DCBOOKS
Malayalam News Literature Website

പൗരത്വബില്ലിനെതിരെ കേരളം നടത്തുന്ന പ്രതിഷേധങ്ങള്‍ പ്രത്യാശാജനകം: പ്രൊഫ. അരുണിമ

കോഴിക്കോട് നഗരത്തില്‍ നടക്കുന്ന, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ, കെ.എല്‍.എഫ് അഞ്ചാം പതിപ്പിന്റെ അവസാനത്തെ ദിനത്തില്‍, ദക്ഷിണേന്ത്യന്‍ ചരിത്രത്തെയും വിവിധ കാലഘട്ടങ്ങളില്‍ നടന്ന സുപ്രധാന സംഭവ വികാസങ്ങളെയും വിശകലനം ചെയ്യുന്നതിന് വേദി നാല്, കഥ സാക്ഷ്യം വഹിച്ചു. ‘സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി: ഹാപ്പെനിങ്‌സ് ഇന്‍ ദി ഡിസിപ്ലിന്‍’ എന്ന സംവാദ സദസ്സില്‍, എ.ആര്‍.വെങ്കിടാചലപതി, പ്രൊഫ. അരുണിമ എന്നിവരും മോഡറേറ്റര്‍ ആയി പി.ജെ വിന്‍സെന്റും പങ്കെടുത്തു. തെക്കേ ഇന്ത്യയിലെ വിവിധ കാലഘട്ടങ്ങളെ ചരിത്രത്തിന്റെ കോണില്‍ നിന്ന് വീക്ഷിച്ച സെഷന്‍, വേദിയിലുള്ളവര്‍ക്ക് തങ്ങളിലെ സ്വത്വബോധത്തെ ഉണര്‍ത്തുവാനും, തങ്ങള്‍ക്ക് പിന്നില്‍ പൂര്‍വികര്‍ പിന്നിട്ട വഴികള്‍ അറിയുവാനും സഹായകമാകുന്നതായിരുന്നു.

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഭക്ഷണ സംസ്‌കാരത്തിലൂടെയും, സാമൂഹിക ഘടനയിലൂടെയും കടന്ന് പോയ സദസ്സ്, ഓരോ കാലഘട്ടങ്ങളിലെയും നാഗരിക സംസ്‌കാരമാണ് ഇന്ന് നമ്മളെന്തായിരിക്കുന്നുവോ, അങ്ങോട്ടേക്കെത്തിച്ചതെന്ന അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു. പാനീയ സംസ്‌കാരത്തില്‍ നിന്നാണ് ഇന്ന് നിലനില്‍ക്കുന്ന പല ആചാരങ്ങളും ശീലങ്ങളും ഉത്ഭവിച്ചതെന്ന് ഓര്‍മിപ്പിച്ച മോഡറേറ്റര്‍ പി.ജെ വിന്‍സെന്റ്, ദക്ഷിണേന്ത്യയിലെ പാനീയ സംസ്‌കാരത്തെ കുറിച്ച് എ. ആര്‍ വെങ്കിട്ടാചലപാതിയോട് ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായി, കോഴിക്കോട്, സുലൈമാനി എങ്ങനെ മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട് കിടക്കുന്നുവോ, അത് പോലെ തന്നെ തമിഴ്‌നാട്ടില്‍ ചായ തുടങ്ങിയ പാനീയങ്ങള്‍ തൊഴിലാളി വര്‍ഗ്ഗവും, ഇസ്ലാം വിശ്വാസികളുമായി ഇഴ ചേര്‍ന്ന് ബന്ധപ്പെട്ട് കിടക്കുന്നുവെന്നു പറഞ്ഞു. ഒരു കാലത്ത്, ചായയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പരസ്യങ്ങള്‍ ചില സമുദായങ്ങളെ പ്രത്യേകം ഉന്നം വെച്ചിട്ടായിരുന്നുവെന്നു നിരീക്ഷിച്ച അദ്ദേഹം, ചരിത്രമെന്ന് പറയുമ്പോള്‍ രാഷ്ട്രീയസ്ഥിതി മാത്രം ചര്‍ച്ച ചെയ്യുന്ന രീതി മാറണമെന്നും, അതിനൊപ്പം തന്നെ സ്വദേശികളുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാത്തരം ശീലങ്ങളെയും പരിശോധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

നെല്ലില്‍ നിന്നും, മറ്റ് തനത് പ്രകൃതി വിഭവങ്ങളില്‍ നിന്നും സ്വയം മദ്യം ഉത്പാദിപ്പിക്കുവാനുള്ള ശേഷി ഉള്ള ഒരു സംസ്ഥാനം അങ്ങനെ ചെയ്യുന്നത് നിയമപരമായി നിരോധിച്ച് വിദേശ മദ്യം ഇറക്കുമതി ചെയ്യുന്നതിലെ വൈരുധ്യം അന്വേഷിച്ച മോഡറേറ്ററുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത പ്രഫ. അരുണിമ, അങ്ങേയറ്റം സ്ത്രീവിരുദ്ധത നിലനില്‍ക്കുന്ന സമൂഹത്തില്‍ ഉന്നയിക്കപ്പെടുന്ന സംശയമാണിതെന്ന് മറുപടി പറഞ്ഞു. എന്നാല്‍ തന്നെയും തൊഴില്‍, ഉത്പാദനം, എന്നിവയെ ഓരോ കാലഘട്ടങ്ങളിലൂടെ പരിശോധിക്കുന്നത് ഒരു നല്ല ഗവേഷണ മേഖലയാണെന്നും,അത് വിവിധ നൂറ്റാണ്ടുകള്‍ ദര്‍ശിച്ച സാമൂഹിക ഘടനയുടെ ചുരുളഴിക്കുമെന്നും അരുണിമ കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ചരിത്രം അറിയണമെങ്കില്‍, ചില പ്രദേശങ്ങളെ മാത്രം കേന്ദ്രീകരിച്ച് പഠിച്ചാല്‍ പോരെന്നും അതിന് സമുദ്രങ്ങള്‍ താണ്ടണമെന്നും തുടര്‍ന്ന അവര്‍ കേരളത്തെ മനസ്സിലാക്കണമെങ്കില്‍ ഐതിഹ്യ ഉത്പത്തികള്‍ മുതല്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചു.
കേരളം മാറ്റങ്ങളുടെ നാടാണെന്നും, ആളുകളും അവരില്‍ വികസിക്കുന്ന മാറ്റങ്ങളുമാണ് മലയാളി എന്ന അവസ്ഥയിലേക്ക് കേരളീയരെ എത്തിക്കുന്നതെന്ന് പറഞ്ഞ അരുണിമ, തമിഴ് നാട്ടില്‍ പത്തൊമ്പതാം നൂറ്റാണ്ട് വരെ മലയാളി എന്നാല്‍, നായര്‍ എന്ന സമുദായം മാത്രമായിരിന്നുവെന്നും, ഇരുപതാം നൂറ്റാണ്ടിനോടടുത്താണ് ഭാഷാടിസ്ഥാനത്തില്‍ മലയാളിയെ കാണാന്‍ തുടങ്ങിയതെന്നും കൂട്ടിച്ചേര്‍ത്തു. കേരളം രാഷ്ട്രീയപരമായി ഊര്‍ജമുള്ള സംസ്ഥാനമാണെന്ന് പ്രശംസിക്കുകയും ചെയ്ത അവര്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളം നടത്തിയ പ്രതിഷേധങ്ങളെ പ്രത്യാശാജനകമായി കാണുകയും ചെയ്തു.
ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ ചരിത്രത്തിന്റെ ക്യാന്‍വാസില്‍ വരച്ചു തീര്‍ത്ത ഈ സെഷന് മികച്ച ജനപങ്കാളിത്തമുണ്ടായിരുന്നു.

 

Comments are closed.