DCBOOKS
Malayalam News Literature Website

സര്‍ സി.വി. രാമന്‍; ഇന്ത്യന്‍ ശാസ്ത്രലോകത്തെ സിംഹരാജന്‍

പ്രൊഫ.എസ്.ശിവദാസിന്റെ ‘അല്‍ ഹസന്‍ മുതല്‍ സി.വി.രാമന്‍ വരെ’ എന്ന പുസ്തകത്തില്‍ നിന്നും

താന്‍ ഒരു സിംഹമാണ് എന്നു തുറന്നുപറയാന്‍ മടിക്കാത്ത ആളായിരുന്നു സര്‍ സി.വി. രാമന്‍! പ്രശസ്തമായ ആ കഥ ആദ്യംതന്നെ പറയാം. ഇന്‍ഡ്യന്‍ അക്കാഡമി ഓഫ് സയന്‍സസ് 1934-ല്‍ സി.വി. രാമനാണ് തുടങ്ങിയത്. 1968-ല്‍ സി.വി. രാമന് 80 വയസ്സ് തികഞ്ഞു. ആ വര്‍ഷത്തെ അക്കാഡമി വാര്‍ഷികയോഗത്തില്‍ രാമനെ അനുമോദിക്കാന്‍ ഒരു പ്രത്യേക യോഗംതന്നെ ആരാധകര്‍ സംഘടിപ്പിച്ചു. അനേകംപേര്‍ രാമനെ സ്തുതിച്ചു സംസാരിച്ചു. രാമന്‍ അതിലൊന്നും വലിയ താത്പര്യം കാണിക്കാതെ നിശ്ശബ്ദനായി ഇരുന്നു. അവസാനം മറുപടിപ്രസംഗം പറയേണ്ട സമയത്ത് എഴുന്നേറ്റു. എല്ലാവര്‍ക്കും നന്ദി പറഞ്ഞു. എന്നിട്ടു തന്റെ ഉള്ളില്‍ തോന്നിയ വികാരവും പങ്കുവച്ചു. ”എനിക്ക് ഒരു സിംഹത്തിന്റെ ഹൃദയമാണുള്ളതെന്ന കാര്യം ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു.” അതെ; സിംഹത്തിന്റെ ഉശിര്. ആജ്ഞാശക്തി, ആത്മവിശ്വാസം, തലയെടുപ്പ്. സി.വി. രാമന് അതുണ്ടായിരുന്നു. ഉണ്ടായിരുന്ന കാര്യം ആ മഹാന് അറിയുകയും ചെയ്യാമായിരുന്നു! അതായിരുന്നു സി.വി. രാമന്‍!

സര്‍ ചന്ദ്രശേഖര വെങ്കിട്ടരാമന്‍ എഫ്ആര്‍എസ് (Sir Chandrasekhara Venkata Raman, FRS) ഇന്ത്യയിലെ ഏറ്റവും Textപ്രശസ്തനായ ശാസ്ത്രജ്ഞനാണ്. ശാസ്ത്രത്തില്‍ ഇന്ത്യയിലെ (ഏഷ്യയിലെയും) ആദ്യത്തെ നോബല്‍ സമ്മാനജേതാവാണ് അദ്ദേഹം. പ്രകാശ പ്രകീര്‍ണ്ണനത്തെപ്പറ്റിയുള്ള പഠനഫലമായി കണ്ടെത്തിയ രാമന്‍ ഇഫക്ടിനാണു നോബല്‍സമ്മാനം ലഭിച്ചത് (1930). 1954-ല്‍ അദ്ദേഹത്തിന് ‘ഭാരതരത്‌ന’ ബഹുമതിയും ലഭിച്ചു.

സി.വി. രാമന്റെ കുടുംബവേരുകള്‍ തഞ്ചാവൂരില്‍നിന്നു തുടങ്ങുന്നു. അവിടെ മങ്കുടി എന്ന ഒരു ഗ്രാമത്തിലായിരുന്നു രാമനാഥനെന്ന (1837-1906) ബ്രാഹ്മണന്‍ ജീവിച്ചിരുന്നത്. തമിഴും സംസ്‌കൃതവും മാത്രം പഠിച്ചു പൂജയും കൃഷിയുമായി ജീവിച്ച അദ്ദേഹം കാലം മാറുന്നതു കണ്ടറിഞ്ഞു. ബ്രിട്ടീഷ് ഭരണത്തിലായിരുന്നു ‘മദ്രാസ് പ്രോവിന്‍സ്.’ ഇംഗ്ലിഷ് വിദ്യാഭ്യാസം ലഭിക്കാതെ ഇനി കുട്ടികള്‍ക്കു ഭാവിയില്ല എന്ന് തിരിച്ചറിവുണ്ടായ അദ്ദേഹം തന്റെ മകന്‍ രാമനാഥന്‍ ചന്ദ്രശേഖറെ (1866-1910) അടുത്തുള്ള കുംഭകോണം പട്ടണത്തില്‍ ഇംഗ്ലിഷ് വിദ്യാഭ്യാസം നേടാനായി വിട്ടു. ചന്ദ്രശേഖറിന്റെ അമ്മൂമ്മ അവിടെ ഒരു ചെറിയ വീട് വാങ്ങിയിരുന്നു. അവിടെ തനിയെ താമസിച്ച് ഭക്ഷണം സ്വയമുണ്ടാക്കി അദ്ദേഹം ജീവിച്ചു; പഠിച്ചു. സമര്‍ത്ഥനായ ആ വിദ്യാര്‍ത്ഥി 1881-ല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നെ തിരുച്ചിറപ്പള്ളിയില്‍ കോളജില്‍ രണ്ടുവര്‍ഷം പഠിച്ചു. പിന്നീടു മദ്രാസ് ക്രിസ്റ്റ്യന്‍ കോളജില്‍ പഠനം തുടര്‍ന്നു. നല്ലനിലയില്‍ പഠിച്ചിരുന്ന രാമനാഥന്‍ ചന്ദ്രശേഖര്‍ ഇടയ്ക്ക് മറ്റുപ്രവര്‍ത്തനങ്ങളില്‍പെട്ടു പഠനം നിര്‍ത്തി. കുംഭകോണത്തടുത്ത് ഒരു സ്‌കൂള്‍ ആരംഭിച്ചു. പിന്നീടു തിരുച്ചിറപ്പള്ളിയിലെത്തി അവിടെ അദ്ധ്യാപകനായി.

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ അദ്ദേഹം വിവാഹിതനായിരുന്നു. ഭാര്യ പാര്‍വതി. തിരുച്ചിറപ്പള്ളിയില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആദ്യപുത്രന്‍ ജനിച്ചു. സി. സുബ്രഹ്മണ്യ അയ്യര്‍ (സി.എസ്. അയ്യര്‍). പിന്നീടു രണ്ടാമത്തെ പുത്രന്‍ ചന്ദ്രശേഖര വെങ്കിട്ടരാമനും ജനിച്ചു. ശമ്പളം കുറവായിരുന്നു അക്കാലത്ത് അദ്ധ്യാപകര്‍ക്ക്. എന്നിട്ടും, വീട്ടിലെ വിഷമങ്ങള്‍ക്കിടയിലും, രാമനാഥന്‍ ചന്ദ്രശേഖര്‍ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടിക്കൊണ്ടിരുന്നു. പഠനവും തുടര്‍ന്നു. അങ്ങനെ ഫിസിക്‌സ്, ഗണിതം, ഇംഗ്ലിഷ്‌സാഹിത്യം എന്നിവയില്‍ ഉപരിപഠനം നടത്തി. ബിരുദാനന്തരബിരുദംവരെ എടുത്തു. കോളജ് പ്രൊഫസറായി, വൈസ് പ്രിന്‍സിപ്പല്‍ പദവിയിലുമെത്തി. മദ്രാസിലെ പ്രശസ്തനും പ്രഗല്ഭനുമായ ഒരു വിദ്യാഭ്യാസ വിദഗ്ദ്ധനുമായി.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.