DCBOOKS
Malayalam News Literature Website

ആൺ-പെൺ ലോകങ്ങളിൽ സംഭവിക്കുന്ന അസ്വസ്ഥതപ്പെടുത്തുന്ന വിചാരണകൾ!

വിമീഷ് മണിയൂരിന്റെ ‘ശ്ലീലം’ എന്ന നോവലിന് രാജേഷ് ചിത്തിര എഴുതിയ വായനാനുഭവം

കാരണമാല , ശ്ലീലം എന്നീ പ്രകടമായി പരസ്പര ബന്ധമല്ലാത്ത രണ്ട് ഖണ്ഡങ്ങളായാണ് ശ്ലീലം എന്ന നോവലിന്റെ ഘടന.

ശ്ലീലം എന്നാല്‍ ഭംഗിയുള്ളത്, സുഖം പകരുന്നത് എന്നൊക്കെ അര്‍ത്ഥം. ഈ വാക്ക് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയില്‍ കാണാനായില്ലെങ്കിലും ഇതിന്റെ വിപരീതപദമായി കരുതുന്ന അശ്ലീലം കണ്ടെത്താന്‍ എളുപ്പമാണ്.

പരസ്പരം നേരിട്ട് ബന്ധമില്ലെങ്കിലും അശ്ലീലമല്ലാതിരിക്കേണ്ട ഒരു വിഷയം അവയെ ബന്ധിപ്പിക്കുന്നുണ്ട്. ഈ രണ്ടു ഖണ്ഡങ്ങളും മുന്നോട്ടു പോവുന്നത് ‘ മുറയ്ക്ക് കാര്യ ഹേതുക്കള്‍ / കോര്‍ത്താല്‍ കാരണമാലയാം ‘ എന്ന അലങ്കാരത്തിന്റെ രീതിയനുസരിച്ചാണ്. ഒപ്പം ഈ രണ്ടു വാക്കുകളുടെയും ആത്മാവ് തിരയുന്നുമുണ്ട്.

Textഭൂതകാലത്ത് തങ്ങള്‍ കടന്നു പോയ രണ്ടു അനുഭവങ്ങള്‍ വിചിത്രവീര്യന്‍ എന്ന കഥാപാത്രത്തെയും (ശ്ലീലം) കാരണമാലയിലെ നവവധുവിനേയും തങ്ങളുടെ വര്‍ത്തമാനകാല ജീവിതത്തില്‍ പിന്തുടരുന്നു. അതിന്റെ കാര്യ ഹേതുക്കള്‍ കോര്‍ത്ത് അവര്‍ തങ്ങളുടെ ജീവിതത്തിലൂടെയും ചുറ്റുപാടുകളിലൂടെയും സഞ്ചരിക്കുന്നു. അത് ശ്ലീലസംബന്ധിയായ അന്വേഷണമാണ്. രണ്ടു പേരുടെയും ജീവിതത്തില്‍ രതിയും ലൈംഗികതയും ശ്ലീലാശ്ലീലങ്ങള്‍ക്കിടയില്‍ നിര്‍വചിക്കാനാവാത്ത ഒരു ഡിലെമ സൃഷ്ടിക്കുന്നു.

ആദ്യ ഖണ്ഡമായ കാരണമാല ഉദ്വേഗഭരിതമാണ്. അന്വേഷണപരതയുള്ള, ആകാംഷ നിലനിര്‍ത്തിയുള്ള പരിണാമഗുപ്തിയുമായി ആ ഭാഗം വായനക്കാരന് വിട്ടുകൊടുത്ത് നോവല്‍ രണ്ടാം ഭാഗത്തേക്ക് കടക്കുന്നു. മഹാഭാരതത്തിലെ വിചിത്രവീര്യന്റെ ജീവിതത്തെ സംബന്ധിച്ച ഒരു വെളിപ്പെടുത്തലില്‍ ആണ് ശ്ലീലത്തിന്റെ കാതലുള്ളത്.

ആദ്യ ഭാഗത്തില്‍ തികച്ചും പരിചിതമായി തോന്നിപ്പിക്കുന്ന കഥാപരിസരമാണെങ്കിലും ശ്ലീലം എന്ന ഭാഗത്തിലാണ് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ വിമിഷിന്റെ സാന്നിധ്യം ദൃശ്യമാകുന്നത്. മഹാഭാരതത്തിലെ വിചിത്രവീര്യനില്‍ നിന്ന് 360 ഡിഗ്രി എതിരിലാണ് വിമീഷ് സൃഷ്ടിക്കുന്ന വിചിത്രവീര്യനുള്ളത്. അയാളുടെ ആത്മസംഘര്‍ഷങ്ങളിലേക്കുള്ള നോവല്‍ സഞ്ചാരം പതിഞ്ഞതാണ്. അയാളുടെ ചിന്തകളിലേക്കും അനുഭവങ്ങളിലേക്കും പ്രതികരണങ്ങളിലെക്കും വായനക്കാരനെ കൊണ്ട് പോകുന്നതും കാരണമാലയിലെ നവവധുവില്‍ നിന്ന് വ്യത്യസ്തമായ ഒരു പരിചരണത്തിലൂടെയാണ്. ഈ ഭാഗത്ത് വിമീഷിലെ കവി കൂടി നോവലിസ്റ്റിന് ഒപ്പമുണ്ട്.

‘എല്ലാ മനുഷ്യരും പുറത്തു വെളിപ്പെട്ടിട്ടില്ലാത്ത ചില അധിക വര്‍ഷങ്ങള്‍ ജീവിക്കുന്നുണ്ട്. ഒരിക്കലും പിടിക്കപ്പെടാത്ത കുറ്റങ്ങള്‍ കൊണ്ട് അതിലെ കലണ്ടറിന്റെ എല്ലാ ദിവസങ്ങളും ചോന്നിരിക്കുന്നു’/കാരണമാല.

‘ഒരപകടം ദുരന്തമാവുന്നത് അത് ജീവിതാവസാനം വരെ പിന്തുടരുകകൂടി ചെയ്യുമ്പോഴാണ് ‘

മരിച്ചു പോയവര്‍ ഒരു വിത്തിനോളം ചുരുങ്ങി ജീവിക്കാന്‍ പഠിച്ചവരാണ്. ജീവിച്ചിരിക്കുന്നവരുടെ വെള്ളവും വെയിലും അവര്‍ വലിച്ചു കൊണ്ടേയിരിക്കും / ശ്ലീലം

– ഇങ്ങനെ ചില ചിന്തകള്‍ വായനയ്ക്ക് ശേഷവും കൂടെപ്പോരുന്നുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.