DCBOOKS
Malayalam News Literature Website

സംവാദഭൂമികളെ ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംവാദഭൂമികളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങളാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവാദങ്ങളില്ലാത്ത സമൂഹം കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്. അത് സമൂഹത്തെ രോഗാതുരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശയലോകവും അതുപോലെയാണ്. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ഓഫ് ആര്‍ക്കിടെക്ചറിന്റെയും സംയുക്താഭിമുഖ്യത്തില്‍ കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിച്ച സ്‌പേസസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ എന്ന സങ്കല്‍പ്പം തന്നെ ഭീഷണിയുടെ നിഴലിലാണ്. പൊതു ജനാധിപത്യ മണ്ഡലങ്ങള്‍ തകര്‍ക്കുന്നിടത്താണ് ഈ പ്രക്രിയയുടെ തുടക്കം. സമൂഹത്തിലാകെ അസഹിഷ്ണത പടരുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയും സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ ശക്തിയും സ്‌പെയ്‌സസിന്റെ പ്രത്യേകതയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്രസിഡന്റ് വിജയ് ഗാര്‍ഗ്, എ. പ്രദീപ് കുമാര്‍ എം.എല്‍. എ, രവി ഡി സി എന്നിവര്‍ സംസാരിച്ചു.

ഇന്നലെ രാവിലെ പത്തുമണിമുതല്‍ ആരംഭിച്ച വിവിധ സെഷനുകളില്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍, രാകേഷ് ശര്‍മ്മ, ആര്‍ക്കിടെക്ട് ബി.വി ദോഷി, പലിന്‍ഡ കണ്ണങ്കര, ഡോ. ടി.എം തോമസ് ഐസക്, വിജയ് ഗാര്‍ഗ്, അരിസ്റ്റോ സുരേഷ്, എം.എ ബേബി, പന്ന്യന്‍ രവീന്ദ്രന്‍, ഇന്ദ്രന്‍സ്, സത്യപ്രകാശ് വാരാണസി തുടങ്ങിയവര്‍ പങ്കെടുത്തു. വൈകുന്നേരം എം ടി വാസുദേവന്‍ നായരുടെ കൃതികളും ജീവിതവും കോര്‍ത്തിണക്കി കളം തീയറ്റര്‍ അവതരിപ്പിച്ച മഹാസാഗരം എന്ന നാടകവും അരങ്ങേറി.

രണ്ടാം ദിനമായ ഇന്ന് ജയ ജെയ്റ്റ്‌ലി, മനു എസ്. പിള്ള, അടൂര്‍ ഗോപാലകൃഷ്ണന്‍, സുനില്‍ പി. ഇളയിടം, സുഗതകുമാരി, സക്കറിയ, സാറാ ജോസഫ്, ഷാജി എന്‍. കരുണ്‍, ഭാഗ്യലക്ഷ്മി, കെ. അജിത, ബിജു പ്രഭാകര്‍ ഐ.എ.എസ് തുടങ്ങി നിരവധി പേര്‍ പങ്കെടുക്കുന്നു. വെകിട്ട് കലാശ്രീ രാമചന്ദ്രപുലവറും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്തും നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.