DCBOOKS
Malayalam News Literature Website

ആരുമറിയാതെ തിരുവനന്തപുരം നഗരത്തിൽ ,ഭാര്യ സൈറാ ഭാനുവുനോടോപ്പം തിരക്കേറിയ റോഡിലൂടെ വേഷം മാറി സഞ്ചരിച്ച മഹാനടൻ

 

സൂര്യ കൃഷ്ണമൂർത്തി

അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ച മഹാനടൻ. 60 വർഷം കൊണ്ട് 40 സിനിമകളിൽ മാത്രം അഭിനയിച്ച പ്രതിഭാശാലി .മുഹമ്മദ് യൂസഫ് ഖാൻ എന്ന പഴക്കച്ചവടക്കാരൻ വെള്ളിത്തിരയിലെ മിന്നും താരമായ ദിലീപ് കുമാറായതിന് പിന്നിൽ ഇതിഹാസതുല്യമായ ഒരു ജീവിതമുണ്ട്. 1922 സിസംബറിൽ പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർ ഖാന്‍റെ പന്ത്രണ്ടുമക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസ്സിൽ മുഹമ്മദ് മുംബൈയിലെത്തി. നാല്‍പതുകളിൽ പൂനെയ്ക്കടുത്ത് മിലിട്ടറി ക്യാമ്പിൽ ക്യാന്‍റീൻ നടത്തി വരികയായിരുന്ന മുഹമ്മദ് യൂസഫ് ഖാനെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭർത്താവ് ഹിമാൻഷു റായിയുമാണ്.
1944-ൽ ദേവികാ റാണി നിർമ്മിച്ച ‘ജ്വാർ ഭാത’യിലെ നായകനായി സിനിമയിലെത്തി. പ്രശസ്ത ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരൺ വർമയാണ് മുഹമ്മദ് യൂസഫ്ഖാന്‍റെ പേര് ദിലീപ് കുമാർ എന്നാക്കിയത്. ഗംഗാജമുന’ എന്ന ചിത്രത്തിലൂടെ സിനിമാ നിർമ്മാതാവായി അദ്ദേഹം. ‘കലിംഗ’ എന്ന ചിത്രത്തിലൂടെ സംവിധായകനായെങ്കിലും ചിത്രം റിലീസായില്ല. നിരവധി ചിത്രങ്ങളിൽ ഒപ്പമഭിനയിച്ച, തന്നെക്കാൾ 22 വയസ്സിനിളപ്പമുള്ള സൈറാബാനുവിനെ ജീവിതസഖിയാക്കി അദ്ദേഹം.

ബോളിവുഡ് താരമായി തിളങ്ങി നിൽക്കുമ്പോൾ വിവാഹിതനായ ദിലീപ് കുമാറിന്റെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്ന് സഫലമായത് അന്തപുരിയിലാണ്.ഭാര്യ സൈറ ഭാനുവിനോടൊപ്പം തിരക്കേറിയ റോഡിലൂടെ ആരുടേയും ശ്രദ്ധയിൽപ്പെടാതെ കൈകോർത്തു നടക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം .1984 – ൽ സൂര്യ ഫെസ്റ്റിവലിന്റെ ഫിലിം ഫെസ്റ്റിന് ഉത്‌ഘാടനം നിർവ്വഹിക്കാനായി എത്തിയപ്പോഴാണ് ദിലീപ് കുമാറിന്റെ ഈ ഒരു ആഗ്രഹം എന്നോട് പങ്കു വെക്കുന്നത് .ആരാധകർ വളയുമെന്നതിനാൽ മുംബൈയിലോ ഉത്തരേന്ത്യയിലോ ഒന്നും ഇത് സാധിക്കില്ല എന്ന് അദ്ദേഹം എന്നോട് പറഞ്ഞു .അടുത്ത ദിവസം ഒരു അവസരം ഒരുക്കാമെന്നു ഞാൻ വാക്കു നൽകി .അന്ന് ഇരുവരും താമസിച്ചിരുന്നത് മസ്കറ്റ് ഹോട്ടലിൽ ആണ്. പെട്ടന്ന് തിരിച്ചറിയാനാകാത്ത വിധം അവരെ വേഷം മാറ്റാൻ ഞാൻ തീരുമാനിച്ചു .സാരിയും , മുണ്ടും , തൊപ്പിയും, വാക്കിങ് സ്റ്റിക്കുമായാണ് അടുത്ത ദിവസം ഞാൻ പോയത് .അവിടെത്തെ ജീവനക്കാരികൾ ചേർന്ന് സൈറ ഭാനുവിനെ സാരിയുടുപ്പിച്ചു .ദിലീപ് കുറാമിനെ മുണ്ടുടുപ്പിച്ചു ,ബെൽറ്റ് കെട്ടി ഉറപ്പിച്ചു .തൊപ്പിയും വാക്കിങ് സ്റ്റിക്കും പിടിപ്പിച്ചു .

രാത്രി കാറിൽ കയറ്റി അവരെ ഞാൻ കെൽട്രോൺ ജങ്ക്ഷനിൽ എത്തിച്ചു ,കാറിൽ നിന്നും പുറത്തിറക്കി.ഇരുവരും റോഡിന്റെ ഓരം ചേർന്ന് കൈപിടിച്ചു മ്യൂസിയം ഭാഗത്തേക്ക് നടന്നു. കുറച്ചു അകലത്തിൽ അവർക്കു പിന്നിലായി ഞാനും.ആരും തിരിച്ചറിയാതെ തന്നെ അവർ മ്യൂസിയം ജങ്ഷൻ കടന്ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ അരികിലൂടെ ഹോട്ടലിൽ എത്തി .വലിയ സന്തോഷമായിരിക്കുന്നു ഇരുവർക്കും.

തന്റെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം തിരുവനന്തപുരത്തു നിന്നും മടങ്ങിയത് .പിന്നീടും അദ്ദേഹവുമായുള്ള അടുപ്പം തുടർന്നിരുന്നു .കേരളത്തിൽ നിന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അദ്ദേഹം എന്നെ അറിയിക്കുമായിരുന്നു.ഞാൻ അത് എത്തിച്ചു കൊടുക്കുകയും ചെയ്യും.

നമ്മൾ ഇരിക്കുന്ന സ്ഥലത്തേക്ക് ഒരു സ്ത്രീ കടന്നു വന്നാൽ അവർ പ്രായത്തിൽ ഇളയതാണെങ്കിലും എഴുനേൽക്കണം എന്ന പാഠം അദ്ദേഹത്തിൽ നിന്നാണ് ഞാൻ പഠിച്ചത്. സ്ത്രീത്വത്തെ ആദരിക്കണം എന്ന അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് അദ്ദേഹം എനിക്ക് പറഞ്ഞു തന്നു.അന്ന് മുതൽ ഇന്ന് വരെ ഞാൻ ആ മാതൃക പിന്തുടരുന്നുണ്ട്.

ദിലീപ് കുമാറിനെ പോലെ ഉള്ള നടനൊക്കെ സിനിമാ പ്രേമികളിൽ ചെലുത്തിയ സ്വാധീനം അത്രയ്ക്കും വലുതാണ്. അദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകത്തിനു കനത്ത നഷ്ടമാണ്.

Comments are closed.