DCBOOKS
Malayalam News Literature Website

പാര്‍ലമെന്റ് പിരിച്ചുവിട്ടു; ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്

കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടു. 225 അംഗ പാര്‍ലമെന്റിലേക്ക് ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതായാണു വിജ്ഞാപനത്തില്‍ പറയുന്നത്. കാലാവധി തീരാന്‍ രണ്ടു വര്‍ഷത്തോളം ബാക്കിയുള്ളപ്പോഴാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് റനില്‍ വിക്രമസിംഗെയെ പുറത്താക്കി, പകരം പ്രതിപക്ഷ നേതാവായ മഹീന്ദ്ര രജപക്‌സെയെ ആ സ്ഥാനത്ത് അവരോധിച്ച സിരിസേനയുടെ നടപടിയാണ് രാജ്യത്ത് അനിശ്ചിതത്വം ഉടലെടുക്കാന്‍ കാരണം. നവംബര്‍ 14ന് പാര്‍ലമെന്റില്‍ രജപക്‌സെയുടെ നേതൃത്വത്തില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സമ്മേളനം നടക്കാനിരിക്കെയാണ് തീരുമാനം.

225 അംഗ പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവില്‍ സിരിസേന വെള്ളിയാഴ്ച രാത്രി ഒപ്പിട്ടതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പാര്‍ലമെന്റില്‍ രജപക്‌സെയ്ക്ക് ഭൂരിപക്ഷം തെളിയിയ്ക്കാനാവശ്യമായ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ തീരുമാനം.

Comments are closed.