DCBOOKS
Malayalam News Literature Website

രാഷ്ട്രമില്ലാത്തവരുടെ രാജ്യഭാരങ്ങള്‍

സെപ്റ്റംബർ ലക്കം ‘പച്ചക്കുതിര’ യില്‍

ജി.പി. രാമചന്ദ്രന്‍

വായിക്കുമ്പോള്‍ വിചിത്രമെന്നു തോന്നുന്ന ചിലകാര്യങ്ങള്‍, കുര്‍ദിസ്താനില്‍ പോകുകയും അവിടത്തെ ആളുകളുമായി പല കാര്യങ്ങളും സംസാരിക്കുകയും അവിടെനിന്ന് പുസ്തകങ്ങള്‍ വാങ്ങിയും പിന്നീട് നിരന്തരമായി ബന്ധപ്പെട്ടും കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കുകയും ചെയ്തപ്പോള്‍ തീക്ഷ്ണമായ യാഥാര്‍ത്ഥ്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ആ ബോധ്യത്തിന്റെകൂടി അടിസ്ഥാനത്തിലാണ് ഈ ലേഖനം എഴുതുന്നത്.

ഐക്യരാഷ്ട്ര സഭയോ മറ്റു ലോകരാഷ്ട്രങ്ങളോ അംഗീകരിച്ച ഒരു ഔപചാരിക രാജ്യത്തിന്റെ പേരല്ല കുര്‍ദിസ്താന്‍. യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ഭാവന ചെയ്യപ്പെട്ട ഒരു രാഷ്ട്രസങ്കല്പത്തിന്റെ പേരാണത്. കുര്‍ദിസ്താന്‍ അനുകൂലികള്‍ അവകാശപ്പെടുന്നതനുസരിച്ച് നാലു ലക്ഷത്തി അമ്പതിനായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു പ്രദേശമാണ് കുര്‍ദിസ്താന്‍. ലോകഭൂപടങ്ങളുടെ അംഗീകൃത ചിത്രങ്ങളിലോ കമ്പോളത്തില്‍ ലഭ്യമായ ഗ്ലോബുകളിലോ ഈ പേരോ രാജ്യമോ കാണാന്‍ കഴിയില്ല. എന്നാല്‍ ഗൂഗിളിലോ വിക്കിപ്പീഡിയയിലോ Pachakuthira Digital Editionതിരഞ്ഞാല്‍ നൂറുകണക്കിന് മറുപടികളും ഇമേജുകളും ലഭ്യമാവുകയും ചെയ്യും. ചുരുക്കത്തില്‍ കുര്‍ദുകള്‍തന്നെ പറയുന്നതു പോലെ, രാജ്യമില്ലാത്തവരുടെ രാഷ്ട്രമാണ് (സ്റ്റെയിറ്റ്‌ലെസ്സ് നേഷന്‍) കുര്‍ദിസ്താന്‍.

പേര്‍സ്യക്കാരും അസീറിയന്‍സും അര്‍മീനിയക്കാരും അറബികളും അനത്തോലിയയിലെ തുര്‍ക്കിക്കാരും (ടര്‍ക്ക്‌സ്) താമസിക്കുന്ന പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട സ്ഥലമാണ് കുര്‍ദിസ്താന്‍. കിഴക്കേ തുര്‍ക്കിയും വടക്കന്‍ ഇറാഖും പടിഞ്ഞാറന്‍ ഇറാനും വടക്കന്‍ സിറിയയുടെയും അര്‍മീനിയയുടെയും ഭാഗങ്ങളുമാണ് കുര്‍ദിസ്താന്‍ എന്ന ഭാവിയിലെ രാജ്യത്തിന്റെ രാഷ്ട്രഭൂപടം. പശ്ചിമേഷ്യയിലെ ഏറ്റവും കാടുകള്‍ ഉള്ളതും ജലസമൃദ്ധവും സമതലങ്ങള്‍ക്കു പകരം മലകളും കുന്നുകളും നിറഞ്ഞ തും ഫലഭൂയിഷ്ഠമായതുമായ ഭൂപ്രദേശമാണ് കുര്‍ദിസ്താന്‍. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി കാര്‍ഷികസമ്പന്നവും നവീനശിലായുഗം മുതല്‍ പരിഷ്‌കൃതവും ആയ സമ്പദ് ശാസ്ത്രവും സംസ്‌കാരവുമാണ് കുര്‍ദുകളുടേത്. നാഗരികതയുടെ ജന്മദേശമായി കണക്കാക്കപ്പെടുന്നതും ഈ മേഖലയാണ്. ബാബിലോണിയ എന്നതുപോലെ കുര്‍ദിസ്താനും മെസപ്പൊട്ടേമിയയുടെ ഭാഗമാണ്.

മലകളാല്‍ ചുറ്റപ്പെട്ടതും ഒറ്റപ്പെട്ടതുമായ അവസ്ഥ, കുര്‍ദുകളുടെ സംസ്‌കാര മൗലികതകള്‍ സംരക്ഷിക്കപ്പെടുന്നതിന് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ട് കുര്‍ദുകള്‍ പ്രത്യേക വംശീയ ജനാവലിയായി പരിഗണിക്കപ്പെടുന്നു. മധ്യകാല മതവും ആധുനികകാല രാഷ്ട്രീയവും കുര്‍ദുകളുടെ ജീവിതത്തെയും അവരുടെ രാഷ്ട്രഭാവനയെയും സന്ദിഗ്ദ്ധമാക്കുകയും നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. നൂറുകണക്കിന് ചെറുതും വലുതുമായ യുദ്ധങ്ങളും വംശഹത്യകളും നിര്‍ബന്ധിത പലായനങ്ങളും തടവുകളും മര്‍ദ്ദനങ്ങളും ഉപരോധങ്ങളും നേരിടുകയും അതിജീവിക്കുകയും ചെയ്തവരാണ് കുര്‍ദുകള്‍. നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലുകളും തള്ളിമാറ്റലുകളും പീഡനങ്ങളും സഹനങ്ങളും ചെറുത്തുനില്പുകളും
ഉയിര്‍ത്തെഴുന്നേല്പുകളുംകൊണ്ട് കലുഷിതമാണ് കുര്‍ദ് വംശജരുടെ സാംസ്‌കാരിക/രാഷ്ട്രീയ/ഭൗമ ചരിത്രം.

പൂര്‍ണ്ണരൂപം 2023 സെപ്റ്റംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബർ ലക്കം ലഭ്യമാണ്‌

ജീവന്‍ ജോബ് തോമസിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.