DCBOOKS
Malayalam News Literature Website

2017 ലെ ശ്രദ്ധേയമായ ചെറുകഥകള്‍

മലയാളത്തില്‍ ഇതര സാഹിത്യവിഭാഗങ്ങളെ അപേക്ഷിച്ച് ചെറുകഥാസാഹിത്യത്തിന് ഉണ്ടായ വളര്‍ച്ച വിസ്മയാവഹമാണ്. ആനുകാലിക ചരിത്രത്തോടും വൈയക്തികാനുഭവത്തോടും സാമൂഹികാവസ്ഥയോടും ഒക്കെ സക്രിയമായി പ്രതികരിച്ചുകൊണ്ടാണ് പ്രമേയതലത്തില്‍ ചെറുകഥ മികവു നേടുന്നതെന്നും നാം കണ്ടു. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട കഥകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. കഴിഞ്ഞദിവസം, എന്‍ എസ് മാധവന്‍ എഡിറ്റുചെയ്ത മലയാളകഥ; 60 കഥകള്‍’ മുതല്‍ കെ ആര്‍ മീരയുടേതായി പുറത്തിറങ്ങിയ ഭഗവാന്റെ മരണം വരെയുള്ള കഥകളെപരിചയപ്പെട്ടു. ഇനി ബോണി തോമസ്,ഇ.പി. ശ്രീകുമാര്‍, സോക്രട്ടീസ് വാലത്ത്, ഇന്ദുമേനോന്‍വി. ജയദേവ് തുടങ്ങിയവരുടെ കഥകളെക്കുറിച്ചറിയാം.

കഥയുടെ വഴിയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ബോണി തോമസിന്റെ ‘ഡോഗ് സ്‌പെയ്‌സ്’എന്ന സമാഹാരം. വാക്കുകള്‍ കൊണ്ടെന്നപോലെ വരകള്‍ കൊണ്ടും വിനിമയം നടത്താന്‍ശ്രമിക്കുന്ന രചനകളാണിവ. കൊച്ചി നഗരത്തിന്റെ പരിസര പ്രദേശങ്ങളുടെ സവിശേഷമായ ജീവിതാന്തരീക്ഷം ഈ കഥകളില്‍ പിടിച്ചെടുക്കാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നു. വരയിലൂടെയും കഥയിലൂടെയും കമ്മ്യൂണിക്കേഷനാണ് താന്‍ ലക്ഷ്യമാക്കുന്നതെന്ന് കഥാകൃത്ത് പറയുന്നുണ്ട്, ആമുഖത്തില്‍.

സമകാലികമായ ലോകാനുഭവങ്ങള്‍ക്കു നേരേയുള്ള പ്രതികരണങ്ങളാണ് ഇ.പി. ശ്രീകുമാറിന്റെമിക്ക കഥകളും.

നാണ്യകേന്ദ്രിതവും സാങ്കേതികവിദ്യയില്‍ നിയന്ത്രിതവുമായ സമകാലികജീവിതത്തിന്റെ പലതരം സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് നട്ടംതിരിയുന്ന മനുഷ്യരുടെ ചിത്രങ്ങളാണവയില്‍ തെളിയുന്നത്. ആ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ അദ്ധ്വാനത്തെ പരമാവധി ചൂഷണം ചെയ്യുന്ന രീതിയാണുള്ളത്. കോര്‍പ്പറേറ്റ് മേഖലയുടെ ജീവിതാന്തരീക്ഷം ഇ.പി. ശ്രീകുമാറിന്റെ പലകഥകളിലുമുണ്ട്. അദ്ധ്വാനവേട്ട എന്ന സമാഹാരത്തിലെ കഥകളും ഈ പ്രമേയപരിസരങ്ങളെ കേന്ദ്രീകരിക്കുന്നവയാണ്.

സോക്രട്ടീസ് വാലത്തിന്റെ ‘ന്യായവിധി’ ഏഴുകഥകളുടെ സമാഹാരമാണ്. ജീവിതത്തിന്റെ സംഘര്‍ഷങ്ങളിലേക്കും പരുക്കന്‍ അവസ്ഥകളിലേക്കും കടന്നുചെന്ന് സൂക്ഷ്മാവിഷ്‌കാരം നടത്തുന്നവയാണ് സോക്രട്ടീസിന്റെ കഥകള്‍. നാഗരികത സൃഷ്ടിക്കുന്ന ജീവിതസങ്കീര്‍ണ്ണതകളും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉളവാക്കുന്ന വിപര്യയങ്ങളുമൊക്കെ ഈ കഥകളില്‍ പ്രമേയമാകുന്നു. ഇഴമുറുക്കമുള്ള രചനകളാണ് ഈ കഥാകൃത്തിന്റേത്.

ആശയചര്‍ച്ചകളുടെ തലത്തിലേക്ക് കടക്കുന്നവയാണ്. വി. ജയദേവിന്റെ ചെറുകഥകള്‍. ‘ഭയോളജി’എന്ന സമാഹാരത്തിലെ രചനകള്‍ പലതും ആ സ്വഭാവം പുലര്‍ത്തുന്നു. ‘ഒരു കത്തിക്കുവേണ്ട കുറഞ്ഞമൂര്‍ച്ച’ പോലെയുള്ള കഥകളില്‍ സൂക്ഷ്മമായ ചില ജീവിതസമസ്യകളിലേക്ക് കടന്നുചെല്ലാനാണ് കഥാകൃത്തിന്റെ ശ്രമം.

സമകാലിക മലയാള ചെറുകഥയിലെ സ്ത്രീ സ്വരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇന്ദുമേനോന്‍. ‘പഴരസത്തോട്ടം എന്ന പുതിയ സമാഹാരത്തില്‍ ആത്മാനുഭവത്തിന്റെയും ലോകാനുഭവത്തിന്റെയും വ്യത്യസ്തമാനങ്ങളുള്ള കഥകള്‍ ആണുള്ളത്. ചരിത്രാനുഭവത്തിന്റെ പ്രകോപനപരമായ ഒരു മുഖമാണ് ‘ഡി’ എന്ന കഥയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

മലയാള ചെറുകഥയുടെ പുതിയ മുഖത്തിന്റെ പ്രതിനിധികളാണ് കെ.വി.പ്രവീണ്‍, വിനോയ് തോമസ്, അജിജേഷ് പച്ചാട്ട് തുടങ്ങിയവര്‍. ഈ ദശകത്തില്‍ കഥാരംഗത്ത് ശ്രദ്ധിക്കപ്പെട്ടവര്‍. വിനോയ് തോമസിന്റെ’രാമച്ചി’ശക്തമായ ഏതാനും കഥകളുടെ സമാഹാരമാണ്. പച്ചമണ്ണിന്റെ വീറുള്ള ഈ രചനകള്‍ പ്രമേയത്തിലും ആവിഷ്‌കാരത്തിലും തനിമയും വ്യത്യസ്തതയും പുലര്‍ത്തുന്നു. രാമച്ചി, മൂര്‍ഖന്‍ പാമ്പ്, ഉടമസ്ഥന്‍ തുടങ്ങിയ കഥകള്‍ ഈ സമാഹാരത്തിലുണ്ട്.

സൈബര്‍ വലയ്ക്കുള്ളില്‍ ജീവിക്കുന്ന പുതിയകാലത്തിന്റെ മനുഷ്യാവസ്ഥയുടെ പല മുഖങ്ങളും കെ.വി. പ്രവീണിന്റെ കഥകളില്‍ തെളിയുന്നു; യാഥാര്‍ത്ഥ്യങ്ങളും സാധ്യതകളും ഇഴചേര്‍ന്ന് കഥാശില്പങ്ങള്‍ രൂപപ്പെടുന്നു. ‘ഓര്‍മ്മച്ചിപ്പ്’ എന്ന സമാഹാരം അത്തരം സാധ്യതകളുടെയും സത്യങ്ങളുടെയും കഥകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ‘ജാക്ക്‌പോട്ട്,’ ‘വണ്ടര്‍വുമണ്‍,’ ‘ഡാര്‍വിന്റെ ദൈവം’ തുടങ്ങിയ ശ്രദ്ധേയമായ കഥകള്‍ ഈസമാഹാരത്തിലുണ്ട്.

സമകാലിക ജീവിതത്തിന്റെ അപഭ്രംശങ്ങളാണ് അജിജേഷ് പച്ചാട്ടിന്റെ പല കഥകളിലും തെളിയുന്നത് പലപ്പോഴും ജീവിതത്തിന്റെ അരാജകാംശങ്ങളില്‍ ആ കഥകള്‍ കേന്ദ്രീകരിക്കുന്നു. സദാചാരത്തിന്റെയും സാമൂഹികവിലക്കുകളുടെയും പരിധിക്കു പുറത്തേക്കു കടന്ന് ജീവിതത്തിലേക്ക് നോക്കാനുള്ളപ്രവണത അവയില്‍ കാണാം.’ദൈവക്കളി‘ എന്ന സമാഹാരത്തിലെ പത്തു കഥകളും ഈ രീതിയില്‍ വൈചിത്ര്യം പുലര്‍ത്തുന്നവയാണ്. മലയാളചെറുകഥയുടെ ഒരു ചരിത്രഘട്ടത്തില്‍നിന്നുള്ള മികവാര്‍ന്ന രചനകളുള്‍ക്കൊള്ളുന്ന ‘മലയാളകഥ’യും വര്‍ത്തമാനകലയുടെ മുഖങ്ങള്‍ ആവിഷ്‌കരിക്കുന്ന ഇവിടെ പരാമര്‍ശിച്ച ഇതര സമാഹാരങ്ങളും മലയാള ചെറുകഥയുടെ വൈവിധ്യത്തെ അടയാളെപ്പടുത്തുന്നു.

Comments are closed.