DCBOOKS
Malayalam News Literature Website

അതെ, ശരിക്കും അതെന്താണ്?

നവംബർ ലക്കം പച്ചക്കുതിരയില്‍

കഥ- സോക്രട്ടീസ് കെ. വാലത്ത്
വര: മറിയം ജാസ്മിന്‍

ബസ്സ്റ്റാന്റു മുതല്‍ പുഴവരെയുള്ള തന്റെ ഉടലാകെ കുറേ നാളുകള്‍ക്കു ശേഷം അന്നാദ്യമായി ഉണരുന്നത് അറിഞ്ഞുകൊണ്ട് കച്ചേരിറോഡ് പിറുപിറുത്തു: ”എന്റെ നെഞ്ചിലൂടെയാണ് അവര്‍ അങ്ങനെ നടന്നു പോയത്”.

കച്ചേരിപ്പടിയിലെ ബസ്സ്റ്റാന്റ്. അതിനോടു ചേര്‍ന്ന് നേരേ ഒരു വഴിയുണ്ട്. കച്ചേരിറോഡ് എന്നാണു പേര്. കഷ്ടിച്ച് അഞ്ഞൂറു മീറ്റര്‍ മാത്രം നീണ്ട് അത് ചെന്നെത്തുന്നത് പെരിയാറിന്റെ ഒരു കൈവഴിയുടെ അരികിലാണ്. അതില്‍ നിന്നും ഇടത്തേക്കും വലത്തേക്കും ഉള്ള റോഡുകളിലൂടെ പരിസരപ്രദേശങ്ങളിലേക്കു പോകാം. അതുകൊണ്ടിതന്നെ സ്റ്റാന്റില്‍ നിന്നും പുഴയോരത്തേക്കുള്ള ഈ വഴിയില്‍ ടൂവീലറുകളും കാറുകളും സൈക്കിളുകാരും കാല്‍നടക്കാരും ഒക്കെയായി നല്ല തിരക്കാണെപ്പോഴും.

pachakuthiraറോഡിനു സമാന്തരമായി പുഴയിലേക്ക് ഒരു തോട് പോകുന്നുണ്ട്. അതിപുരാതനമായ തോടാണത്. കച്ചേരിത്തോട് എന്നാണ് പണ്ടേ അതിനു പേര്. പണ്ട്പണ്ട് ജഡ്ജിയേമാന്‍മാരും കച്ചേരിയിലേക്കു വരുന്ന മറ്റു ഉദ്യോഗസ്ഥന്‍മാരും പ്രാഥമികാരോഗ്യകേന്ദ്രത്തിലെ അപ്പോത്തിക്കിരിയും ജീവനക്കാരും ഒക്കെ വള്ളങ്ങളിലും മറ്റും ഈ തോടിലുടെ സഞ്ചരിച്ചാണ് കച്ചേരിപ്പടിയിലെത്തിയിരുന്നത്.

റോഡിനും തോടിനും ഇടയിലെ ഇത്തിരി ഇടത്ത് സായാഹ്നങ്ങളില്‍ പല പല സര്‍ക്കാര്‍ലാവണങ്ങളില്‍ നിന്നും റിട്ടയര്‍ ചെയ്തിരുന്നവരുടെ ഒരു സംഘം സന്ധ്യ കഴിഞ്ഞ് ഏഴ് ഏഴര മണി വരെ വര്‍ത്തമാനം പറഞ്ഞിരിക്കുമായിരുന്നു. എല്ലാവരും അറുപതിനും എഴുപതിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു. പല പല രാഷ്ട്രീയ സാംസ്‌കാരിക ചിന്താഗതിക്കാരായിരുന്നു. അതു കൊണ്ടുതന്നെ അവര്‍ക്കിടയില്‍ തര്‍ക്കങ്ങളും പതിവായിരുന്നു. മൂക്കിപ്പൊടിയുടെ രൂക്ഷഗന്ധവും ഇടയ്ക്കിടെ പരിസരത്തെ ഞെട്ടിച്ചുള്ള തുമ്മലിന്റെ ഉഗ്രവിസ്‌ഫോടനങ്ങളും അവിടെ പതിവായിരുന്നു.

ഈ വൃദ്ധതലമുറയുടെ ഇളമുറക്കാര്‍ താവളമുറപ്പിച്ചിരുന്നത് കച്ചേരിത്തോടിനങ്ങേവശത്ത് ഇടറോഡി
നരികിലെ പുഷ്പന്റെ കടയുടെ മുന്നിലാണ്. നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളിലും മറ്റുമായി ഇരുന്നും കിടന്നും ഒക്കെ അവരും ചര്‍ച്ചയിലായിരിക്കും. സണ്ണിലിയോണും കോലിയും പോണ്‍സൈറ്റ് നിരോധനവും ഒക്കെയാണ് അവരുടെ ചര്‍ച്ചകളെ സദാ ചൂടാക്കി നിര്‍ത്തിയിരുന്നത്. സിഗററ്റിന്റെയും പാന്‍ മസാലയുടെയും മിശ്രഗന്ധം അവര്‍ക്കിടയില്‍ തിങ്ങി ശ്വാസംമുട്ടി നിന്നിരുന്നു.

രണ്ടു തലമുറയുടെയും ഈ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ഫാഷന്‍-ഫ്യൂഷന്‍ തരംഗ വിസ്മയങ്ങളത്രയും കണ്ടും കേട്ടും കച്ചേരിറോഡ് ബോറടിച്ച് വശം കെട്ട് കോട്ടുവായിടുമ്പോഴേക്കും പതിയെ ആദ്യം പിതാമഹരും പിന്നീട് മക്കള്‍തിലകങ്ങളും വഴിയോരം വെടിയും. നിശ്ശബ്ദത റോഡിലേക്ക് ഇഴഞ്ഞു കയറും. തെരുവു വിളക്കുകള്‍ മുഖം താഴ്ത്തി കച്ചേരിറോഡിനെ നോക്കി ചിരിക്കും. റോഡ് മെല്ലെ ഉറക്കം പിടിക്കും.

പൂര്‍ണ്ണരൂപം നവംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

Comments are closed.