DCBOOKS
Malayalam News Literature Website
Rush Hour 2

ഇന്ന് കേരള ഗ്രന്ഥശാല ദിനം

തിരുവനന്തപുരത്ത് 1829-ല്‍ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന സ്വാതിതിരുനാളിന്റെ ഭരണകാലത്ത് രാജകുടുബാംഗങ്ങള്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടുകയായിരുന്നു. പിന്നീട് കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടു.

കെ. കേളപ്പന്റെ അദ്ധ്യക്ഷതയില്‍ 1937 ജൂണ്‍ 14-ന് കോഴിക്കോട്ട് ഒന്നാം മലബാര്‍ വായനശാലാ സമ്മേളനം നടന്നു. ആ സമ്മേളനത്തില്‍ ‘മലബാര്‍ വായനശാല സംഘം’ രൂപീകരിക്കപ്പെട്ടു. ഇതേ കാലത്തു തന്നെ കൊച്ചിയില്‍ ‘സമസ്ത കേരള പുസ്തകാലയ സമിതി’ എന്ന പേരില്‍ ഗ്രന്ഥശാലകളുടെ ഒരു സംഘടന രൂപീകരിച്ചു.

തിരുവിതാംകൂറില്‍ 1945 സപ്തംബര്‍ 14-ന് അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ കൂടിയ പുസ്തക പ്രേമികള്‍ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം വിളിച്ചു കൂട്ടി. അന്ന് രൂപീകരിക്കപ്പെട്ട ‘അഖില തിരുവിതംകൂര്‍ ഗ്രന്ഥശാലാ സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൗണ്‍സിലായി മാറിയത്. കേരളത്തില്‍ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്റ്റംബര്‍ 14 ഗ്രന്ഥശാലാ ദിനമായും ആചരിക്കുന്നു.

ഗ്രന്ഥാശാലാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള വിവിധ ഗ്രന്ഥശാലകളില്‍ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Comments are closed.