DCBOOKS
Malayalam News Literature Website

പ്രേതങ്ങള്‍ സഞ്ചരിക്കുമ്പോള്‍

ഒ. വി. ശാന്ത
വര ഒ വി വിജയന്‍

വികാരങ്ങളുടെ വെയിലടിക്കുന്ന മരുഭൂമികളില്‍ പൊരിഞ്ഞുപായുന്ന പ്രേതങ്ങള്‍ ദാഹം മാറ്റാന്‍ ശ്രമിക്കുകയാണ്. ആപ്പിള്‍പ്പഴങ്ങള്‍ പോലത്തെ കവിളുകളും കനത്ത നിതംബപ്രദേശവുമുള്ള, കല്യാണം കഴിക്കാത്ത ആ സ്ത്രീയുടെ കിടപ്പറയിലേക്കു സില്‍വിയ പോവുകയാണ്. പാപങ്ങളുടെ പൊള്ളുന്ന അനുഭൂതിയിലേക്ക് നുഴഞ്ഞിറങ്ങാന്‍ സില്‍വിയ പോവുകയാണ്, സിസ്റ്റര്‍ കലാസോവിന്റെ കിടപ്പറയിലേക്ക്…!

ആ അര്‍ദ്ധരാത്രി, എന്റെ മുറിയില്‍ കൂനിപ്പിടിച്ചിരുന്നുകൊണ്ട് സില്‍വിയ പറഞ്ഞു: ”ഫ്രാന്‍സിസ്സച്ചനാണ്…”

വിശ്വസിക്കാന്‍ സാധിക്കാതെ ഞാന്‍ ഇരുന്നുപോയി. സില്‍വിയയ്ക്ക് ഉണ്ടായിരുന്ന ആ കുഞ്ഞിന്റെ അച്ഛന്‍ ഫ്രാന്‍സിസ് പാതിരിയാണെന്ന്. ആ നല്ല മനുഷ്യന്‍ ഈ പാപത്തിന് മുന്‍കൈയ്യെടുക്കുകയെന്നോ? വെളുത്ത അങ്കികള്‍ക്കകത്തുള്ള പരിശുദ്ധിയിലെ ഞാനര്‍പ്പിച്ച വിശ്വാസത്തിനു നേരെ എത്തിപ്പിടിക്കാന്‍ കൈ നീട്ടുകയാണ് ആ വാക്കുകള്‍. പക്ഷേ അവളുടെ കണ്ണുകള്‍ പാഷാണക്കല്ലുകളെപ്പോലെ പ്രകാശിക്കുന്നു. സത്യത്തിന്റെ ജ്വാലകളാണവയില്‍.

മിനിഞ്ഞാന്ന് കോണ്‍വെന്റില്‍ വന്നപ്പോള്‍, ചിരിച്ചുംകൊണ്ടു എന്റെ മുതുകത്തു തട്ടി കുശലമന്വേഷിച്ച ഫ്രാന്‍സിസ് പാതിരി! ഞങ്ങള്‍ മുന്നൂറിലേറെ വിദ്യാര്‍ത്ഥിനികളുണ്ടിവിടെ. കണ്ടുമുട്ടിയാല്‍ ആരേയും കുശലം പറയാതെ ആ പാതിരികള്‍ വിട്ടയയ്ക്കില്ല. എല്ലാവര്‍ക്കും Pachakuthiraഅവരെ ഇഷ്ടമാണു താനും.

ഞാന്‍ മനസ്സുകൊണ്ടു എന്തൊക്കെയോ രംഗങ്ങള്‍ വരച്ചുകൂട്ടിപ്പോവുകയായിരുന്നു. അവള്‍ പിന്നേയും പറയുന്നു, കഥകള്‍! സ്വന്തം കണ്ണുകൊണ്ടവള്‍ കണ്ടിട്ടുണ്ടുപോലും. വില്യംസുപാതിരിയും സിസ്റ്റര്‍ കരോളിനയും കൂടി… ഒരാശ്ലേഷത്തില്‍… പാതിരാത്രിക്കു കാറുകള്‍ കോണ്‍വന്റുവളപ്പില്‍ ഞരങ്ങുന്നതു കേട്ടിട്ടില്ലേ എന്ന് സില്‍വിയ ചോദിച്ചു. പിന്നെയും അവള്‍ ചോദിക്കുന്നു, ഭയാനകമായി എന്റെ മുഖത്തേക്കു ഉറ്റുനോക്കിയിട്ട്: ”കൊന്തകള്‍ കിലുങ്ങിപ്പോവുന്നതു കേട്ടിട്ടുണ്ടോ?”

ഞാന്‍ ചിലപ്പോഴെല്ലാം ആ ശബ്ദങ്ങള്‍ കേട്ടിട്ടുണ്ട്. പ്രേതകഥകളെ അനുസ്മരിപ്പിക്കുന്നവയായിരുന്നു ആ ശബ്ദങ്ങള്‍. ലൂസി ഇന്നും പറയുന്നു, അവ പ്രേതങ്ങളുടെ സഞ്ചാരമാണെന്ന്.

മൂന്നുകൊല്ലം മുമ്പത്തേ ഒരനുഭവം ലൂസി എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് ലൂസി ഇന്ററിന് പഠിക്കുകയായിരുന്നു. പത്തുമണി കഴിഞ്ഞാല്‍ കോണ്‍വെന്റില്‍ വിളക്കു കത്തിക്കൂടാ. നീക്കുപോക്കില്ലാത്ത നിയമമായിരുന്നു അത്. വേദവാക്യോച്ചാരണം വിശുദ്ധമാക്കിത്തീര്‍ത്ത ആ സ്ഥലം ചേതനയറ്റ നിശബ്ദതയില്‍ കിടക്കുന്നു. വെള്ളിനിലാവിലുയര്‍ന്ന പ്രേത
ങ്ങളെപ്പോലെ ഭീമാകാരങ്ങളായ സൂചിയിലമരങ്ങള്‍ ചൂളമിട്ടുകൊണ്ടിരുന്നു. നെപ്പോളിയന്റെ പാളയത്തില്‍ നിയമം ലംഘിച്ച പട്ടാളക്കാരനെപ്പോലെ ലൂസിയും റൂംമെയ്റ്റ് പത്മയും കൂടി ഒരു മെഴുകുതിരിയും കത്തിച്ച് ഇരിക്കുകയായിരുന്നു. ഷേപ്പലിലെ ക്ലോക്കു രണ്ടടിച്ചു. ഒരു പത്ത് നിമിഷങ്ങള്‍കൂടി നീങ്ങിയിരിക്കണം. പെട്ടെന്ന് അല്പം ദൂരത്തുനിന്ന് കൊന്തകള്‍ കിലുങ്ങുന്നതു അവര്‍ കേട്ടു. നേര്‍ത്ത പൈശാചികമായ ചിലമ്പൊച്ച പോലെ. അവര്‍ മെഴുകുതിരി ഊതിക്കെടുത്തി; പേടിച്ചുവിറച്ചുകൊണ്ടവര്‍ ശ്രദ്ധിച്ചു. മരിച്ചുപോയ കന്യാസ്ത്രീകളുടെ പ്രേതങ്ങള്‍ നിശാമൂകതയിലൂടെ സഞ്ചരിക്കുമ്പോള്‍ കൊന്തകള്‍ കിലുങ്ങാറുണ്ടത്രെ, മരണത്തിന്റെ നിശ്വാസങ്ങളെപ്പോലെ ശബ്ദിച്ചുകൊണ്ട് അങ്കികള്‍ നിലത്തിഴയാറുണ്ടത്രെ.

അവര്‍ ശ്രദ്ധിച്ചു —
ആ കിലുക്കങ്ങള്‍ അകന്നകന്നുപോവുകയാണ്. ലൂസിയും പത്മയും ജനവാതിലില്‍ കൂടെ എത്തിനോക്കി. വെളിച്ചത്തിന്റെ ഒരൊറ്റപ്പഴുതു പോലുമില്ലാത്ത ആ രാത്രിയുടെ ചലനങ്ങള്‍ പോലെ ”നണ്‍സ് ലോഡ്ജി” ല്‍ നിന്ന് വീണ്ടും ആ കിലുക്കങ്ങള്‍ — വളരെ നേര്‍ത്ത കിലുക്കങ്ങള്‍. കുറെ കറുത്ത രൂപങ്ങള്‍ നണ്‍സ് ലോഡ്ജിന്റെ ഒതുക്കിറങ്ങുന്നത് അവര്‍ കണ്ടു. ചൂളമരങ്ങളുടെ ചോട്ടില്‍കൂടി, ഇരുളിന്റെ കഷ്ണങ്ങളെപ്പോലെ നീങ്ങിപ്പോവുന്ന ആ രൂപങ്ങളെ പേടിച്ചുവിറക്കുന്ന ആ പെണ്‍കുട്ടികള്‍ നോക്കിക്കൊണ്ടു നിന്നു…

പൂര്‍ണ്ണരൂപം വായിക്കാന്‍  ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

Comments are closed.