DCBOOKS
Malayalam News Literature Website

ഒഴുക്കുനിലച്ചു വരണ്ടുപോയ നാളുകള്‍… ശ്രീപാര്‍വ്വതി എഴുതുന്നു

വിഷാദമാണോ സന്തോഷമാണോ സമാധാനമാണോ നിസ്സംഗതയാണോ എന്നറിയാത്ത കാലത്തിന്റെ നടുവിലാണ് ഞാന്‍. ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന ഒരു പുഴയ്ക്കു മുകളിലേയ്ക്ക് കരയില്‍ നിന്നിരുന്ന മരങ്ങളൊക്കെയും കടപുഴകി വീഴുന്നു. ഒഴുക്ക് തടസ്സപ്പെടുകയും കര ജലത്തിനടിയിലായിപ്പോവുകയും ചെയ്യുന്നു. ചില നേരത്ത് വല്ലാത്ത ശ്വാസം മുട്ടലുണ്ട്, സൂര്യപ്രകാശം കൊള്ളാതെ ഊര്‍ജ്ജം നഷ്ടപ്പെട്ടു തലയ്ക്കകമാകെ അതിഭീകരമായ വരള്‍ച്ച ബാധിച്ചിരിക്കുന്നു. വരണ്ടു വരണ്ടു പിളര്‍ന്നു പോയ നിലം പോലെ കുറെ നാള്‍….

എനിക്കറിയാം എത്ര പേരുണ്ടാകും ഇതേ അവസ്ഥയില്‍, അല്ല ഇതിലും ഭീകരമായ ലോക്ക് ഡൌണ്‍ ദിനങ്ങളില്‍?
സത്യത്തില്‍ ലോക്ക് ഡൌണ്‍ ദിനങ്ങളുടെ ഒറ്റപ്പെടല്‍ മാത്രമല്ല ബാധിച്ചിരിക്കുന്നത് കൊറോണ എന്ന വൈറസിന്റെ ഭീതി കൂടിയാണ്. ഇത്തരം ആകാംക്ഷകള്‍ പതിവാണ്. പ്രളയം വരുമ്പോള്‍, നിപ്പ വന്നപ്പോള്‍, ഇന്നിപ്പോള്‍ സര്‍വ്വ ഭീതികളും ഒന്നുമല്ലായിരുന്നു എന്ന് കാട്ടി കൊറോണ വൈറസ് ലോകത്തിന്റെ മുകളില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ പതിവ് ആകാംക്ഷ നഷ്ടപ്പെടുന്നുവെന്ന ഭയമുണ്ടാവുമ്പോള്‍ അനുഭവപ്പെടുന്ന ഒരു അവസാനവട്ട വീണ്ടെടുക്കല്‍ ശ്രമം പോലെയാണത്.

പതിവായി ജോലിക്ക് പോയിരുന്ന ഒരാളല്ല ഞാന്‍. വീട്ടിനുള്ളിലിരുന്നു എഴുതിയും വീണ്ടും എഴുതിയും മാത്രം ജീവിച്ചു പോന്നിരുന്ന ഒരാള്‍. മിക്ക ദിവസങ്ങളിലും വീടിനു മുന്‍പിലുള്ള കടയില്‍ പോയി അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്ന ഒരാള്‍, ഇടയ്ക്ക് പ്രിയപ്പെട്ട ആള്‍ക്കൊപ്പം കാറില്‍ നഗരം ചുറ്റുന്ന ഒരാള്‍, പിന്നെ വല്ലപ്പോഴും നഗര പരിധിയും കടന്നു അതിര്‍ത്തികളും കടന്നു ലോകം കാണാന്‍ പുറപ്പെടുന്ന ആള്‍. ഇതൊക്കെയാണ് എന്റെ പുറം ലോകവും അവിടുത്തെ കാഴ്ചകളും. അതിനൊക്കെ പൂട്ട് വീഴുമ്പോള്‍ ഞാന്‍ ആദ്യമോര്‍ത്തത് പതിവായി ജോലിക്ക് പൊയ്‌ക്കൊണ്ടിരുന്നവരെത്തന്നെയാണ്. ശീലങ്ങള്‍ ഉടഞ്ഞു പോകുമ്പോള്‍ നാമെങ്ങനെ അതിജീവിക്കുമെന്നു പലര്‍ക്കുമറിയില്ല. എന്നാല്‍ ഇപ്പോള്‍, ഈ ഒരു മാസത്തെ ലോക്ക് ഡൌണ്‍ ജീവിതം കൊണ്ട് അതൊക്കെ എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടാവണം. കൊറോണ തുടങ്ങിയപ്പോഴുണ്ടായിരുന്ന ഭീതിയെന്നില്‍ നിന്നും ഇപ്പോള്‍ പാതിയൊഴിഞ്ഞു പോയി. കൂടെയുള്ള ആള്‍ നല്‍കുന്ന സ്നേഹപൂര്‍ണമായ കരുതല്‍ എന്നെ ബലമുള്ള ആളാക്കി മാറ്റുന്നുണ്ട്.

ഒന്നിച്ച് നമുക്കൊരു പച്ചക്കറിത്തോട്ടമുണ്ടാക്കണമെന്നു വിവാഹത്തിന് മുന്‍പേ പരസ്പരം ഉറപ്പ് പറഞ്ഞിരുന്നെങ്കിലും പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറത്തും ആ വാഗ്ദാനം പാലിക്കപ്പെടാതെ ഞങ്ങള്‍ ഞങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഈ ലോക്ക് ഡൗണ്‍ കാലത്ത് ആ പഴയ വാഗ്ദാനം എന്നെ ഓര്‍മ്മിപ്പിച്ചത് അവനാണ്. ഇപ്പോള്‍ എന്നും രാവിലെയും വൈകുന്നേരവും പുതിയ പയര്‍ മണികളെ കൊഞ്ചിച്ചും പാവല്‍ പൂവുകളുടെ കയ്പ്പ് ഗന്ധം അനുഭവിച്ചും മുന്നോട്ട് പോകുന്നു. സ്വയം പര്യാപതയിലെത്തുന്നതല്ല, പുതുമയുള്ളതൊക്കെ ചെയ്യാനുള്ള സന്തോഷമാണത്. എന്തും പെട്ടെന്ന് ബോറടിക്കുന്ന എന്നെ പോലെ ഒരാള്‍ക്ക് അല്ലെങ്കിലും എല്ലായ്‌പ്പോഴും പുതുമകളില്ലെങ്കില്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അവനെപ്പോലെ ആര്‍ക്കാണ് നന്നായി അറിയുക!

കഴിഞ്ഞു പോയ ദിവസങ്ങളിലെ വിഷാദത്തെയും തലയ്ക്കുള്ളിലെ ഭാരത്തെയും പതുക്കെ മാറ്റിയെടുക്കുന്നതേയുള്ളൂ. വൈകുന്നേരം അര മണിക്കൂര്‍ വ്യായാമവും രാവിലെ കുറച്ചു നേരം വെയില്‍ കൊള്ളുന്നതും ശീലമാക്കിയിരിക്കുന്നു. വെയില്‍ കൊള്ളാതെ വൈറ്റമിന്‍ ഡിയുടെ കുറവ് കൊണ്ട് ഭ്രാന്തിന്റെ വക്കിലെത്തിയ ഒരാളെക്കുറിച്ച് അറിഞ്ഞിട്ട് രണ്ടാഴ്ച ആയതേയുള്ളൂ. ദിവസമുള്ള ഒരു സിനിമ, പുസ്തക വായന, കുറച്ചു എഴുത്ത്, പാചകം, പച്ചക്കറി, ദിവസങ്ങളിലെ ശീലങ്ങള്‍ മാറിയിട്ടുണ്ട്. എങ്കിലും വരള്‍ച്ച കൂടുമ്പോള്‍ അക്ഷരങ്ങളും വരണ്ടു പോവും. പിന്നെ ദിവസവും മുടക്കാത്തത് സിനിമ കാണല്‍ മാത്രമാണ്.

പച്ച വെളിച്ചത്തില്‍ നിന്നിരുന്ന കോട്ടയം ചുവപ്പണിഞ്ഞു. കൊറോണ ബാധിതരും മരണങ്ങളും കൂടുന്നു. ഇനിയങ്ങോട്ടുള്ള ദിവസങ്ങളിലും മാസങ്ങളിലും പിന്തുടര്‍ന്ന് പോകേണ്ടുന്ന ഒരു ശീലത്തെ പുറത്ത് പോകുമ്പോള്‍ തുടങ്ങി വച്ചിരിക്കുന്നു. ആശുപത്രിയില്‍ പോകാനും അമ്മയ്ക്ക് മരുന്ന് വാങ്ങാനുമൊക്കെയായി രണ്ടു മൂന്ന് തവണ നഗരത്തില്‍ പോയി വന്നു. മുഖത്ത് മാസ്‌കണിഞ്ഞും കാറില്‍ തിരിച്ചു കയറിയ ഉടനെ സാനിറ്റൈസര്‍ കൈകളില്‍ പുരട്ടിയും സ്വയം സുരക്ഷിതമാക്കാന്‍ നോക്കുന്നുണ്ട്. കാണാന്‍ ആഗ്രഹമുണ്ടായിട്ടും കാണാന്‍ പറ്റാത്തവരെ വീഡിയോ കാള്‍ വിളിച്ചു സ്‌നേഹമറിയിക്കുന്നുണ്ട്, വിഷാദത്തില്‍ ആണ്ടു പോയ ചങ്ങായിമാരോട് കൂടെയുണ്ടെന്ന് പറയുന്നുണ്ട്.

ലോക്ക് ഡൌണ്‍ കാലത്തെ ഫേസ്ബുക്ക് വിശേഷങ്ങള്‍ നിരവധി പാചക പരീക്ഷണങ്ങളായും ഗ്രൂപ്പുകളുടെ ആധിക്യമായും പിന്തുടരുന്നുണ്ട്. പതിവിലധികം രാഷ്ട്രീയ അഭ്യാസങ്ങളുമുണ്ട്. ഏതു കൊറോണക്കാലത്തിലും ജീവിതത്തില്‍ അടിയുറച്ചു പോയ ഒരാദര്‍ശമുള്ളതു കൊണ്ട് ഏതു ഗ്രൂപ്പ് വന്നാലും ആര് രാഷ്ട്രീയം പറഞ്ഞാലും പതിവ് പോലെ മുന്നോട്ടു പോകുന്നു, കണ്ടിട്ടും പലതും കാണാതെ, അതാണ് ബുദ്ധിപരം എന്ന് തോന്നിയത് കൊണ്ട്.

കൊറോണ തുടങ്ങിയ സമയത്ത് പുനര്‍ വായനയ്ക്കടുത്ത ആല്‍ബര്‍ട്ട് കാമൂന്റെ ‘പ്‌ളേഗ്’ പാതിയില്‍ നിര്‍ത്തി. കോന്റെജിയന്‍ സിനിമ കണ്ടതും എ ട്രെയിന്‍ റ്റു ബുസാന്‍ കണ്ടതും കൊറോണയ്ക്ക് ശേഷമാണ്. ചില മനുഷ്യരൊക്കെ ഇത്തരം മസോക്കിസം ഉള്ളവരാണെന്നു തോന്നുന്നു. രാജ്യങ്ങള്‍ തോറും പടരുന്ന ഒരു മൂന്നാം ലോക മഹായുദ്ധമായിക്കഴിഞ്ഞിരിക്കുന്നു കൊറോണ. പൊരുതേണ്ടത് പകര്‍ച്ചവ്യാധിക്കെതിരെയാണ്.

ഇനി വരാനുള്ളത് പ്രളയമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ശീലമായെങ്കിലും പതിവ് പോലെ ആകാംക്ഷ ബുദ്ധിമുട്ടിക്കേണ്ട സമയമാണ് അതിജീവിക്കേണ്ടത്. കൊറോണയും പ്രളയവും ഒക്കെ നല്‍കുന്ന അരക്ഷിതാവസ്ഥയെ സംസ്ഥാനം എങ്ങനെ അതിജീവിക്കും എന്നോര്‍ക്കുമ്പോള്‍ ആശങ്ക തോന്നുന്നു. ഗള്‍ഫ് നാടുകളില്‍ നിന്നും എല്ലാം നഷ്ടപ്പെട്ടു മടങ്ങി വരാന്‍ തയ്യാറായി നില്‍ക്കുന്ന പ്രവാസികളെയോര്‍ക്കുമ്പോള്‍ ഭയവും സങ്കടവുമുണ്ട്. അതിഥി തൊഴിലാളികളെ വരെ തിരികെ വിടാനാകാതെ രണ്ടും കയ്യും നീട്ടി സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിയില്‍ ഭയം തോന്നാതെ എന്ത് ചെയ്യും? റേഷന്‍ വാങ്ങാനും സപ്ലൈകോയില്‍ നിന്ന് സബ്‌സിഡിയില്‍ സാധനങ്ങള്‍ വാങ്ങാനും കൊറോണയ്ക്ക് മുന്‍പ് തന്നെ പഠിച്ചിരുന്നു. അതുകൊണ്ട് ഭക്ഷണം ഒരു ബാധ്യതയാവില്ല. ജീവിക്കാന്‍ അധികമൊന്നും ആവശ്യമില്ലാത്തതുകൊണ്ട് മിക്ക മാസങ്ങളിലും കയ്യില്‍ പണമില്ലെങ്കിലും മുന്നോട്ടു പോകുന്നുണ്ട്. ബില്ലടയ്ക്കാനും ആകെയുള്ളൊരു ചിട്ടിയടയ്ക്കാനും അത്യാവശ്യങ്ങള്‍ നടത്താനുമുള്ളതൊക്കെ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇതും അതിജീവിക്കും. മാനസികമായ ധൈര്യം മാത്രമാണല്ലോ പ്രധാനം. കൂടെയുള്ളൊരാള്‍ നല്‍കുന്ന ധൈര്യപ്പെടുത്തലിനപ്പുറം മറ്റെന്ത് വേണം!

Comments are closed.