DCBOOKS
Malayalam News Literature Website

ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം പ്രകാശനം ചെയ്തു

കേരളത്തിലെ സമുന്നതനായ സാമൂഹ്യപരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്ന ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം പ്രകാശനം ചെയ്തു. കൃതികളുടെ സമഗ്രവ്യാഖ്യാനം നിര്‍വ്വഹിച്ച ശ്രീ. മുനി നാരായണപ്രസാദ് കറന്റ് ബുക്‌സ് തലശ്ശേരി ബ്രാഞ്ച് മാനേജര്‍ ബിജു പുതുപ്പണത്തില്‍നിന്നും ഏറ്റുവാങ്ങിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം മൂന്നു വാല്യങ്ങളിലായി 3000 പേജുകളിലായാണ് തയ്യാറാക്കിയിരിക്കുന്നത്. ശ്രീനാരായണഗുരുവിന്റെ മുഴുവന്‍ കൃതികളും മലയാളത്തില്‍ ആദ്യമായാണ് സമഗ്രമായി വ്യാഖ്യാനം ചെയ്ത് പ്രസിദ്ധീകരിക്കുന്നത്.

ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ടതാണ് ഈ മഹദ് ഗ്രന്ഥം. ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക കൃതികള്‍, സ്‌ത്രോത്ര കൃതികള്‍, സാരോപദേശ കൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമകള്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ള 63 കൃതികളാണ് മൂന്നു വാല്യങ്ങളിലായി 3,000 പേജുകളില്‍ സമാഹരിച്ചിരിക്കുന്നത്. പദങ്ങളുടെ അര്‍ത്ഥം വിശദീകരിച്ച് ലളിതവും വിശദവുമായ വ്യാഖ്യാനമാണ് കൃതികള്‍ക്കു നല്‍കിയിട്ടുണ്ട്. വര്‍ണ്ണനകള്‍ക്കു പിന്നിലെ ഭാവാര്‍ത്ഥങ്ങള്‍ പ്രത്യേകം വിശദീകരിക്കുന്നു. മറ്റുള്ള വ്യാഖ്യാനങ്ങളെല്ലാം പരിശോധിച്ച് അവയിലുള്ള കുറവുകളും മേന്മയും കണ്ടറിഞ്ഞ് സൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓരോ വ്യാഖ്യാനവും. ഓരോ കൃതിക്കും മുനി നാരായണപ്രസാദ് ആമുഖവും എഴുതിയിട്ടുണ്ട്.

ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം വായനക്കാര്‍ക്കായി പ്രീബുക്ക് ചെയ്യാനുള്ള അവസരം ഡി സി ബുക്‌സ് ഒരുക്കിയിരുന്നു. മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്ക് വരുംദിവസങ്ങളില്‍ പുസ്തകം ലഭ്യമാകും.

Comments are closed.