DCBOOKS
Malayalam News Literature Website

പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യം ചെയ്യുന്ന ഒരു ജെസെബല്‍…

മലയാള കഥയ്ക്കും നോവലിനും ശക്തമായ ആഖ്യാനശൈലി കൊണ്ട് ആധുനികഭാവങ്ങള്‍ സമ്മാനിക്കുന്ന എഴുത്തുകാരിയാണ്‌ കെ.ആര്‍. മീര.  മനോഹരമായ കഥകളിലൂടെ ലഘുനോവലുകളിലേക്ക് കടന്ന് ആരാച്ചാര്‍ പോലെ ഒരു ബൃഹദ് നോവലിലേക്ക് വികസിച്ച മീരയുടെ ഏറ്റവും പുതിയ നോവലാണ്‌ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. ജെസബെല്‍ എന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രവുമായി വീണ്ടും വായനക്കാരനെ പിടിച്ചുലയ്ക്കുകയും പുരുഷചിന്തകള്‍ക്കുമേല്‍ ചോദ്യശരങ്ങള്‍ തൊടുക്കുകയും ചെയ്യുന്ന അതിശക്തമായ ആവിഷ്‌കാരം.

ആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനംചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്ണിനാവും? ബൈബിളില്‍ ഒരു ജെസബെല്‍ അതിനു ശ്രമിച്ചു. പിന്നീട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു. ഒരു ജെസബെല്‍ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. അവള്‍ പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യം ചെയ്യുന്നു സ്വന്തം ജീവിതത്തെ അതിനുമുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്. അപ്പോള്‍ ലോകത്തിന്റെ ആധാരശിലകള്‍ ഇളകാന്‍ തുടങ്ങുന്നു. മറ്റൊരു ലോകം സാധ്യമാക്കാനുള്ള ആ ഇളക്കങ്ങളില്‍ ഒരുപാട് സ്ത്രീകളും പങ്കുചേരുന്നു.

ജെസബെലിന്റെ കഥ മീര പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെ…

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ വാടകഗുണ്ടയ്ക്കു പണം കൊടുത്തവള്‍ എന്നു കല്ലെറിയപ്പെട്ടു കുടുംബക്കോടതിയില്‍ നില്‍ക്കെ, ജെസബെലിനു വെളിപ്പെട്ടത്:
ക്രൂര പീഡാനുഭവങ്ങള്‍ മറികടക്കാന്‍ സ്വയം ക്രിസ്തുവായി സങ്കല്പിച്ചാല്‍ മതി.  പകുതി പണി തീരാത്ത കെട്ടിടത്തിലെ കോടതിമുറിയില്‍ നില്‍ക്കുമ്പോള്‍ നെഞ്ചില്‍ തൂങ്ങുന്ന ഭാരം മരക്കുരിശിന്റേതാണെന്നു കരുതുക. ഉയരം കുറഞ്ഞു തടിച്ച എതിര്‍വക്കീല്‍ ചോദ്യം ചോദിച്ചു തുടങ്ങുമ്പോള്‍ കുരിശുമായി ഗോല്‍ഗോഥാ കയറുകയാണ് എന്നു സങ്കല്പിക്കുക. ചോദ്യങ്ങളിലെ പ്രത്യക്ഷമായും പരോക്ഷമായുമുള്ള അധിക്ഷേപങ്ങള്‍ ചാട്ടവാറടിയായി കണക്കാക്കുക. ഓരോ തവണ ആത്മാവ് കൊല്ലപ്പെടുമ്പോഴും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും പിന്നെ വേദനയില്ലെന്നും തിരിച്ചറിയുക. ഒരിക്കലും പണി തീരാത്ത കെട്ടിടമായിരുന്നു കുടുംബക്കോടതി. റോഡിന്റെ ഒരു വശത്ത് പളളി. അവിടെ മനുഷ്യര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. മറുവശത്ത് കോടതി. അവിടെ മനുഷ്യര്‍ വേര്‍പിരിക്കപ്പെട്ടു. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മുറ്റത്തുകൂടിയായിരുന്നു കോടതിയിലേക്ക് ഇറങ്ങാനുള്ള പടിക്കെട്ട്. അതിനു കൈവരികളുണ്ടായിരുന്നില്ല. വല്യമ്മച്ചിയുടെ കൈ പിടിച്ച് ആ പടിക്കെട്ടുകള്‍ ആദ്യമിറങ്ങുമ്പോള്‍ത്തന്നെ ജെസബെല്‍ സ്വയം ഒരു പ്രവാചകയായി മാറി ആരുടെയോ അന്ത്യം ദീര്‍ഘദര്‍ശനം ചെയ്തു. മുകളില്‍നിന്നു വഴുതിവീഴുന്ന ഒരു ശരീരം അവള്‍ കണ്‍മുമ്പില്‍ക്കണ്ടു. താഴ്ചയിലുള്ള കോടതിക്കെട്ടിടത്തിന്റെ വരാന്തയുടെ ഒരറ്റത്തെ പെട്ടിക്കടയ്ക്കു മുകളിലേക്ക് അതു വീഴുന്നതും മിഠായിക്കുപ്പികള്‍ പൊട്ടിച്ചിതറുന്നതും അവള്‍ കണ്ടു. ജസ്രേലിലെ ജെസബെല്‍ രാജ്ഞി അവ്വിധമായിരുന്നുവല്ലോ, താഴേക്ക് എറിയപ്പെട്ടത്……..

‘ഇപ്പോഴും സ്വപ്നത്തിലുള്ള വലിയൊരു പുസ്തകത്തിന്റെ ഒരു ഭാഗം മാത്രമാണ് ജെസബെലിന്റെ കഥ. ‘ആരാച്ചാര്‍’ എഴുതിക്കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷവും വിഷാദം ഇടിയും മിന്നലും പേമാരിയുമായി പെയ്യുകയായിരുന്ന ഇരുണ്ട നാളുകളില്‍, പത്രപ്രവര്‍ത്തന കാലംമുതലുള്ള സുഹൃത്തും വനിത എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ എം. മധുചന്ദ്രന്‍ ഖണ്ഡഃശ പ്രസിദ്ധീകരിക്കാന്‍ ഒരു നോവല്‍ ആവശ്യപ്പെട്ടപ്പോള്‍ യാതൊരു മുന്നൊരുക്കവുമില്ലാതെ സമ്മതിച്ചത് എഴുത്ത് ഫിസിയോതെറാപ്പിപോലെയായതുകൊണ്ടാണ് – അത് ആത്മാവിന്റെ അസ്ഥികളെ ബലപ്പെടുത്തുന്നുവല്ലോ.’

(നോവലിന് കെ.ആര്‍. മീര  എഴുതിയ ആമുഖക്കുറിപ്പില്‍ നിന്നും)

Comments are closed.