DCBOOKS
Malayalam News Literature Website

സ്‌പേസസ് ഫെസ്റ്റ്; പ്രഗത്ഭരുടെ സാന്നിദ്ധ്യത്താല്‍ സമ്പന്നമാകും

തിരുവനന്തപുരം: ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന SPACES: Design, Culture & Politics -ന്റെ ആദ്യപതിപ്പിന് ഓഗസ്റ്റ് 29-ന് തുടക്കം കുറിക്കുന്നു. സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യ ഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ആശയോത്സവത്തില്‍ നിരവധി വിശിഷ്ടവ്യക്തികളാണ് അതിഥികളായി പങ്കെടുക്കുന്നത്. ലോകപ്രശസ്തരായ വാസ്തുകലാവിദഗ്ധര്‍, സാമൂഹ്യചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവര്‍ മേളയില്‍ ആദ്യന്തം സജീവസാന്നിദ്ധ്യമാകുന്നു.

മുതിര്‍ന്ന സംവിധായകനും ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവുമായ അടൂര്‍ ഗോപാലകൃഷ്ണന്‍,ലോകപ്രശസ്ത വാസ്തുശില്പി ബി.വി ദോഷി, ബഹികാരാശത്തെത്തിയ പ്രഥമ ഭാരതീയന്‍ രാകേഷ് ശര്‍മ്മ, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍, മുന്‍ കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ ശശി തരൂര്‍ എം.പി, പ്രശസ്ത ആര്‍ക്കിടെക്ട് യൂജിന്‍ പണ്ടാല, ചരിത്രകാരനും എം.ജി. സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സറുമായിരുന്ന ഡോ.രാജന്‍ ഗുരുക്കള്‍, ഓസ്‌കര്‍ പുരസ്‌കാരജേതാവ് റസൂല്‍ പൂക്കുട്ടി, മലയാള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ.കെ.ജയകുമാര്‍ ഐ.എ.എസ്, എം.എ.ബേബി, പ്രശസ്ത ആര്‍ക്കിടെക്ട് വികാസ് ദിലവരി, എഴുത്തുകാരായ ശോഭാ ഡേ, പോള്‍ സക്കറിയ, സാറാ ജോസഫ്, ചന്ദ്രമതി, കെ.ആര്‍.മീര, എന്‍.എസ് മാധവന്‍, എം.ജി.ശശിഭൂഷണ്‍, ബെന്യാമിന്‍, സുനില്‍ പി.ഇളയിടം, ടി.ഡി രാമകൃഷ്ണന്‍, പ്രഭാവര്‍മ്മ, വി.ജെ.ജയിംസ്, മനു എസ്.പിള്ള, എസ്.ഹരീഷ്, ലക്ഷ്മി രാജീവ്, പി.കെ.രാജശേഖരന്‍, ജെ.ജേവിക, സി.എസ്.മീനാക്ഷി എന്നിവരും ബീനാ പോള്‍, മധുപാല്‍, പത്മപ്രിയ, പ്രകാശ് രാജ് എന്നീ ചലച്ചിത്രപ്രവര്‍ത്തകരും  ടി.എം.കൃഷ്ണ, ടി.പി.ശ്രീനിവാസന്‍, ജോണ്‍ ബ്രിട്ടാസ്, എം.ജി രാധാകൃഷ്ണന്‍, ജി.എസ് പ്രദീപ്, വേണു ബാലകൃഷ്ണന്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭര്‍ മേളയുടെ ഭാഗമാകുന്നു.

2019 ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. കവിയും ചിന്തകനുമായ പ്രൊഫ.കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. പ്രശസ്ത ആര്‍ക്കിടെക്റ്റ് ടി.എം സിറിയക് ആണ് ഫെസ്റ്റിവല്‍ ക്യുറേറ്റ് ചെയ്യുന്നത്.

വാസ്തുകലയും ഡിസൈനും സാമൂഹികചിന്തയും മുഖാമുഖം സംവാദത്തിലേര്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആശയോത്സവമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഒരേ സമയം മൂന്നു വേദികളിലായി നൂറിലേറെ സംവാദങ്ങളാണ് വിവിധ വിഷയങ്ങളിലായി നടക്കുക. പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എന്‍. കരുണ്‍ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോത്സവം ഈ മേളയുടെ പ്രധാന സവിശേഷതയാണ്. ഒപ്പം ചിത്രകാരന്‍ റിയാസ് കോമുവിന്റെ ഇന്‍സ്റ്റലേഷന്‍, ശില്പകലാശാലകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

അഞ്ഞൂറിലേറെ സാഹിത്യകലാപ്രവര്‍ത്തകരും ചിന്തകരും ആര്‍ക്കിടെക്ചര്‍മാരും നാലുദിവസങ്ങളിലായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കും. സ്‌പെയ്ന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ആര്‍ക്കിടെക്ചര്‍മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ സംഗീതനൃത്ത പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

Comments are closed.