DCBOOKS
Malayalam News Literature Website

സിസേക്കിന്റെ ക്രിസ്തു കാപ്പനച്ചന്റെ യേശു

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

സെബാസ്റ്റ്യന്‍ വട്ടമറ്റം

എന്നാല്‍, മതം യുക്തിയാല്‍ പുറത്താക്കപ്പെട്ടതോടെ ശാസ്ത്രത്തിന്റെ അന്വേഷണപരിധി ചുരുങ്ങി, അതു പ്രകൃതിശാസ്ത്രം മാത്രമായി പരിണമിച്ചു. ശാസ്ത്രീയമായ അറിവുകളുടെ പരിമിതി വിശ്വാസത്തിന്റെ തിരിച്ചുവരവിലേക്കു നയിച്ചു. അറിവും വിശ്വാസവും തമ്മിലുള്ള വിടവു വീണ്ടും പ്രത്യക്ഷപ്പെട്ടു : സ്ലവോയ്‌സിസേക്ക്, സെബാസ്റ്റിയന്‍ കാപ്പന്‍ എന്നിവരിലെ സമാനതകളിലൂടെ ഒരു പഠനം.

വിചാരതലത്തില്‍ പല സമാനതകളുമുള്ള രണ്ടു ചിന്തകരാണ് ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പനും സ്ലവോയ് സിസേക്കും. ഇരുവരും ലോകമുതലാളിത്തത്തിന്റെ കടുത്ത വിമര്‍ശകരാണ്, അതിനെതിരെ മാര്‍ക്സിസത്തെയും ക്രൈസ്തവചിന്തകളെയും പുനഃസൃഷ്ടിക്കാന്‍ കഴിയുമെന്നു കരുതുന്നവരുമാണ്. ഇരുവരിലുമുണ്ട് ഹെഗേലിയന്‍ താര്‍ക്കികദര്‍ശനത്തിന്റെ ശക്തമായ സ്വാധീനം. ക്രിസ്തുമതവിമര്‍ശത്തില്‍ ഇരുവരും വ്യത്യസ്തപാതകളിലൂടെയാണു നീങ്ങുന്നതെങ്കിലും ഒടുവില്‍ ഏതാണ്ടൊരേയിടത്തെത്തുകയും ചെയ്യുന്നു.

സിസേക്കിന്റെ ക്രിസ്തു

സിസേക്കും ജോണ്‍ മില്‍ബാങ്ക് എന്ന ദൈവശാസ്ത്രജ്ഞനും തമ്മില്‍ നടന്ന സംവാദത്തിന്റെ ഫലമാണ് ‘മോണ്‍സ്ട്രോസിറ്റി ഓഫ് ക്രൈസ്റ്റ്’ എന്ന പുസ്തകം. (Zizek and Milbank 2009) ഇതില്‍, ബൈബിളിലെ ക്രിസ്തുവിനെയും Pachakuthira Digital Editionദൈവികത്രിത്വത്തെയും ഹെഗേലിയന്‍ താര്‍ക്കികദര്‍ശനത്തിന്റെ വെളിച്ചത്തില്‍ സിസേക് നടത്തുന്ന വ്യാഖ്യാനത്തില്‍ മനുഷ്യനെയും സമൂഹത്തെയും കുറിച്ച് ഒരുപാട് ഉള്‍ക്കാഴ്ചകളുണ്ട്. ഒട്ടും സിസ്റ്റമാറ്റിക് അല്ല സിസേക് എന്നുള്ളതാണ് ഒരു പ്രശ്നം. അദ്ദേഹം വിട്ടുകളയുന്ന കണ്ണികള്‍ കൂട്ടിയിണക്കി അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ദൈവവും ക്രിസ്തുവും

ക്രിസ്തുമതവിശ്വാസികളുടെ പ്രതീകക്രമത്തിലെ ഏറ്റവും കാതലായ ഒരു ആഖ്യാനമാണല്ലോ ദൈവത്തിന്റെ മനുഷ്യാവതാരം. അതിനെ, പ്രപഞ്ചവേദിക്കു പിന്നില്‍ മറഞ്ഞിരുന്നു ചരടു വലിക്കുന്ന അതീത (tran-scendent) ദൈവത്തിന്റെ നിഷേധമായിട്ടാണു സിസേക് കാണുന്നത്. തന്റെ അതീതവാഴ്ചയെ കൈവിട്ട് ദൈവം തന്റെ സൃഷ്ടികളിലൊന്നായി സ്വയം പരിണമിക്കുന്നു. ക്രിസ്തു എന്ന ദൈവ-മനുഷ്യന്‍ മരണത്തോളം മനുഷ്യനായിത്തന്നെ തുടരുന്നു. അങ്ങനെ പ്രപഞ്ചത്തിനപ്പുറത്തിരുന്നു മനുഷ്യരായ നമ്മെ സദാ നിരീക്ഷിക്കുന്ന അത്യുന്നതന്‍ ഇല്ലാതാകുന്നു. ഇവിടെ നടക്കുന്ന എല്ലാത്തിനും ഉത്തരവാദി മനുഷ്യന്‍ മാത്രമാകുന്നു.

ഒടുവില്‍ ക്രിസ്തുവിന്റെ കുരിശിലെ മരണം ദൈവത്തിന്റെ മരണമാണ്. അതിനാല്‍ മനുഷ്യന് ഇനി ദൈവമാകാന്‍ – ദൈവത്തില്‍ ലയിച്ചു സായൂജ്യമടയാന്‍ – സാധ്യമല്ല. ക്രിസ്തുവുമായേ നമുക്കു താദാത്മ്യപ്പെടാനാവൂ. അങ്ങനെ, ദൈവത്തില്‍ നിന്നു മനുഷ്യനിലേക്കുള്ള താര്‍ക്കിക പരിണാമമാണു നടക്കുന്നത്.

പൂര്‍ണ്ണരൂപം 2023 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

 

Comments are closed.