DCBOOKS
Malayalam News Literature Website

എസ്.ആര്‍.ലാലിന്റെ ‘സ്റ്റാച്യു പി.ഒ.’ നോവലിന് എം.എന്‍. രാജന്‍ എഴുതിയ ആസ്വാദനക്കുറിപ്പ്

എസ്.ആര്‍.ലാലിന്റെസ്റ്റാച്യു പി.ഒ.’ നോവലിന് എം.എന്‍. രാജന്‍ എഴുതിയ ആസ്വാദനക്കുറിപ്പ്…

നഗരങ്ങള്‍ മനുഷ്യസൃഷ്ടിയാണ്. ആവശ്യങ്ങളുടെയും ആര്‍ത്തികളുടെയും സുഖസൗകര്യങ്ങളുടെയും ഭൗതികമായ ആവാസവ്യവസ്ഥയാണ് നഗരങ്ങള്‍. മറ്റിടങ്ങളിലെ ആളുകളെ വിസ്മയിപ്പിക്കുകയും കൊതിപ്പിക്കുകയും എത്തിപ്പെടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആകര്‍ഷണീയത നഗരങ്ങള്‍ക്കുണ്ട്. അതിന്റെ വളര്‍ച്ച പലപ്പോഴും അമ്പരപ്പിക്കുന്ന വേഗത്തിലാകും. അവഗണിക്കപ്പെട്ട ഇടങ്ങളൊക്കെ തന്നിലേക്കു ചേര്‍ത്തുകൊണ്ട് അത് വളരും. ആ വളര്‍ച്ചയില്‍ സ്ഥലവും അതിനെ മുന്‍നിര്‍ത്തിയുള്ള ഓര്‍മ്മകളുംഅനുഭവങ്ങളും നിരന്തരം പരിണമിച്ചു കൊണ്ടിരിക്കും. പഴയ പലതും ഓര്‍മ്മകളില്‍ മാത്രം അടയാളപ്പെട്ടു കിടക്കും. ആ ഓര്‍മ്മകള്‍ക്ക് തെളിവുകണ്ടെത്താന്‍ പിന്നീട് തീര്‍ത്തും അസാധ്യമായ വിധത്തില്‍ പഴയ സ്ഥലത്തിന്റെ സ്വരൂപ സ്വഭാവങ്ങളെയാകെ ഉഴുതുമറിച്ചുകൊണ്ടാണ് നഗരങ്ങള്‍ പരപ്പിലും ഉയരത്തിലും വളരുന്നത്. അതോടെ സ്ഥലപ്പേരുകള്‍, കെട്ടിടങ്ങള്‍, ചേരികള്‍, കൂട്ടായ്മകള്‍, ഭൂതകാലത്തിലെ ഒരു വര്‍ത്തമാനകാലത്ത് സജീവമായിരുന്ന സംവാദങ്ങള്‍ തീക്ഷ്ണമായ ജീവിതങ്ങള്‍ ഒക്കെ ചിലരുടെ ഓര്‍മ്മകളിലേക്കു കുടിയേറും. കുടിയേറിയ ഓര്‍മ്മകള്‍ താവളം നഷ്ടപ്പെടുന്നതോടെ എന്നെന്നേക്കുമായി ഇല്ലാതാകും. ഈ ദുരന്തം എല്ലാ നഗരങ്ങളുടെയും പിന്നിലുണ്ട്.

പലപ്പോഴായി ചേക്കേറിയവരുടെ ആവാസഭൂമിയാണ് നഗരങ്ങള്‍. അവിടെ പാര്‍ക്കുന്നവരേറെയും അവിടത്തുകാരവണമെന്നില്ല. പലതരം ആവശ്യങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വിധേയരായി സ്വന്തം നാടുപേക്ഷിച്ചു പോരുന്നവര്‍ക്ക്, വിട്ടുപോന്ന ഇടങ്ങളെക്കുറിച്ച് ഗൃഹാതുരതയുടെ സ്വപ്നങ്ങള്‍ നെയ്യാന്‍ നഗരങ്ങള്‍ പ്രേരണ നല്കുന്നുണ്ട്. സ്വന്തം നാടിനെക്കുറിച്ച് സ്വപ്നക്കൂടുകള്‍ പണിയുന്ന ഗൃഹാതുരരായ പ്രവാസികളാണ് നഗരവാസികളിലേറെയും. ജീവിതച്ചരടുകള്‍ നഗരത്തില്‍ കെട്ടിയിടുമ്പോഴും മനസ്സുനിറയെ വിട്ടുപോന്ന നാടിനെയോര്‍ത്തു കഴിയുന്നവരാണ് എന്നതിനാല്‍ നഗരവാസികളുടെ വൈകാരിക ലോകത്ത് നഗരങ്ങള്‍ക്ക് അധികം സ്ഥാനമുണ്ടാകാറില്ല. എന്നാല്‍, നഗരത്തില്‍ വന്നതുമുതല്‍ ഒന്നൊന്നര ദശകക്കാലം, വളരുകയും പടരുകയും ചെയ്യുന്ന നഗരത്തിന്റെ ഭാഗമായി മാറിയ ഒരു യുവാവിന്റെ ഓര്‍മ്മകളുടെ ചരിത്രപ്പെടുത്തലാണ് ശ്രീ. എസ്.ആര്‍.ലാലിന്റെസ്റ്റാച്യു പി.ഒ.’ എന്ന നോവല്‍.

ഇത് തിരുവനന്തപുരം നഗരത്തിന്റെ നോവലാണ്. നഗരത്തിന്റെ മാത്രമല്ല, അവിടെ ജീവിച്ച ഒരുപിടി മനുഷ്യരുടെ, അവരുടെ അനുഭവങ്ങളുടെ, അതിലൂടെ സൂചിതമാകുന്ന ജീവിതസമസ്യകളുടെ, പഴയ പലതരം കൂട്ടായ്മകളുടെ, സര്‍ഗ്ഗ സംവാദങ്ങളുടെ, പലതരം ആനുകാലികങ്ങളുടെ, സ്ഥലങ്ങളുടെ ഒക്കെ നോവലാണിത്. ഈ നോവലിലുടനീളം സൂചകമായി നില്ക്കുന്ന പ്രധാന കഥാപാത്രമാണ് സ്റ്റാച്യു ലോഡ്ജ്. എല്ലാ നഗരങ്ങളുടെയും ഇരമ്പുന്ന വര്‍ത്തമാനകാലത്തേക്കുള്ള പരിണാമത്തിന്റെ സവിശേഷമായ ഒരു ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നവയാണ് ലോഡ്ജുകള്‍. നിരത്തിലേക്കു പാര്‍പ്പിനായി വരുന്നവരെയെല്ലാം അവരുടെ കഴിവിനും സാധ്യതയ്ക്കുമനുസരിച്ച് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ ഇടമാണ് ലോഡ്ജുകള്‍. ലോഡ്ജുകളില്‍നിന്നാണ് ഉദ്യോഗങ്ങളിലേക്കും അധികാരത്തിലേക്കും സ്വന്തം വീടുകളിലേക്കും പിന്നെപ്പിന്നെ ഫ്‌ളാറ്റുകളിലേക്കും നഗരത്തിലെത്തിയവര്‍ വളര്‍ന്നത്. നഗരവാസികളില്‍ മിക്കവരുടെയും വളര്‍ച്ചയിലെ ഇടത്താവളമായിരുന്നു ലോഡ്ജുകള്‍. നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുമ്പോള്‍ ഓര്‍മ്മകളെ മൂര്‍ച്ചപ്പെടുത്തുന്ന ഒരു പ്രതീകമായി ഇതില്‍ സ്റ്റാച്യു ലോഡ്ജ് ഉയര്‍ന്നു നില്ക്കുന്നു.

ജേണലിസം പഠിക്കാനായി ആലപ്പുഴനിന്ന് 1990കളുടെ തുടക്കത്തില്‍ തിരുവനന്തപുരത്തെത്തുന്ന ഒരു യുവാവിന്റെ പില്ക്കാലാനുഭവങ്ങളിലുടെ ഇതള്‍ വിരിയുന്ന നോവലാണിത്. കഥാകൃത്താകാന്‍ മോഹിക്കുന്ന അയാള്‍ താന്‍ താമസിക്കുന്ന ലോഡ്ജിന്റെ ഭാഗമായി മാറി. ആദ്യദിവസം തനിക്കു താമസിക്കാന്‍ ഇടംതന്ന അപരിചിതനായ ഒരു മനുഷ്യനിലേക്ക് ഈ യുവാവിന്റെ ഓര്‍മ്മകള്‍ കേന്ദ്രീകരിക്കുന്നു. വര്‍ഷങ്ങളുടെ പരിചയമുണ്ടായിട്ടും പിടികിട്ടാത്ത പ്രഹേളികയായി അയാള്‍ ആഖ്യാതാവിനു മുന്നില്‍ വളരുന്നു. സെക്രട്ടേറിയറ്റില്‍ ജോലിയും നഗരപരിസരത്ത് സ്വന്തം വീടുമുണ്ടായിട്ടും തന്നിലെ എഴുത്തുമോഹം എന്ന പോലെ സ്റ്റാച്യു ലോഡ്ജും ആഖ്യാതാവിന് വിട്ടൊഴിയാനാകുന്നില്ല. ഒഴിയാന്‍ ശ്രമിക്കുന്തോറും പലപ്പോഴും ആ പാര്‍പ്പിടം അയാളിലേക്കാകര്‍ഷിക്കുന്നു. ഒരു ഘട്ടത്തില്‍ അതിന്റെ നടത്തിപ്പുകാരനായും അയാള്‍ വേഷമിടുന്നു. ഇതിനിടയില്‍ തന്റെ ആ നിഗൂഢനായ പരിചയക്കാരന്‍ ആഖ്യാതാവിന്റെ ചിന്തയെയും ജീവിതത്തെയും സൂക്ഷ്മമായി സ്വാധീനിച്ചുകൊണ്ടിരുന്നു. വീടുവിട്ട്, സുഖസൗകര്യങ്ങള്‍ വെടിഞ്ഞ്, ജോലി ഉപേക്ഷിച്ച്, ബന്ധുത്വത്തെ അകറ്റിനിര്‍ത്തി, വിവര്‍ത്തകനായി, ഒടുവില്‍ സ്വയം ഭ്രാന്തനായി, ഭക്ഷണമുപേക്ഷിച്ച് ഒരുതരം ആത്മഹത്യയിലൂടെ പ്രഹേളികാപുരുഷനായി അയാള്‍ നോവലില്‍ നിറയുന്നു.

ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്ന് അയാള്‍ സ്വയം ചോദിച്ചിരിക്കാവുന്ന ചോദ്യം നമുക്കു മുന്നിലുയര്‍ത്തിക്കൊണ്ടാണ് അയാള്‍ മരിച്ചത്. അതൊരു വ്യര്‍ത്ഥജന്മമായിരുന്നോ? വ്യക്തമല്ല. ഒടുവില്‍ സ്റ്റാച്യു ലോഡ്ജിനും അനിവാര്യമായ അന്ത്യമായി. അമേരിക്കയില്‍ താമസക്കാരനായ ആളിലേക്ക് ഉടമസ്ഥത ചെന്നതോടെ അയാള്‍ ലോഡ്ജ് ഫ്‌ളാറ്റു കമ്പനിക്ക് വിറ്റു. കുറെക്കാലത്തിനുശേഷം, ലോഡ്ജിരുന്ന സ്ഥലത്തേക്ക് പോകേണ്ടി വന്ന ആഖ്യാതാവിന് അവിടെ ഉയര്‍ന്നുനില്ക്കുന്ന ഫ്‌ളാറ്റിനു മുന്നില്‍ അതിന്റെ അടയാളങ്ങളൊന്നും കാണാനായില്ല. സ്ഥലത്തിന്റെ ഘടനയോടൊപ്പം അതിന്റെ ഓര്‍മ്മകളും ചരിത്രവും നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷേ, ഫ്‌ളാറ്റിനടിയിലേക്ക് നഷ്ടപ്പെട്ട ആ ലോഡ്ജിന്റെ ചരിത്രത്തെ ആഖ്യാതാവിന്റെ ഓര്‍മ്മകള്‍ വീണ്ടെടുക്കുന്നു. അതാണ് ഈ നോവല്‍. അതുകൊണ്ട്, ഈ കൃതി ഓര്‍മ്മകളുടെയും (ഓര്‍മ്മപ്പെടുത്തലിന്റെയും) ചരിത്രത്തിന്റെയും (ചരിത്രപ്പെടുത്തലിന്റെയും) നഗരത്തിന്റെയും നഗരവത്കരണത്തിന്റെയും കൂടി കഥയാണ്.

ഇതില്‍ ആഖ്യാതാവിനും അയാളിലൂടെ അവതരിപ്പിക്കപ്പെടുന്ന വ്യക്തിക്കും പേരുകളില്ല. ഞാനും അവനും അയാളുമായി അവര്‍ നോവലില്‍ ജീവിക്കുന്നു. ഇതിലെ മറ്റു കഥാപാത്രങ്ങള്‍ക്ക് പേരുകളുണ്ട്. തിരുവനന്തപുരവുമായി ബന്ധമുള്ളവര്‍ക്കെല്ലാം അവരെ അറിയുകയും ചെയ്യാം. ചിലപ്പോള്‍ ഇതിലെ ചില വ്യക്തികള്‍ക്കൊപ്പം, സ്ഥലത്തിനൊപ്പം, സംഭവത്തിനൊപ്പം അഥവാ ചരിത്രത്തിനൊപ്പം ഞാനുമുണ്ടായിരുന്നു എന്ന് വായനക്കാര്‍ക്ക് തോന്നാം. ചില സംഭവങ്ങളുടെ ഓരംചേര്‍ന്ന് താനും അന്നുണ്ടായിരുന്നുവെന്നും ഇതിലെ പലരും തന്റെ കൂടി പരിചയക്കാരനാണ് എന്നും ഇതിലെ ലോഡ്ജില്‍ അഥവാ അത്തരമൊന്നില്‍ താനും താമസിച്ചിട്ടുണ്ടെന്നും തോന്നിക്കുന്ന യാഥാര്‍ത്ഥ്യബോധത്തിലേക്ക്, ഓര്‍മ്മയുടെ പച്ചപ്പിലേക്ക് ഈ കൃതി വായനക്കാരെ കൂട്ടുന്നുണ്ട്. കാരണം ഇതിലെ സ്ഥലവും കാലവും സംഭവങ്ങളും അവരുടെകൂടി അനുഭവങ്ങളുടെ ഭാഗമാണ്. വായനക്കാരെ എഴുത്തിനുള്ളിലെ ചരിത്രത്തോട് വൈകാരികമായി ചേര്‍ത്തു നിര്‍ത്തുന്നു എന്നതാണ് ഈ രചനയുടെ ഒരു സവിശേഷത.

മനുഷ്യരുടെയും നഗരത്തിന്റെയും വളര്‍ച്ച വിപരീത ദിശകളിലാണ്. മനുഷ്യര്‍ ബാല്യകൗമാര യൗവ്വനങ്ങളിലൂടെയാണ് വാര്‍ദ്ധക്യത്തിലേക്കും പഴമയിലേക്കും എത്തുന്നത്. എന്നാല്‍, മനുഷ്യനിര്‍മ്മിത നഗരങ്ങള്‍ പഴമയില്‍നിന്ന് വാര്‍ദ്ധക്യത്തില്‍നിന്ന് ഭൗതിക പരിഷ്‌കാരങ്ങളുടെ യൗവ്വനവേഗങ്ങളിലേക്കാണ് പരിണമിക്കുന്നത്. ആ പരിണാമത്തിനിടയില്‍ മനുഷ്യാനുഭവങ്ങളുടെ ബൃഹത്തായൊരു ചരിത്രം നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യാം. ഇവിടെ, തിരുവനന്തപുരത്തിന്റെ ഇന്നത്തെ വളര്‍ച്ചയിലേക്കുള്ള ഒരു ഘട്ടത്തെ ഓര്‍ത്തെഴുതലാണ് നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നത്. ഭൂതകാലത്തിലേക്ക് (അത്ര വിദൂരമല്ല അത് ) ഇറങ്ങി നടക്കുന്ന ഓര്‍മ്മയെന്ന പ്രക്രിയയെ മൂര്‍ത്തമാക്കുന്ന, ചരിത്രവത്കരിക്കുന്ന ആഖ്യാനമാണ് ഈ നോവലിലേത്.

ഈ നോവല്‍ ഒരര്‍ത്ഥത്തില്‍ വീണ്ടെടുപ്പാണ്. സാധാരണമായ ഒരു ആവാസവ്യവസ്ഥയെ ഭൗതിക സൗകര്യങ്ങളുടെ കുത്തൊഴുക്കിലേക്ക് പരിണമിക്കുന്നതിനുമുമ്പ് നഗരമാക്കാന്‍ കാരണമായ ലോഡ്ജുകളെക്കുറിച്ചുള്ള ചരിത്രത്തിന്റെ വീണ്ടെടുപ്പ്. വീണ്ടെടുപ്പുകളിലൂടെയാണ് ചരിത്രം തെളിഞ്ഞു വരുന്നത്. രേഖപ്പെടുത്താനാളില്ലാത്തതിനാല്‍ വിട്ടുപോയതും അപ്രധാനമെന്നു തോന്നുന്നതുമായ സംഭവങ്ങളെയും വ്യക്തികളെയും കണ്ടെത്തി ചരിത്രത്തില്‍ വിളക്കിച്ചേര്‍ത്തുകൊണ്ട് നോവലെന്ന ആഖ്യാനകല, ചരിത്രമെന്ന ജ്ഞാന വ്യവസ്ഥയുടെ അതിരുകളെ ചെറുതാക്കുന്നു. അത്തരമൊരു ധര്‍മ്മത്തിന്റെ സാക്ഷാത്കാരമാണ് എസ്.ആര്‍.ലാലിന്റെസ്റ്റാച്യു പി.ഒ.’

 

Comments are closed.