവേശിപ്പിക്കുന്നു. ചരിത്രത്തിന്റെയും അനുഭവങ്ങളുടെയും സ്വപ്നങ്ങളുടെയും സ്ഥലരാശികളിലൂടെ നാം നോവലിസ്റ്റിനൊപ്പം സഞ്ചരിക്കുന്നു. ബീജരൂപത്തില്‍ സംഗ്രഹിക്കപ്പെട്ട ഒരു കഥനതന്തു ആഖ്യാനത്തിനൊപ്പം നമുക്കുള്ളില്‍ വളര്‍ന്ന് രാഷ്ട്രചരിത്രത്തോളം വലുതാവുന്നു. അപ്പോഴും നോവല്‍ അടിസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ ഭേദിക്കാതെ ഭദ്രമായി തുടരുന്നുണ്ട്. ശ്രദ്ധാലുക്കളായ വായനക്കാരെ ആ അതിര്‍ത്തികള്‍ക്കുറത്തേക്ക് ക്ഷണിച്ചുകൊണ്ട്.

ഖബര്‍ ഒരു സ്ഥലത്തിന്റെ കഥയാണ്. അതിന്റെ പരിണാമത്തിന്റെയും അതിലടങ്ങിയ വിപര്യയങ്ങളുടെയും കഥ. ആ കഥയുടെ അടരുകള്‍ക്കുള്ളില്‍ മീര മറ്റനേകം കഥനങ്ങള്‍ ചേര്‍ത്തുവയ്ക്കുന്നു. പ്രണയം, ദാമ്പത്യം, ബന്ധശൈഥില്യങ്ങള്‍, പുരാചരിത്രം, ഐതിഹ്യം, മതം, രാഷ്ട്രാധികാരം, നീതി, അനീതി, സ്വപ്നങ്ങള്‍, പ്രത്യാശകള്‍ മരണം… അങ്ങനെ നിരവധി അടരുകള്‍.? അരയാല്‍ വിത്തിലൊരരയാല്‌പോലെ? എന്ന കവിവാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന, Textഅതുല്യവും അനന്യവുമായ സാന്ദ്രതയില്‍ നോവല്‍ വംശചരിത്രത്തിന്റെ വേരുകളിലേക്കും അവിടെ നിന്ന് വര്‍ത്തമാനത്തിലേക്കും മാറിമാറി സഞ്ചരിക്കുന്നു. ഒടുവില്‍ 2019 നവംബര്‍ 9-ന് ഖബറടക്കം ചെയ്യപ്പെട്ട നീതിയുടെ ഓര്‍മ്മയില്‍ തലചായ്ക്കുന്നു.

ഒന്ന്

ആധുനികലോകത്തിന്റെ സ്ഥലഭാവന ഏറിയപങ്കും കേവലമായിരുന്നു. അതില്‍ കാലവും ചരിത്രവും ഉണ്ടണ്ടായിരുന്നില്ല. ചരിത്രശൂന്യമായ കേവലസ്ഥലങ്ങളായി ഭൂമി മനുഷ്യ
വംശത്തിന്റെ ധാരണയിലേക്ക് കടന്നുകയറി. ഭൂപടങ്ങളിലും നഗരനിര്‍മ്മാണത്തിന്റെ രൂപരേഖകളിലും ഭൂമിയുടെ ആധാരങ്ങളിലും സ്ഥലം ചരിത്രനിരപേക്ഷവും അനുഭവശൂന്യവുമായി പരന്നുകിടന്നു. ആധുനികത ജന്മം നല്കിയ ഏകമാനമായ ശൂന്യകാലത്തിലെന്നപോലെ അതിന്റെ സ്ഥലഭാവനയിലും അനുഭവശൂന്യമായ നിശ്ശബ്ദമേഖലകള്‍ നിറഞ്ഞുനിന്നിരുന്നു. അവിടെ സ്ഥലവും കാലവും പരസ്പരം പിളര്‍ന്നു മാറി. സ്ഥലം ഭൂമിശാസ്ത്രത്തിന്റെയും ഭൂവിജ്ഞാനീയത്തിന്റെയും വിഷയമായി. കാലബന്ധങ്ങള്‍ ചരിത്രമായി. ചരിത്രം അരങ്ങേറുന്ന രംഗശാല മാത്രമായി സ്ഥലം. ആധുനികകാലത്തെ നിരവധി വിപരീതദ്വന്ദ്വങ്ങളിലൊന്നായി സ്ഥലവും കാലവും മനുഷ്യവംശത്തിന്റെ ബോധത്തില്‍ ഇടംപിടിക്കുകയും ചെയ്തു.

ഈ സ്ഥലഭാവനയ്‌ക്കെതിരായ വലിയ സമരമുഖമായിരുന്നു ഹെന്റി ലെഫെവ്ര്. സമകാലികലോകത്തിന്റെ സ്ഥലഭാവനയെയും സ്ഥലവിചിന്തനത്തെയും മാറ്റിപ്പണിത ഫ്രഞ്ച് ചിന്തകന്. സ്ഥലം എന്ന കേവലസങ്കല്പത്തെ അദ്ദേഹം അഴിച്ചു കാണിച്ചു. അതില്‍ സന്നിഹിതമായ നാനാതരം സാമൂഹികബലങ്ങളെയും വിഭാവനക്രമങ്ങളെയും അനാവരണം ചെയ്തു. 1974-ല്‍ പ്രസിദ്ധീകൃതമായ സ്ഥലത്തിന്റെ നിര്‍മ്മിതി എന്ന ലെഫെവ്ര്‌ന്റെ ഗ്രന്ഥം ആധുനികത ജന്മം നല്കിയ കേവലസ്ഥലം എന്ന ആശയത്തെ താത്ത്വികമായി നിര്‍മ്മാര്‍ജ്ജനം ചെയ്തു എന്നുതന്നെ പറയാം. മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം ഏതു സ്ഥലവും സാമൂഹികമാണെന്ന വീക്ഷണമാണ് അദ്ദേഹം ഉറപ്പിച്ചെടുത്തത്. സാമൂഹികജീവിതത്തിന്റെ രൂപകമാണ്, ഏതു സ്ഥലവും. അമൂര്‍ത്തമായ സ്ഥലരൂപങ്ങള്‍ എന്നതിനെക്കാള്‍ ആപേക്ഷികബന്ധങ്ങളുടെ പാര്‍പ്പിടങ്ങളാണവ. വീട്, വിദ്യാലയം, ദേവാലയം, ശ്മശാനം, പണയിടം, കളിയിടം… എല്ലാം സാമൂഹികമായി നിര്‍മ്മിക്കപ്പെട്ടവയാണ്. കടമകളുടെയും ഉത്തരവാദിത്വങ്ങളുടെയും വിലക്കുകളുടെയും സ്‌നേഹാഭിമുഖ്യങ്ങളുടെയും ജീവിതത്തിന്റെയും മരണത്തിന്റെയും സങ്കീര്‍ണ്ണബന്ധങ്ങള്‍ ഓരോ സ്ഥലത്തിലും സന്നിഹിതമായിരിക്കുന്നു. അധികാരബന്ധങ്ങളും മേല്‍കീഴ് വ്യവസ്ഥകളും പ്രത്യയശാസ്ത്രവും എല്ലാം മൂര്‍ത്തത കൈവരിക്കുന്നതവിടെയാണ്. അത്തരം സ്ഥലങ്ങളിലാണ് നാം മാനുഷികമായി ജീവിക്കുന്നത്.

പുസ്തകം  ബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

കെ ആര്‍ മീരയുടെ ഡിസി ബുക്‌സ്  പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

സുനില്‍ പി ഇളയിടത്തിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.