DCBOOKS
Malayalam News Literature Website

വെളുത്ത നിറമുള്ള മയക്കം; പി.എഫ് മാത്യൂസ് എഴുതിയ കഥ

കഥ-പി.എഫ് മാത്യൂസ്

വര: സുനില്‍ അശോകപുരം

”ഇനിയൊരിക്കലും എമ്മയെ ഞാന്‍ കാണാന്‍ പോകുന്നില്ല. മനുഷ്യന് മാഞ്ഞുപോകാന്‍ ഏറ്റവും അനുയോജ്യം മഹാനഗരങ്ങളാണ്.”

നെടുമ്പാശ്ശേരിയില്‍ നിന്ന് അബുദാബി വിമാനത്താവളത്തിലെത്തിയപ്പോള്‍ പാതിരാത്രി. അവിടെ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള വിമാനം ഉടനേയില്ലെന്ന അറിയിപ്പും സൗജന്യ പ്രാതലിനുള്ള കൂപ്പണും ഒരുമിച്ചെത്തി. ഇനി ഉറങ്ങാനാകില്ലെന്നു മനസ്സു കല്‍പ്പിച്ചാല്‍പ്പിന്നെ പോംവഴികളില്ല. നാടുവിട്ടുള്ള ആദ്യ യാത്രയുടെ പരിഭ്രമവുമുണ്ട്. കൂടെയുണ്ടായിരുന്ന നരച്ച മീശക്കാരനും അയാളുടെ പിന്നിലൂടെ മാത്രം നടന്നിരുന്ന ഭാര്യയും അസമയത്തു തന്നെ പ്രാതലു കഴിക്കാന്‍ തീരുമാനിച്ചതിനാല്‍ ചിത്തനും അവരോടൊപ്പം ചേര്‍ന്നു. ശീലിക്കാത്ത ആഹാരം വിളമ്പുന്ന ഇടങ്ങളില്‍ ബ്രൗണ്‍ ബ്രെഡും കോഫിയും കൊണ്ടു രക്ഷപ്പെടാറാണ് പതിവ്. തണുത്തു മരവിച്ച സാന്റ്‌വിച്ചും കട്ടിയുള്ള കോഫിയും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍, തേങ്ങാച്ചമ്മന്തിയില്‍ കുതിര്‍ന്ന ആയിരം സുഷിരങ്ങളുള്ള ദോശയും ഫില്‍റ്റര്‍ കോഫിയും തിളങ്ങുന്ന പുഞ്ചിരിയും വിളമ്പിവച്ച വീട്ടിലെ പ്രാതല്‍ മേശയാണ് മനസ്സില്‍. ഇതൊരു ശാപമാണ്. എവിടെ ചെന്നാലും മനസ്സ് അവിടെയുണ്ടാകില്ല.

”ഇങ്ങനെ എപ്പഴും പഴേ കാര്യം തന്നെ ആലോചിച്ചോണ്ടിരിക്കണോര് യാത്ര ചെയ്യേണ്ട കാര്യമില്ല ചിത്താ…” നളിനി പറയാറുണ്ട്.

”എഴുത്തുകാരുടെ മനസ്സ് അങ്ങനെയാകാതെ തരമില്ലമ്മേ…”

”വിഡ്ഢിത്തം പറയാതെ…അവനവനിലും പഴേതിലുമൊക്കെ മുഴുകിയവരെങ്ങനാടാ പുതിയതെന്തെങ്കിലും എഴുതണേ…”

നളിനിക്കുള്ള ചിത്തന്റെ മറുപടി പലപ്പോഴും പുച്ഛവും പരിഹാസവും കലര്‍ന്ന ചിരികള്‍ മാത്രമായിരിക്കും.

ചുണ്ടുകള്‍ പരിഹാസത്തോടെ ചിരിക്കുന്നത് പലപ്പോഴും നമ്മുടെ അറിവോടെയായിരിക്കില്ല. ആ ചിരി കണ്ടിട്ടാവണം നരച്ച മീശക്കാരന്‍ രൂക്ഷമായി ചിത്തനെ നോക്കി. വിദേശ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണയാള്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പഴംപൊരിയും ചായയും കഴിച്ചുകൊണ്ട് ഏറെനേരം സംസാരിച്ചിരുന്നു. എഴുപതുകളിലവസാനിച്ച തറവാട്ടു കഥകളും അവയുടെ ശേഷിപ്പുമാണ് ഇപ്പോഴും വായിക്കാറുള്ളതെന്നു പറഞ്ഞു. അതിനു ശേഷം വന്ന തലമുറകളേക്കുറിച്ചു വലിയ ധാരണയുള്ളതായി തോന്നിയില്ല.

”ജീവിതാനുഭവം വേണം….പിന്നെ സിദ്ധി…അത്രയൊക്കെ മതി.” അയാള്‍ പറഞ്ഞു.

പിന്നീട് അവരുടെ മാധ്യമം മൗനമായിരുന്നു. രണ്ടാഴ്ചയാണ് വിദേശ മലയാളി എഴുത്തുകാരുടെ ഇടയില്‍ ചെലവഴിക്കേണ്ടത്. യാത്ര പറഞ്ഞപ്പോള്‍ കവിതയെഴുതുന്ന കൂട്ടുകാരി ചിത്തനോടു പറഞ്ഞു.

”അവിടത്തെ മലയാളിക്കൂട്ടങ്ങളില്‍ നേരം കളയരുത്…സ്മാരകങ്ങളും നയാഗ്രക്കാഴ്ചകളും ഒഴിവാക്കണം…ആ മണ്ണില്‍ പിറന്നവരുമായി എടപഴകിയാ മതി….കഴിയുമെങ്കില്‍ കറമ്പികളേയും മദാമ്മമാരേയും വേട്ടയാടാന്‍ നോക്ക്, ലൈംഗികദാരിദ്ര്യമെങ്കിലും തീര്‍ന്നുകിട്ടും. പിന്നെ…ഇന്ത്യന്‍ ആണത്തം കാണിച്ചാളാകരുതെന്നു മാത്രം…”

ഇത്തവണ ഉള്ളിലൂറിയ ചിരിയടക്കി മീശക്കാരനെ നോക്കിയപ്പോള്‍ തുറിച്ചുനോട്ടം അതേപടി മുഖത്തുണ്ട്. അബുദാബിയില് നിന്നുള്ള യാത്രയില്‍ അവരുടെ സീറ്റ് അടുത്തായിരുന്നില്ല. മധ്യവയസ്‌ക്കയെങ്കിലും സുന്ദരിയായ ഒരു മദാമ്മയായിരുന്നു അരികില്‍. യാത്രയ്ക്കിടയില്‍ തീര്‍ക്കാമെന്നു വിചാരിച്ച രണ്ടു നോവലുകളും വായിക്കാനായില്ല. സാലിംഗറുടെ ‘ക്യാച്ചര്‍ ഇന്‍ ദ റൈയും’ തേജുകോളിന്റെ ‘ ഓപ്പണ്‍സിറ്റി ‘യും രണ്ടോമൂന്നോ പുറം മാറി
മാറി വായിച്ചപ്പോള്‍ മടുപ്പായി. രണ്ടിലേയും നായകന്‍മാര്‍ ന്യൂയോര്‍ക്കിലൂടെ ധാരാളം നടക്കുന്നുണ്ടെന്ന ഒരൊറ്റക്കാരണത്താലാണ് എടുത്തത്. അതുകണ്ടിരുന്നെങ്കില്‍ നീയെന്തിനാ കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നത് സ്വസ്ഥമായി വീട്ടിലിരുന്ന് ഇതൊക്കെ വായിച്ചാല്‍പ്പോരേ എന്ന് അമ്മ പറയുമായിരുന്നു. മുന്നിലെ ചെറുസ്‌ക്രീനില്‍ അനേകം ഭാഷകളിലുള്ള സിനിമകള്‍ വീട്ടിലെ ടിവിയിലെന്നതുപോലെ മാറിമാറി ഓടിച്ചുകൊണ്ടേയിരുന്നു. മദാമ്മയാണെങ്കില്‍ സംശയങ്ങളേതുമില്ലാതെ ഷാറൂഖ് ഖാന്റെ സിനിമകള്‍ ആവേശത്തോടെ കാണുകയും എയര്‍ഹോസ്റ്റസ് കടന്നുപോകുമ്പോഴെല്ലാം ക്ലബ്ബ് സോഡ വാങ്ങി കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്കിടക്ക് മനോഹരമായി പുഞ്ചിരിച്ച് എക്‌സ്‌ക്യൂസ്മീ…എന്നു മധുരമായി പറഞ്ഞ് മൂത്രപ്പുരയിലേക്കു പാഞ്ഞുപോകുകയും അതേ വേഗതയില്‍ തിരിച്ചുവരികയും ചെയ്തു.

നാലഞ്ചു സിനിമകള്‍ ആദിമധ്യാന്തങ്ങള്‍ നോക്കാതെ ഓടിച്ചവസാനിപ്പിച്ച് കാലിയായ സ്‌ക്രീനില്‍ നോക്കിയിരിക്കെ സമയബോധം തീര്‍ത്തും കൈവിട്ട ചിത്തന്‍ മടുപ്പിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞിരുന്നു. ഈ വിരസമായ യാത്ര ഒഴിവാക്കാനായി ലോകത്തിലെ ഏറ്റവും വലിയ സുഖം പോലും വേണ്ടെന്നുവയ്ക്കാന്‍ അയാള്‍ തയ്യാറായിരുന്നു. രണ്ടുകൈയ്യും തലയില്‍ വച്ചങ്ങനെ മടുപ്പിന്റെ കൊടുമുടിയിലിരിക്കുമ്പോഴാണ് തൊട്ടടുത്തു നിന്ന് ഏങ്ങിക്കരച്ചിലു കേട്ടത്. ഷാറുഖ്ഖാന്‍ മദാമ്മയെ കരയിക്കുമെന്നു കരുതിയതല്ല. ഖാന്‍സാബ് നിരപരാധിയാണെന്ന് സ്‌ക്രീനിലെ ഇരുട്ടു വെളിപ്പെടുത്തി. വിദേശപ്പെണ്ണായതിനാല്‍ ആണ്‍നോട്ടം മര്യാദയുടെ പരിധിവിടരുതെന്ന നിര്‍ബ്ബന്ധമുണ്ടായിരുന്നുവെങ്കിലും എന്തെങ്കിലും സംസാരിക്കേണ്ടതുണ്ടെന്നു തോന്നി. സാധാരണഗതിയില്‍ ഹോളിവുഡ് സിനിമകളില്‍ കീശയിലെ തേച്ചുമിനുസപ്പെടുത്തിയ വെള്ളത്തുവാല നീട്ടിയാണ് ആദ്യത്തെ ആണ്‍മുന്നേറ്റമുണ്ടാകുന്നത്. കീശയിലെ മുഖം തുടച്ചു ചുളുക്കു വീണ നീലക്കള്ളികളുള്ള തുവാല കൊടുക്കുന്നതെങ്ങനെ…തന്നെയുമല്ല അമേരിക്കന്‍ സിനിമാ രംഗങ്ങളെ മുഖവിലയ്‌ക്കെടുക്കാനുമാകില്ല. പെട്ടെന്ന് ആ സ്ത്രീ ചിത്തന്റെ കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിച്ച് പൊട്ടിപ്പൊട്ടിക്കരയാന്‍ തുടങ്ങി. പകപ്പോടെ നോക്കിയപ്പോള്‍ അവര്‍ അയാളോടു ക്ഷമ ചോദിച്ചു.

”അതു സാരമില്ല…എന്താ പ്രശ്‌നം…വിരോധമില്ലെങ്കില്‍പ്പറയാം….” ചിത്തന്‍ അവസരം ഉപയോഗിച്ചു.

”ഹിന്ദി അറിയാമോ…” അവര്‍ ചോദിച്ചു.
”ഇല്ല…ഇംഗ്ലീഷാകും നല്ലത്….”

അവര്‍ കുറേ നേരം ആലോചിച്ചിരുന്നശേഷം കൈനീട്ടിയിട്ടു പറഞ്ഞു.

”ഞാന്‍ എമ്മാ…”

”ഈ മരണത്തില്‍ ആരും കുറ്റക്കാരല്ല” എന്ന് എഴുതിവച്ചിട്ട് വിഷം കഴിച്ചു മരിച്ച ഫ്രഞ്ചുനോവലിലെ കഥാപാത്രമാണ് ചിത്തന്റെ മനസ്സില്‍ തെളിഞ്ഞത്.

”ചിത്താ….ജീവിതത്തേക്കാളധികം വായിച്ച പുസ്തകങ്ങളാണ് നിന്നെ ബാധിച്ചിട്ടുള്ളത്്” നളിനി.
”അതു നല്ലതല്ലേയമ്മേ…”

പൂര്‍ണ്ണരൂപം വായിക്കാന്‍ മാര്‍ച്ച്  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച്  ലക്കം ലഭ്യമാണ്‌

Comments are closed.