DCBOOKS
Malayalam News Literature Website

എസ് ആർ ലാലിന്റെ ഏറ്റവും പുതിയ നോവൽ സ്റ്റാച്യു പി.ഒ

ജീവിതത്തെ അതിന്റെ യാഥാസ്ഥിതികവും നിയന്ത്രിതവുമായ പാതയിൽ നിന്നും സ്വതന്ത്രമാക്കാൻ ആഗ്രഹിച്ച ചിലരുടെ കഥയാണ് എസ്.ആർ. ലാലിന്റെ സ്റ്റാച്യു പി.ഒ. പങ്കുവയ്ക്കുന്നത്. പേരില്ലാത്ത രണ്ടു പേരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങൾ- അയാളും ഞാനും. തൊണ്ണൂറുകളുടെ ആദ്യപകുതിയിൽ ആരംഭിക്കുന്ന നോവൽ അതിനെത്തുടർന്നുള്ള രണ്ടുപതിറ്റാണ്ടു കാലത്തിലൂടെ സഞ്ചരിക്കുന്നു. ആത്മകഥാഖ്യാനത്തിന്റെ എഴുത്തുരീതിയാണ് നോവലിസ്റ്റ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. നോവലിൽ എത്രമാത്രമാണ് യാഥാർഥ്യം എത്രമാത്രമുണ്ട് ഭാവന എന്നതിനെ വേർതിരിച്ചെടുക്കാൻ കഴിയാത്തവിധം ചേർത്തുവച്ചിരിക്കുന്നതിന്റെ മനോഹാരിതയാണ് നോവലിന്റെ എടുത്തപറയത്തക്ക പ്രത്യേകത.

തിരുവനന്തപുരം നഗരത്തിന്റെ സാംസ്‌കാരിക കൂട്ടായ്മകളും ലോഡ്ജുകളിലെ ജീവിതവുമെല്ലാമാണ് നോവലിനെ വ്യത്യസ്തമാക്കുന്നത്. ലോഡ്ജുകളിലെ ഒരുകാലത്തെ സാംസ്‌കാരിക തുടിപ്പുകൾ നോവലിലെ ഏറെ തെളിച്ചമുള്ള ഭാഗമാണ്. ലോഡ്ജുകളുടെ ഭാഗമായിരുന്ന നിരവധി സാംസ്‌കാരിക പ്രവർത്തകർ നോവലിൽ കടന്നുവരുന്നുണ്ട്.

പി.കെ. ബാലകൃഷ്ണൻ, കാവാലം, നരേന്ദ്രപ്രസാദ്, കെ.ജി. ശങ്കരപ്പിള്ള, കെ.എൻ. ഷാജി, അയ്യപ്പപ്പണിക്കർ തുടങ്ങി എത്രയോപേർ. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിൽ മാറ്റങ്ങൾക്ക് വഴിതെളിച്ച പല സംഭവങ്ങളും സ്പർശിച്ചുപോകുന്നുണ്ട്. മിക്ക കാര്യങ്ങളും മുഖ്യകഥാതന്തുവുമായി ബന്ധപ്പെട്ടുപോകുന്നുമുണ്ട്. നോവലിലെ ‘ഞാൻ’ എഴുതുന്ന ‘ലോഡ്ജുകൾക്കിടയൽ ഞങ്ങളുടെ ജീവിതം’ എന്ന അധ്യായം തിരുവനന്തുപരത്തിന്റെ ഒരുകാലത്തെ ലോഡ്ജുകളുടെ സുവർണകാലത്തെക്കുറിച്ച് പറയുന്നുണ്ട്. പ്രശസ്തലോഡ്ജുകളായ അശോകയും സി.പി. സത്രവും കാർത്തികയും ഖദീജാമൻസിലുമെല്ലാം അതിൽ കടന്നുവരുന്നു.

”ഓർമയും മറവിയും ചേർന്നെഴുതുന്ന മായാജാലമാണ് ജീവിതം. ഇരുട്ടും വെളിച്ചവും ചേർന്നുണ്ടാകുന്ന ചലച്ചിത്രംപോലെ.” എന്ന് നോവലിസ്റ്റ് അവസാനം പറയുന്നുണ്ട്. ഒരു നഗരത്തിന്റെ ഓർമയും മറവിയുമാണ് സ്റ്റാച്യു പി.ഒ. വായനക്കാനുമുന്നിൽ വയ്ക്കുന്നതും. മറന്നുപോയേക്കാവുന്ന ചില ഓർമകളുടെ വീണ്ടെടുപ്പുകൂടിയാകുന്നുണ്ട് ഈ നോവൽ.

Comments are closed.