DCBOOKS
Malayalam News Literature Website

തൂനിലാവും കരിപൂശിയ വാവും ചേക്കേറിയ പ്രജ്ഞ!

ശ്രീകല ചിങ്ങോലി

പ്രപഞ്ചത്തിന്റെ മുഗ്ദ്ധ ലാവണ്യം ആവോളം നുകർന്ന് പ്രാപഞ്ചിക ചൈതന്യവുമായി ഇഴുകിച്ചേർന്ന്‌ കേവലം 37 വർഷക്കാലത്തെ സ്വജീവിതം സഹൃദയ ലോകത്തിന് നൽകി അതിധന്യവും ചിരസ്മരണീയവുമായി കടന്നുപോയ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. 1911 ൽ തുടങ്ങി 1948 വരെ മാത്രം നീണ്ട ആ ജീവിതസപര്യ നിരന്തരം ലാളിച്ചത് കവിതയെ മാത്രമായിരുന്നു. പാശ്ചാത്യ ആശയങ്ങളും അവരുടെ സാഹിത്യ ചിന്തകളും എഴുത്തും മലയാളഭാഷയെ ഗണ്യമായി സ്വാധീനിക്കാൻ തുടങ്ങിയ ഒരു കാലഘട്ടത്തിലായിരുന്നു കാവ്യ ലോകത്തിലേക്ക് ചങ്ങമ്പുഴയുടെ കടന്നുവരവ്. ഒരു 37 വയസ്സുകാരന് ചെയ്തു തീർക്കാവുന്നതിലുപരി കാവ്യരചനയാൽ മലയാളസാഹിത്യത്തിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ നറു നിലാവിന്റെ പ്രകാശപൂർണ്ണതയിലും കരിവാവിന്റെ ഇരുളിമ ആ ജീവിതത്തിൽ ആകെ പടർന്നിരിക്കുന്നു. അതിനാൽ തന്നെ ആത്മനാശം സംഭവിച്ച് അഹംബോധം പലതായി നുറുങ്ങി സ്വന്തം വ്യക്തിത്വത്തിന്റെ തകർച്ചയിൽ ഉന്മാദിയായി തീർന്ന ഒരു മനുഷ്യനെയും നമുക്ക് ചങ്ങമ്പുഴയിൽ കാണാം.

വികാരതീവ്രവും അസ്വസ്ഥവും ആയ ആ മനസ്സിൽ കൗമാരത്തിൽ തന്നെ വിക്ഷുബ്ധ
തീവ്രമായ ചിന്താഗതികൾ മൊട്ടിട്ടിരുന്നു.അക്ഷരാർത്ഥത്തിൽ അദ്ദേഹം ഒരു സ്വപ്നജീവി ആയിരുന്നു.ഭൂമിയിലെ സാധാരണ മനുഷ്യന്റെ യഥാർത്ഥ ജീവിത തലത്തിൽ നിന്നുയർന്ന്‌ ഒരു സ്വപ്ന ജീവിയായി, റൊമാന്റിക് പ്രവണതകളിൽ ആണ്ടാണ് അദ്ദേഹം വിഹരിച്ചത്. ഇത് പ്രകൃതിയിൽ അലിയാനും പ്രകൃതിയെ മാറോടണയ്ക്കാനും പ്രവണതയേകി. ബാഷ്പാഞ്ജലിയിലെ കവിതകളെല്ലാം ഇതിന് ഉത്തമോദാഹരണങ്ങളാണ്.” ആനന്ദം കൊണ്ട് തളർന്നെന്നും മധുരസ്വപ്ന ശതാവരി പൂത്ത മായാലോകത്തെത്തീ ” എന്നും സ്വയം സമ്മതിച്ച മറ്റൊരു കവി മലയാളത്തിലില്ല.

വികാരങ്ങളിലൂടെ ജീവിതത്തെ അളക്കാൻ ശ്രമിച്ചതിനാലാകണം അനുഭവങ്ങളെ ഉദ്ഗ്രഥിക്കാനോ തീക്ഷ്ണമായ വിചാരഗതികൾ കൊണ്ട് അതിനെ സ്bhuടം ചെയ്യാനോ അദ്ദേഹം ശ്രമിച്ചില്ല.

വിഷാദമഗ്നമായ ആ കവിമനസ്സ് ആത്മപീഡനത്തിലൂടെ ആനന്ദവും ഭോഗമൂർchaയുടെ ആലസ്യവും അറിഞ്ഞിരുന്നു. മുറിവേറ്റ ഹൃദയത്തെ പ്രദർശന വ്യഗ്രതയോടെ അവതരിപ്പിച്ചിരുന്നു. ഒരു “മസോക്കിസ്റ്റ് ” മനോഭാവം അദ്ദേഹത്തെ ഗ്രസിച്ചിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല. മൃത്യുകാംക്ഷയുടെ കാമന അങ്ങനെയാണ് കവിയിൽ കൂടിപറ്റിയത്.

ഒരു സാഡിസ്റ്റിന്റെ പരപീഡനത്തിലുള്ള നിർവൃതി “പാടുന്നപിശാചി” ൽ നമുക്ക് കാണാം. കവിതയെ സംഗീതത്തോടും പ്രകൃതിയോടും ലയിപ്പിക്കാൻ അദ്ദേഹം കാണിക്കുന്ന ത്വര ഫ്രഞ്ച് സിംബോളിസത്തിന്റെ പ്രതിഫലനമാണ്. രമണനിലെ “മലരണികാടുകൾ ” എന്നു തുടങ്ങുന്ന വരികൾ ഇതിന് ഉദാഹരണമാണ്.

ജീവിതരതിയിൽ ജീവിതത്തെ ഉപകരണമാക്കയാൽ രാജയഷ്മാവ് (ക്ഷയം ) എന്ന മാരകരോഗത്തിന് അടിമയായി 1948 ജൂൺ മാസം പതിനേഴാം തീയതി ആ കാവ്യ ഹൃദയം ലോകത്തോട് വിടപറഞ്ഞു. എങ്കിലും “നക്ഷത്രങ്ങളുടെ സ്നേഹഭാജനം” ആയ “സ്വരരാഗസുധയുടെ” സ്വന്തം ഗന്ധർവ്വൻ നമ്മുടെ സാഹിത്യ വിഹായസ്സിൽ പരിലസിച്ചു കൊണ്ടേയിരുന്നു.

Comments are closed.