DCBOOKS
Malayalam News Literature Website

ശ്യാമമാധവത്തിലെ ആനന്ദകൃഷ്ണന്‍

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ അനേകം പുരസ്‌കാരങ്ങള്‍ നേടിയതും ഇതിഹാസസമാനമായ കാവ്യമെന്ന് ജ്ഞാപീഠജേതാവായ കവി ഒ എന്‍ വി കുറുപ്പ് വിശേഷിപ്പിച്ച ശ്യാമമാധവം ഇപ്പോള്‍ കേരളത്തില്‍ മറ്റൊരു അവര്‍ഡ് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കൃഷ്ണബിബംങ്ങളെ അവഹേളിച്ചെന്നാരോപിച്ച് നല്‍കിയ സ്വകാര്യഹര്‍ജിയില്‍ അവാര്‍ഡ്ദാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. മീശ എന്ന നോവല്‍വിവാദത്തിനുശേഷം ആവിഷ്‌കാരസ്വതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്ന പശ്ചാത്തലത്തില്‍ ശ്യാമമാധവത്തിലെ കൃഷ്ണനെക്കുറിച്ച് പ്രൊഫ.ഏറ്റുമാനൂര്‍ സോമദാസന്‍ എഴുതിയ പഠനത്തിലെ പ്രസ്‌ക്തമായി ഭാഗം വായിക്കാം..

ശ്യാമമാധവ‘ത്തില്‍ ഭാരതകഥാപത്രങ്ങളുമായി കൃഷ്ണന്‍ നടത്തുന്ന സംവാദങ്ങള്‍ അതീന്ദ്രിയതലത്തിലെ അനുഭവശകലങ്ങളായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും ഭൂതകാലസ്മൃതികളില്‍ ആണ്ടുമുങ്ങി പശ്ചാത്താപപരവശനാകുന്ന കൃഷ്ണനെ നാം കാണുന്നു. ആസന്നമരണനായ കൃഷ്ണന്റെ അന്തരംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന നൈമിഷികവും വിഭ്രാമകവുമായ അനുഭവങ്ങളാണിവ. എന്നാല്‍, കാവ്യത്തിന്റെ ഉത്തരഭാഗത്തേക്ക് കടക്കുമ്പോള്‍ ഈ അവതരണരീതിക്ക് കവി അദ്ഭുതകരമായ ഒരു വ്യതിയാനം വരുത്തിയിരിക്കുന്നു. കൃഷ്ണന്റെ ആത്മാവ് സൂര്യസന്നിഭമായ ഒരു തേജസ്സില്‍ കേന്ദ്രീകൃതമാവുകയും നാല് ഭിന്നവ്യക്തിത്വങ്ങളായി ശിഥിലീകൃതമാവുകയും ചെയ്യുന്നു. അശ്വത്ഥാമാവ്, ധൃതരാഷ്ട്രര്‍, ദ്രൗപദി, രുഗ്മിണി എന്നിവരെ നാലു കൃഷ്ണച്ഛായകള്‍ അഭിമുഖീകരിക്കുന്നു. തികച്ചും നവീനമായ ഒരു രചനാസങ്കേതമാണ് കവി ഇവിടെ സ്വീകരിച്ചിരിക്കുന്നത്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് വിദൂരമായ ഈ ദൃശ്യങ്ങള്‍ കാവ്യത്തിന് പുതിയൊരു മാനം നല്‍കുന്നു. കൃഷ്ണ ഹൃദയത്തിലെ അഗാധതലങ്ങളെ വെളിപ്പെടുത്താന്‍ ഇവ പ്രയോജനപ്പെടുകയും ചെയ്യുന്നു.

അശ്വത്ഥാമാവിനെ കൃഷ്ണഭാവം അഭിമുഖീകരിക്കുന്നത് അത്യന്തം സ്‌തോഭജനകമായ ഒരു സന്ദര്‍ഭത്തിലാണ്. തന്റെ അച്ഛനായ ദ്രോണരെ ചതിച്ച് കൊലചെയ്തതിലുള്ള ഒടുങ്ങാത്ത പകയുമായിട്ടാണ് ഈ യുവയോദ്ധാവ് യുദ്ധാന്ത്യത്തില്‍ പാണ്ഡവരുടെ പടകുടീരങ്ങളില്‍ ഇരുളിന്റെ മറപറ്റി ചെന്നുചേരുന്നത്. ഉറങ്ങിക്കിട
ക്കുന്ന ശത്രുവംശത്തിലെ ഇളം കുരുന്നുകളെപ്പോലും അയാള്‍ ഉന്മൂലനം ചെയ്യുന്നു. ഇത് യുദ്ധധര്‍മ്മത്തിനു നിരക്കാത്ത കര്‍മ്മമാണ്. പക്ഷേ, അതേസമയം അതു പുത്രധര്‍മ്മത്തിന്റെ നിറവേറ്റലുമാണ്. ഇരുട്ടില്‍ ഒളിച്ചുകളയുന്ന ആ സാഹസികനെ പിടിച്ചുകെട്ടി വിജയോന്മത്തരായ പാണ്ഡവര്‍ കൃഷ്ണന്റെ മുമ്പില്‍ എത്തിക്കുന്നു. വധത്തെക്കാള്‍ വലിയ ശിക്ഷയാണ് കൃഷ്ണന്‍ അയാള്‍ക്കു വിധിച്ചത്. അശ്വത്ഥാമാവിന്റെ ശിരസ്സിലെ ചൂഡാരത്‌നം ചൂഴ്‌ന്നെടുക്കാനും പാപത്തിന്റെ പ്രതീകമായി ഉന്മാദിയായി ലോകത്ത് ചുറ്റിക്കറങ്ങാനായി അയാളെ വിട്ടയയ്ക്കാനും ആയിരുന്നു കൃഷ്ണന്റെ തീര്‍പ്പ്. ഒരുപക്ഷേ, ഇതിഹാസകാരന്‍ പാപപങ്കിലമായ ഭവിഷ്യത്
കാലങ്ങളെ ഈ ദുര്‍ഭഗമനുഷ്യനിലൂടെ ആവിഷ്‌കരിക്കുകയാവാം ചെയ്തത്. പക്ഷേ, ‘ശ്യാമമാധവ’ത്തില്‍ കൃഷ്ണന്റെ അന്ത്യനിമിഷത്തില്‍ അയാള്‍ ഒരു പ്രഹേളികയായി മുന്നില്‍വന്നു നില്‍ക്കുന്നു. കാട്ടില്‍ അലയുന്ന വെറുമൊരു ഭ്രാന്തന്‍! കൈയില്‍ പാഴ്ക്കമ്പുകള്‍കൊണ്ടുള്ള വില്ലും ശരങ്ങളും. അമ്പുകള്‍ തുടര്‍ച്ചയായി അയാള്‍ ആകാശത്തേക്കയയ്ക്കുന്നു. അവ ലക്ഷ്യമൊന്നും ഇല്ലാതെ ഭൂമിയിലേക്കു കൊഴിഞ്ഞുവീഴുന്നു. ഈ ദൃശ്യം കൃഷ്ണനെ നടുക്കിക്കളഞ്ഞു. ലക്ഷ്യമില്ലാത്ത, അല്ലെങ്കില്‍ ലക്ഷ്യം പിഴച്ച അമ്പുകളാണ് താനും തൊടുത്തത് എന്ന് കൃഷ്ണന്‍ തിരിച്ചറിയുന്നു. ഒരു ഭ്രാന്തന്‍ മറ്റൊരു ഭ്രാന്തനെ നോക്കി ചിരിച്ച് ആര്‍ത്തട്ടഹസിക്കുന്നതുപോലെയായിരുന്നു അയാളുടെ മട്ട്. ഭ്രാന്ത് അയാള്‍ക്കോ തനിക്കോ എന്നു കൃഷ്ണനു വ്യക്തമാകുന്നില്ല. അശ്വത്ഥാമാവിലെ ഭ്രാന്ത് കൃഷ്ണനിലേക്കും സംക്രമിക്കുന്ന അതിതീവ്രമായ ഒരു ജീവിതമുഹൂര്‍ത്തമാണ് ഇവിടെ കവി സൃഷ്ടിച്ചിരിക്കുന്നത്.

ധൃതരാഷ്ട്രരെ സമീപിക്കുന്നത് മറ്റൊരു കൃഷ്ണഭാവമാണ്. കുരുക്കളില്‍ വൃദ്ധനായ ആ മഹാരാജാവ് എല്ലാം വലിച്ചെറിഞ്ഞ് ഐഹികബന്ധങ്ങളില്‍നിന്ന് മുക്തി കാംക്ഷിച്ച് വനവാസത്തിന് ഇറങ്ങിത്തിരിക്കുന്ന മുഹൂര്‍ത്തം. സാധ്വികളായ ഗാന്ധാരിയും കുന്തിയും ഒപ്പമുണ്ട്. അച്ഛനമ്മമാരുടെ അടങ്ങാത്ത പുത്രവ്യഥ തിരയടിക്കുന്ന ഈ വിഭ്രാമക സന്ദര്‍ഭത്തില്‍ എല്ലാറ്റിനും കാരണക്കാരനായിരുന്നു താന്‍ എന്ന കുറ്റബോധത്തിന് കൃഷ്ണന്‍ പൂര്‍ണമായും അടിപ്പെടുന്നു. കുരുവംശത്തിന്റെ കെടുതികള്‍ക്ക് ധൃതരാഷ്ട്രര്‍ ഒരിക്കലും കാരണക്കാരനായിരുന്നില്ല. യുദ്ധത്തിന് ഒരുങ്ങുന്ന സുയോധനനെ അദ്ദേഹം വിലക്കുകപോലും ചെയ്തു. യുദ്ധം കാണാനുള്ള ഉള്‍ക്കരുത്ത് ആ അന്ധരാജാവിന് ഉണ്ടായില്ല. നൂറു മക്കളെ നഷ്ടപ്പെട്ട ഈ അച്ഛന്റെ മഹാദുഃഖമളക്കാന്‍ ആര്‍ക്കാണ് കഴിയുന്നത്? ഭീമപ്രതിമയെ ഞെരിച്ചുടയ്ക്കാനുള്ള കൈത്തരിപ്പായി ആ ദുഃഖം അദ്ദേഹത്തില്‍ വ്യാപിക്കുകയാണുണ്ടായത്. ഒരു മഹാവംശത്തിന്റെ ധര്‍മ്മച്യുതി ആ യുദ്ധത്തിലൂടെ വെളിവായി. അതോടൊപ്പം ആ വംശത്തിന്റെ നാശവും. ധൃതരാഷ്ട്രരുടെ മുന്നില്‍ ഒരു കുറ്റവാളിയെപ്പോലെ നില്‍ക്കുന്ന കൃഷ്ണന് ഒരു തത്ത്വം വെളിവായി — യുദ്ധത്തില്‍ ആരും ജയിക്കുന്നുമില്ല; തോല്ക്കുന്നുമില്ല. തോല്‍വിയെക്കാള്‍ ഭയാനകവും ഭാരപൂര്‍ണവുമാണ് വിജയം. എവിടെ ധര്‍മ്മമുണ്ടോ അവിടെയാണ് വിജയം എന്ന ഗാന്ധാരിയുടെ പവിത്രവചസ്സുപോലും എത്ര നിരര്‍ത്ഥകമെന്ന് കൃഷ്ണനു ബോധ്യമാകുന്നു. ‘ജയവും തോല്‌വിയും ഭൂവില്‍ സമാനം സര്‍വകാലവും’ എന്ന വെളിപാടിലൂടെ ജയം എന്ത്? എന്ന വ്യാസന്റെ ചോദ്യത്തിനുള്ള ഉത്തരം ശ്യാമമാധവകാരന്‍ ഇവിടെ കണ്ടെത്തുന്നു.
‘ജയിച്ചു സിംഹാസനമേറി രാജ്യം
ഭരിച്ചുപോരുന്നവരാകിലെന്ത്?
മരിച്ചുചെന്തീയിലെരിഞ്ഞു ലോകം
വെടിഞ്ഞു പോകുന്നവരാകിലെന്ത്?
ഇവര്‍ക്കു നിത്യം പ്രിയപുത്രരെല്ലാം
സമാനരായ്ത്തീര്‍ന്നിതു വാര്‍ദ്ധകത്തില്‍!
ഇതിന്നുമങ്ങേപ്പുറമേതു സത്യം
തെളിക്കു,മെന്നെങ്ങൊരു ധര്‍മ്മയുദ്ധം?’
എന്ന ചോദ്യത്തിലൂടെ വ്യാസന്റെ സമസ്യ ഇവിടെ പൂരിപ്പിക്കപ്പെടുന്നു.
യൗവനത്തില്‍ കൃഷ്ണനെ ഹൃദയത്തില്‍വെച്ചാരാധിച്ച രണ്ടു കമനികളെയാണ് തുടര്‍ന്ന് കവി അവതരിപ്പിക്കുന്നത്. ജീവിതകാലം മുഴുവന്‍ അവഗണിക്കപ്പെടുകയും സപത്‌നീദുഃഖത്തിന്റെ തീച്ചൂളയില്‍ എരിഞ്ഞുനീറുകയും ചെയ്ത സാധ്വിയാണ് രുഗ്മിണി. താന്‍ ഒരിക്കലും അവളെ അറിഞ്ഞു സ്‌നേഹിച്ചിരുന്നില്ല എന്ന ഓര്‍മ കൃഷ്ണന്റെ ഉപബോധത്തിലുണ്ട്. മഹാമനസ്വിനിയായ അവള്‍ അതൊന്നും ഓര്‍മ്മപ്പെടുത്തുന്നില്ല. എങ്കിലും തന്റെ മരണത്തെത്തുടര്‍ന്ന് സതിക്ക് സന്നദ്ധയായി നിലകൊള്ളുന്ന രുഗ്മിണി, കൃഷ്ണന്റെ മനസ്സിനെ ദുഃഖത്തിന്റെ പെരുംകടലാക്കി മാറ്റുന്നു. ഈ കൃഷ്ണപത്‌നിയെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കവനവൈഭവം എത്ര പ്രശംസനീയമാണ് എന്നു തോന്നിപ്പോകുന്നു. ഭാരതകഥയില്‍ ഒരിടത്തും അര്‍ഹമായ സ്ഥാനം ലഭിക്കാതെ പോയ ശക്തിസ്വരൂപിണിയായ രുഗ്മിണിയെ കടുത്ത നിറങ്ങളില്‍ പുനരാവിഷ്‌കരിക്കാനും അനുവാചകഹൃദയങ്ങളില്‍ ഒരു മഹാവ്യഥയുടെ നിത്യപ്രതീകമാക്കി പ്രതിഷ്ഠിക്കാനും കവിക്കു കഴിഞ്ഞിരിക്കുന്നു.

കുറേക്കൂടി സങ്കീര്‍ണമാണ് കൃഷ്ണനും പാഞ്ചാലിയും തമ്മിലുള്ള ബന്ധം. പുരുഷസൗന്ദര്യത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്ന കര്‍ണനെപ്പോലും അവഹേളിച്ച് സ്വയംവരസദസ്സില്‍നിന്നും ആട്ടിപ്പായിച്ചവളാണ് പാഞ്ചാലി. കമനീയാംഗനും കാമസമാനനുമായ കൃഷ്ണനെ മാത്രമാണ് അവള്‍ ആഗ്രഹിച്ചത്. പക്ഷേ, വിധിയുടെ നിയോഗം മറ്റൊന്നായിരുന്നു. അവള്‍ പാണ്ഡവരുടെ പത്‌നിയായി, കുരുക്ഷേത്രയുദ്ധത്തിന്റെ കേന്ദ്രബിന്ദുവുമായി. അഭിമാനിനിയായ ഈ പാണ്ഡവപത്‌നിക്ക് ഇത്തരം അവസ്ഥ ആര്‍ഷകവി വിവക്ഷിച്ചിരുന്നുവോ എന്ന് തീര്‍ച്ചയില്ല. ഒരുപക്ഷേ, മഹാഭാരതം അനുവദിച്ചാലും ഇല്ലെങ്കിലും ഇങ്ങനെയുള്ള ഒരു വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് ഈ കവി തെളിയിച്ചിരിക്കുന്നു. ഭാരതാഖ്യാനത്തിന്റെ ഭദ്രദീപങ്ങള്‍ വെളിച്ചം പകരുന്ന വഴികളില്‍ക്കൂടിയാണ് ‘ശ്യാമമാധവ’കാരന്‍ സഞ്ചരിക്കുന്നതെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ആ വെളിച്ചത്തിന്റെ നിഴലുകളെ അദ്ദേഹം അന്വേഷിക്കുന്നു. പാഞ്ചാലിയും കൃഷ്ണനും തമ്മിലുള്ള ദുരൂഹമായ അടുപ്പം, മനുഷ്യമനസ്സിന്റെ ആഴങ്ങള്‍ ആരായുന്ന കവിക്ക് വളരെയധികം സര്‍ഗ്ഗസാധ്യത നല്‍കിയ ഒന്നാണ്. പൂര്‍വകവികളും ഇത്തരത്തില്‍ പാഞ്ചാലിയുടെ മനസ്സിനെ ഒന്നു കടാക്ഷിക്കാന്‍ ഒരുമ്പെട്ടിരുന്നുവെന്ന് കുഞ്ചന്‍നമ്പ്യാരുടെ ‘കമലാകാന്തന്റെ’ എന്നു തുടങ്ങുന്ന വരികള്‍ വ്യക്തമാക്കുന്നു.

ഇങ്ങനെ കൃഷ്ണന്റെ വ്യക്തിത്വത്തെ നാലായി ഇഴപിരിച്ച് ആ മനസ്സിന്റെ നിഗൂഢ വ്യാപാരങ്ങള്‍ മറ്റു കഥാപാത്രങ്ങളില്‍ എത്തിക്കുകയെന്ന അത്യപൂര്‍വമായ രചനാകൗശലം അനുഗൃഹീതനായ ഈ കവി സമര്‍ത്ഥമായി പ്രയോഗിച്ചുകാണുന്നു. ആനന്ദകൃഷ്ണനെ ‘ശ്യാമമാധവ‘നായി അവതരിപ്പിക്കുന്നതില്‍ ഈ കവി രചനാസങ്കേതങ്ങളുടെ അപൂര്‍വ്വതകൊണ്ട് അനായാസമായി വിജയം നേടിയിട്ടുണ്ട്.
(ശ്യാമമാധവം എന്ന പുസ്തകത്തിന് പ്രൊഫ.ഏറ്റുമാനൂര്‍ സോമദാസന്‍ എഴുതിയ പഠനത്തിലെ പ്രസ്‌ക്തഭാഗം)

Comments are closed.