DCBOOKS
Malayalam News Literature Website

സ്‌പെസിബ: റഷ്യന്‍ യുവത്വത്തിനൊപ്പം

വൈവിദ്ധ്യം നിറഞ്ഞ റഷ്യന്‍ സമൂഹത്തെയും ജനതയെയും ദേശത്തെയും അടയാളപ്പെടുത്തുന്ന ജി.ആര്‍. ഇന്ദുഗോപന്റെ യാത്രാവിവരണമാണ് സ്‌പെസിബ: റഷ്യന്‍ യുവത്വത്തിനൊപ്പം. പുസ്തകത്തിന് ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ആമുഖക്കുറിപ്പ്…

സിറിയയെ ആക്രമിക്കുന്നതില്‍നിന്ന് അമേരിക്കയ്ക്കും അനുകൂല രാജ്യങ്ങള്‍ക്കും പിന്മാറേണ്ടിവന്ന സമയത്താണ്, ഈ ലേഖകന്‍ റഷ്യയിലുണ്ടായിരുന്നത്. റഷ്യയുടെ കടുത്ത നിലപാടുകളായിരുന്നു യുദ്ധം ഒഴിവാക്കിയത്. സമാധാനകാംക്ഷികള്‍ക്ക് ആത്മവിശ്വാസ ത്തിന്റെ സൂചന. പക്ഷേ, ഇതേ റഷ്യയാണ് ഉക്രൈന്റെ കയ്യിലായിരുന്ന ക്രൈമിയയെ പിടിച്ചെടുത്ത് കൂടെച്ചേര്‍ത്തത്.

അതായത്…വൈരുദ്ധ്യമാണ് പുതിയ ലോകക്രമം. ന്യായം എന്നൊന്നില്ല. അത് രാഷ്ട്രങ്ങള്‍ അവരവരുടെ ശക്തിക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതാണ്. പഴയ റഷ്യയല്ല, പുതിയ റഷ്യ. വന്‍ശക്തിയായി അത് തിരിച്ചുവരുന്നു. അതിനൊപ്പം സാമ്രാജ്യത്വമോഹവും ചെറുരാജ്യങ്ങളെ വിരട്ടി കാല്‍ക്കീഴില്‍ അമര്‍ത്താനുള്ള മോഹവും വരും. വ്യക്തിയും അങ്ങനല്ലേ. ഇപ്പോള്‍ വ്യക്തിക്ക് പിന്നെയും കുറെയൊക്കെ സിസ്റ്റത്തിനെ ഭയക്കണം. വ്യക്തിജീവിതത്തിലെ മിനിമം തത്ത്വംപോലും രാജ്യങ്ങള്‍ക്കു ബാധകമല്ല. ഇന്ന് ആശയത്തിന്റെ മൂക്കുകയര്‍ ഇല്ല.

ഉള്ളില്‍ നോക്കിയാല്‍ എല്ലാം മുതലാളിത്തരാജ്യങ്ങള്‍. ഇഷ്ടംപോലെ ലോകത്തെ നേരിടാം, പണമുണ്ടാക്കാം. ലോകമെങ്ങും രാജ്യങ്ങള്‍ മത്സരിക്കുന്നതും അതിനാണ്–ലോകത്ത് എന്റെ ഷെയര്‍ എത്ര? ലോകത്തെങ്ങും ഇതാണ് പാത. പണത്തിനു പണം വേണം എന്നത് നേര്. പക്ഷേ, എന്ത് അനാവശ്യത്തിനും പണം വേണം എന്ന ചിന്ത വന്നപ്പോള്‍ പ്രശ്‌നമായി. അധികം വരുന്ന പണം ഏതു ചെളിക്കുണ്ടില്‍ നിക്ഷേപിക്കുമെന്നതും ചിന്തയായി; വേദനയായി; അഹങ്കാരമായി; ഭ്രാന്തായി. വ്യക്തികളെപ്പോലെ ഭരണവര്‍ഗത്തിനും ഈ ദുരന്തം സംഭവിച്ചാല്‍, അതതു രാജ്യങ്ങളെയും അതു ബാധിക്കും.

രാജ്യങ്ങളെയെന്നുവച്ചാല്‍ അതിലെ വ്യക്തികളെ. പണത്തിന്റെയും ലഹരിയുടെയും ഭ്രമത്തില്‍പ്പെട്ട് ചത്തുവീഴുന്ന ചെറുപ്പക്കാര്‍ ലോകമെങ്ങുമുണ്ട്. ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ക്ക് കോടിക്കണക്കിനു ചെറുപ്പക്കാരുണ്ട്. എത്ര ആയിരങ്ങള്‍ ചത്താലും ഭരണകൂടത്തെ അതു ബാധിക്കുന്നില്ല. റഷ്യയുടെ ഗതി അതല്ല. 14 കോടി ജനങ്ങളേയുള്ളൂ. വൈകി ഓടിത്തുടങ്ങിയ ഒരു ഓട്ടക്കാരന്റെ മട്ടാണ് റഷ്യയ്ക്ക്. സ്വയം കറക്ട് ചെയ്തു വരുന്നതേയുള്ളൂ. പണം സമാഹരിക്കാനും വന്‍ശക്തിപദം തിരിച്ചുപിടിക്കാനുമുള്ള വേവലാതി ആ ഓട്ടത്തിലുണ്ട്. ഇതിനിടയില്‍ റഷ്യയ്ക്ക് പല കാര്യത്തിലും ശ്രദ്ധിക്കാനും കഴിയുന്നില്ല. റഷ്യയില്‍ കണ്ട ഇത്തരം വൈരുദ്ധ്യങ്ങളാണ് ഈ പുസ്തകം.

രാഷ്ട്രീയമായി മാത്രം അനുഭവിപ്പിക്കാനല്ല, കാഴ്ച കണ്ട്, സന്തോഷകരമായി വായിച്ച്, മുന്നോട്ടുനീങ്ങുന്ന ഒരു പുസ്തകമെന്ന മട്ടുണ്ടാകണമെന്നാണ് ആഗ്രഹിച്ചത്. റഷ്യയെക്കുറിച്ച് പല പുസ്തകം ഉണ്ടായിരിക്കാം. പക്ഷേ, ഒരു യാത്ര എഴുതുമ്പോള്‍, എഴുതുന്ന ആളിന്റെ ആത്മകഥ അതില്‍ അലിയുന്നുണ്ട്. ആകയാല്‍, ഒന്നും ആവര്‍ത്തനമല്ല. ഒരാളെഴുതുന്ന രാജ്യം അയാളുടേതു മാത്രമാകും. ഈ റഷ്യ എന്റേതു മാത്രവും ഇതു വായിക്കുമ്പോഴുണ്ടാകുന്ന റഷ്യ നിങ്ങളുടേതു മാത്രവും. ആകയാല്‍, വലിയ തിരക്കുകള്‍ക്കിടയില്‍നിന്ന് ഈ പുസ്തകം വായിക്കാനെടുത്തതിന് താങ്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്,…

 

Comments are closed.