DCBOOKS
Malayalam News Literature Website

അടുക്കളവാതില്‍: ശ്രീകണ്ഠന്‍ കരിക്കകം എഴുതിയ കഥ

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

വര: സുനില്‍ അശോകപുരം

ഒന്നോര്‍ത്താല്‍, ചിലപ്പോഴെങ്കിലും ഇങ്ങനെ ചില പ്രശ്‌നങ്ങള്‍ നില്‍ക്കുന്നത് നമുക്കെത്ര വലിയ അനുഗ്രഹമാണ്!

നീണ്ട മുപ്പത് വർഷം ആരാലും തിരിഞ്ഞു നോക്കാതെ കിടന്ന പുരയിടം അമ്മയുടെ മരണശേഷമാണ് അച്ഛൻ എന്റെ പേരിലേക്ക് എഴുതിത്തന്നത്.

വസ്തു അളന്ന് തിട്ടപ്പെടുത്താൻ വന്ന ചാരുമ്മൂട്ടിൽ ഈപ്പൻ എന്ന റിട്ടേർഡ് സർവ്വേയർ എത്ര അളന്ന് മറിച്ചിട്ടും ഭൂമി നാലര സെൻ്റിനപ്പുറം കൂടിയില്ല. അയൽപക്കത്തെ മൂന്ന് മതിലുകൾ രണ്ടു പേർക്കിരിക്കാവുന്ന ഒരു സീറ്റിൽ കാലും കവച്ച് ഒറ്റയ്ക്കിരിക്കുന്ന ഒരു യാത്രക്കാരനെപ്പോലെ എന്റെ അര സെന്റ് കൂടി വിഴുങ്ങിനിന്നു.

”ആന്താനും കൂന്താനും ഇല്ലെങ്കില്‍ ഇങ്ങനെയൊക്കെയിരിക്കും”

മണ്ഡരി പിടിച്ച തെങ്ങുകളില്‍ ഒന്ന് കാറി ചുമച്ചു കൊണ്ട് അന്നേരം പറഞ്ഞു.

”വലിച്ചു നീട്ടാന്‍ ഗോപാ…ഇത് ടാറും റബറുമൊന്നുമല്ലല്ലോ… പോയത് പോയി. ഇനി നീ ഉള്ളതില്‍ സമാധനപ്പെടുക” Pachakuthira Digital Editionഈപ്പന്‍ ചങ്ങലക്കണ്ണികള്‍ കിലുങ്ങുന്നതു പോലെ ചിരിച്ചു. എന്തായാലും അക്കാര്യം പറഞ്ഞു കൊണ്ട് ഞാന്‍ ആരോടും വഴക്കിനോ വക്കാണത്തിനോ പോയില്ല. ഭാര്യയുടെ സ്വത്തും വകയുമെല്ലാം ഒടുക്കംവരേയും അവഗണിച്ച ഒരു കുലപുരുഷന്റെ ആത്മസംതൃപ്തിയോടെ അച്ഛന്‍ ജീവിച്ച് മരിക്കുകയും ചെയ്തു.

അങ്ങനെ ശേഷിച്ച നാലേകാല്‍ സെന്റില്‍ പതിനൊന്ന് വര്‍ഷം മുന്‍പ് ഞാന്‍ എണ്ണൂറ് ചതുരശ്രയടിയുള്ള ഒരു വീടുവച്ചു. അസ്ഥിവാരത്തിന് കോണ്‍ക്രീറ്റ് ബെല്‍റ്റിട്ട് ബലം കൊടുത്തു. തോവാളയില്‍ നിന്നും ചുടുകല്ലിറക്കി ചുമരുകള്‍ കെട്ടി. എന്നിട്ടൊന്നും രണ്ടാം നില ഉയര്‍ന്നില്ല.

തീപ്പെട്ടിക്കൂട് പോലുള്ള മൂന്ന് കുഞ്ഞ് മുറികള്‍. വിശപ്പ് പോലെ നീണ്ടൊരു ഡൈനിംങ് ഹാള്‍, ഉണ്ണി വയറുള്ളൊരു അടുക്കള, അതിഥികള്‍ വരരുതേ എന്ന് ചുണ്ടിനു മേല്‍ പ്രാര്‍ത്ഥിക്കുന്ന ഒരു ഇടുങ്ങിയ സിറ്റൗട്ട്.

‘സമാധാനം’ എന്നര്‍ത്ഥം വരുന്നൊരു വീട്ടുപേര് തപ്പി ഞാന്‍ ഏറെനാള്‍ നടന്നു. ധന്യയുടെ വകയായി ഭദ്രാസനം, താമ്രപര്‍ണി, സൗപര്‍ണിക’ തുടങ്ങിയ പേരുകള്‍ അവസാന റൗണ്ട് വരെ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ ‘ഋതു’ എന്ന ചെറിയ പേരില്‍ ഞാനതങ്ങ് ഒതുക്കി. ‘ഋ’ എന്ന അക്ഷരത്തോടുള്ള പ്രിയവും അതിനു പിന്നിലുണ്ടായിരുന്നു. ചുമരില്‍ ഞാന്‍ ആ പേര് ഒരു മാര്‍ബിള്‍ ഫലകത്തില്‍ കൊത്തിവച്ചു. വിലാസവും എഴുതിച്ചേര്‍ത്തു. എന്തുകൊണ്ടോ, നാലഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ അതൊന്നും വേണ്ടായിരുന്നെന്ന് എനിക്ക് തോന്നി. അതു മാത്രമല്ല, കാറ് കയറ്റിയിടാന്‍ വലിപ്പത്തില്‍ പണിത ഗേറ്റും ഏ.സി.ക്കും വാട്ടര്‍ ഹീറ്ററിനുമെല്ലാം ചെയ്ത ഇലക്ട്രിക് പോയിന്റുകളെല്ലാം അനാവശ്യങ്ങളായിരുന്നെന്ന് തോന്നുകയും ചെയ്തു.അതൊക്കെ അങ്ങനെ നോക്കിയിരിക്കെ, ഇപ്പോഴും ഞാന്‍ ചിലപ്പോള്‍ ധന്യയോട് പറയാറുണ്ട്:

”ധനനഷ്ടം എന്ന് പിന്നീട് തോന്നുന്ന ഒരുപാട് എടുത്തു ചാട്ടങ്ങളുടെയും ബാധ്യതകളുടെയും ശേഷിപ്പ് കൂടിയാണ് മനഷ്യന്‍ പണിയുന്ന ഓരോ വീടുകളും.”

പൂര്‍ണ്ണരൂപം 2023 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.