DCBOOKS
Malayalam News Literature Website

‘ശിഖണ്ഡിനി’; ഒന്നായതിനെ മറ്റൊന്നാക്കി വളര്‍ത്തുന്ന സമൂഹത്തിന്റെ അനീതിയ്‌ക്കെതിരെ ഉള്ള ഒരു വലിയ ചോദ്യം!

ഷീജ വക്കം എഴുതിയ ‘ശിഖണ്ഡിനിയ്ക്ക്  ജോണി എം എൽ എഴുതിയ വായനാനുഭവം 

സമകാലിക മലയാള കവിതാരംഗത്ത് ഇതാ ഒരു മാസ്റ്റർപീസ് എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് വെയ്ക്കാൻ ഞാൻ ധൈര്യപ്പെടുന്ന ഒരു പുസ്തകം വായിച്ചതിന്റെ അത്ഭുതാവേശങ്ങളിൽ ഇരുന്നു കൊണ്ടാണ് ഈ ചെറിയ കുറിപ്പ് ഞാൻ എഴുതുന്നത്. ഷീജ വക്കം എഴുതിയ, ഡി സി ബുക്സിന്റെ നാല്പത്തിയേഴാം വാർഷികം പ്രമാണിച്ച് ഇറക്കിയ നാല്പത്തിയേഴു കൃതികളിൽ ഒന്നായ ‘ശിഖണ്ഡിനി‘ എന്ന ബൃഹദ് കവിതാഖ്യാനം (അതോ ഞാൻ അതിനെ കാവ്യ ആഖ്യായിക എന്നാണോ വിളിക്കേണ്ടത്?) ഒരു മാസ്റ്റർപീസ് എന്ന വിശേഷണത്തിന് സർവഥാ യോഗ്യമായി ഭവിച്ചിരിക്കുന്നു.

കഴിഞ്ഞ നാലോ അഞ്ചോ വര്ഷങ്ങളായി ഷീജ നടത്തിയ പഠനങ്ങളുടെയും മനനങ്ങളുടെയും പണിക്കുറതീർക്കലിന്റെയും ഫലമായുണ്ടായ ഫലസ്വരൂപമാണ് ‘ശിഖണ്ഡിനി’ എന്ന പേരിൽ വായനക്കാരുടെ കൈകളിൽ എത്തുന്നത്. ആമുഖത്തിൽ ഷീജ തന്നെ പറയുന്നുണ്ട്, ഇതൊരു നോവൽ ആണെന്ന്. അതൊരു ധീരമായ പ്രഖ്യാപനമാണ് കാരണം ഇത് നോവൽ ആയിരിക്കുന്നത് സമീപനത്തിലെ പുതുമ കൊണ്ടാണ്. മഹാഭാരതത്തിന്റെ മറ്റൊരു പുനരാഖ്യാനമെന്നോ അതിലെ മൈനർ കഥാപാത്രങ്ങളെ എടുത്തു പൊലിപ്പിച്ചുണ്ടാക്കുന്ന നോവൽ ശ്രമങ്ങളെന്നോ ഒക്കെ പറഞ്ഞു മാറ്റിവെയ്ക്കാൻ കഴിയുന്ന ഒന്നല്ല ശിഖണ്ഡിനി എന്ന കൃതി. ഇതിന് കാവ്യത്തിലെഴുതിയ ഒരു നോവലിന്റെ ഘടനയാണുള്ളത്. അത് കാലത്തിലൂടെ സഞ്ചരിച്ചു കൊണ്ട് രേഖീയതയെ അട്ടിമറിച്ചു കൊണ്ട് പൂർണ്ണതയിലെത്തുന്ന ആഖ്യാനരീതി സ്വീകരിച്ചിരിക്കുന്നു.

പാഞ്ചാല രാജ്യത്ത്, അഹിച്ഛത്രം എന്ന പാതിരാജ്യം ദ്രുപദനിൽ നിന്ന് പിടിച്ചെടുത്ത ദ്രോണനെതിരെയുള്ള പ്രതികരവാഞ്ഛയും, വിചിത്രവീര്യന് വേണ്ടി ഭീഷ്മർ തട്ടിക്കൊണ്ടു പോയ അംബ, അംബിക, അംബാലിക എന്നിവരിൽ, സ്വലനുമായി പ്രണയത്തിലായിരുന്ന Textഅംബയുടെ ആത്യന്തിക തിരസ്കാര ഫലമായി ഉണ്ടാകുന്ന പ്രേതപ്രതികര നിർവഹണവും ആണ് കേന്ദ്രപ്രമേയമെങ്കിലും ശിഖണ്ഡിനി എന്നവൾ ആണും പെണ്ണും കെട്ടവൾ ആയിരുന്നില്ലെന്നും അവൾ കാമനകളും ബുദ്ധിയുമുള്ള ധീരയായ ഒരു സ്ത്രീ ആയിരുന്നെന്നും, ഗോത്രകാലത്തിലെ പുരുഷനിയമങ്ങൾക്കുള്ളിൽ എക്കാലവും പുരുഷവേഷം കെട്ടി ജീവിക്കാൻ പ്രേരിതയായവൾ ആയിരുന്നെന്നും ഷീജ ഈ കാവ്യനോവലിലൂടെ സ്ഥാപിച്ചെടുക്കുന്നു. അതൊരു സ്ത്രീപക്ഷപരമായ സമീപനം തന്നെയാണ്.

ശിഖണ്ഡിനിയുടെയും സൂത-മാഗധ പാരമ്പര്യത്തിനോടൊട്ടി നിൽക്കുന്ന ഷീജയുടെയും മുദ്രാവാക്യ രഹിതമായ ആത്മഭാഷണങ്ങളിലൂടെ പുരോഗതിപ്രാപിക്കുന്ന ആഖ്യാനത്തിൽ എഴുത്തച്ഛന്റെ ഗാന്ധാരിയുടെയും കുമാരനാശാന്റെ സീതയുടെയും വയലാർ രാമവർമ്മയുടെ രാവണപുത്രിയായ ജാനകിയുടെയും ഒക്കെ സംസ്കാരങ്ങളുണ്ട്. ലോക്നാഥ് ഈശ്വരൻ എന്ന ചിന്തകൻ ഈ സംസ്കാരത്തെ നിർവചിക്കുന്നത് ആർജ്ജിതമായ സബ്‌ലിമിനൽ ഭാവങ്ങൾ ആയിട്ടാണ്. അങ്ങനെയുള്ള കാവ്യസംസ്കാരങ്ങളുടെ ഇങ്ങേയറ്റത്ത് നിൽക്കുകയാണ് ഷീജ വക്കം. ഷീജയുടെ തലമുറയിലും തൊട്ടുമുന്നിലുള്ള തലമുറയിലും ശിഖണ്ഡിനി എന്ന കൃതിയുടെ ആഖ്യാനപൂർണ്ണതയെയും പദഘടനയെയും ഭാവനാ സമ്പന്നതയെയും താളബദ്ധതയെയും കടന്നു നിൽക്കുന്ന മറ്റൊരു കൃതി ഇല്ലെന്നു തന്നെ പറയാം.

അംബയെയും സഹോദരിമാരെയും തേരിലേയ്ക്ക് വലിച്ചു കയറ്റുന്ന ഭീഷ്മരെ ‘നരാധമൻ’ എന്ന് വിളിക്കാൻ ഷീജ മടിക്കുന്നില്ല. ‘വലിച്ചിഴച്ചു തേരിലേയ്ക്ക് നിർദ്ദയം നരാധമൻ’ എന്ന് പറയുമ്പോൾ കുട്ടിക്കൃഷ്ണമാരാരിൽ നിന്നും ഒരുപടി കൂടി മുന്നോട്ട് പോവുകയാണ് കവി ചെയ്യുന്നത്. പുരുഷാധിപത്യത്തെ സമൂഹത്തിന്റെ അഭിപ്രായം എന്ന നിലയിൽ കണ്ടു പെണ്ണിനെ കാട്ടിൽത്തള്ളുന്നത് തേത്രായുഗത്തിൽ നിന്ന് ദ്വാപരയുഗത്തിലേയ്ക്ക് കടന്നു വരുന്നതിനെ ഷീജ വളരെ മിനിമലായി സൂചിപ്പിക്കുന്നത് നോക്കൂ: “…തൻ നിറഞ്ഞ കണ്ണുകൾ സദസ്സിൽ/നിന്ന് സാല്വ മന്നവൻ/തുടിച്ചു നിസ്സഹായനാ/നൃപൻ, തടുത്തു പണ്ഡിതർ/പരൻ
കവർന്ന പെണ്ണിനിന്നില്ല/പാവനത്വമൂഴിയിൽ.” അതുപോലെ, ‘ശിവഹിതമായി പൊൻമകളെ /മകനായ്ത്തന്നെ വളർത്തിടണം” എന്ന് പറയുന്നത് വഴി വ്യക്തിയുടെ ഇച്ഛയ്ക്ക് വിരുദ്ധമായി വളരാൻ പ്രേരിപ്പിക്കുന്നതിനെ എല്ലാം ദൈവേച്ഛ എന്ന് പറഞ്ഞു സാധൂകരിക്കുന്ന പുരുഷ സമൂഹത്തിന്റെ ഇരട്ടത്താപ്പിനെയും കവി എടുത്തു കാണിക്കുന്നു.

പതിനെട്ടു പർവ്വങ്ങളിലായി അമ്പത്തിനാല് ഖണ്ഡങ്ങളാണ് ശിഖണ്ഡിനിയിൽ ഉള്ളത്. പതിനെട്ട് അക്ഷൗഹിണി, പതിനെട്ട് പർവ്വം, പതിനെട്ട് ദിവസം എന്നിങ്ങനെ പതിനെട്ട് എന്ന മഹാഭാരതപ്രസക്തമായ സംഖ്യയെത്തന്നെ ഷീജയും വളരെ വിദഗ്ദമായി ഈ ബൃഹദ് കവിതയിൽ ഉപയോഗിക്കുന്നു. കുരുക്ഷേത്രത്തിലെ യുദ്ധാനന്തരം, പണ്ട് ഖാണ്ഡവദാഹത്തിൽ ഇരകളായി മാറിയ നാഗന്മാർ അശ്വത്ഥാമാവിനെയും കൃപരെയും കൃതവർമ്മാവിനെയും സഹായിക്കാനായി എത്തുന്ന സന്ദർഭത്തെ ഷീജ സൃഷ്ടിച്ചെടുക്കുന്നു. ഭീഷ്മ ഹത്യാനന്തരം കഥയിൽ നിന്ന് പ്രസക്തിയില്ലാതെ ഒഴിവാക്കപ്പെടുന്ന ശിഖണ്ഡിനിയുടെ മാതൃവിലാപവും അംബാസംയോഗവും ഈ അവസാനഖണ്ഡത്തിൽ ഷീജ ഉൾച്ചേർക്കുന്നതോടെ മഹാഭാരതം എന്ന ‘സോഫ്ട്‍വെയറിനു’ പുതിയൊരു വ്യഖ്യാനസമൃദ്ധി കൈവരുന്നു. ശിഖണ്ഡിനിയുടെ ജീവിതലക്ഷ്യം എന്നത് ഭീഷ്മരെ വധിക്കുക എന്നതല്ലെന്നും അവൾക്ക് അർജ്ജുനനുമായി പ്രണയമുണ്ടായെന്നും ഗന്ധർവവിധിപ്രകാരമുള്ള അവരുടെ സംയോഗത്തിൽ ഒരു കുമാരനുണ്ടായെന്നും അവളെ യക്ഷിണികൾ അളകാപുരയിൽ വളർത്തിയെന്നും ഉള്ള ഉപാഖ്യാനങ്ങളെ ഷീജ കേന്ദ്രപ്രമേയമാക്കി മാറ്റുന്നതിലൂടെ മഹാഭാരതം ശിഖണ്ഡിനിയുടെ കഥയായി മാറുന്നു; ദ്രൗപദിയ്ക്ക് പോലും അതിൽ രണ്ടാം സ്ഥാനമേയുള്ളൂ.

ഈ കൃതിയിലെ ഏറ്റവും ശ്രദ്ധേയമായ ഖണ്ഡം ‘പകുത്തുണ്ണും പാഥേയം’ എന്ന ശീർഷകമുള്ള മുപ്പതാം ഖണ്ഡമാണ്. ഒരാൾ ജയിച്ച പെണ്ണിനെ അഞ്ചുപേർ ഭാര്യമാരാക്കുന്നതിനെ ചോദ്യം ചെയ്യുന്നത് ശിഖണ്ഡിനിയാണെന്ന് ഷീജ പറയുന്നു. “നൃശംസമീയി imgitha സാധ്യം/ വിശുദ്ധക്ഷത്രിയധർമ്മമതിൽ, ബഹു-പതിത്വമുണ്ടോ കന്യകളിൽ?/ നിനയ്ക്കുവാൻ വയ്യ; പരപൂരൂഷാ-നികൃഷ്ട ശയ്യകളിൽ ശയനം” എന്നാണ് ശിഖണ്ഡിനി പറയുന്നത്. എന്നാൽ മുനിമാരും അമാത്യന്മാരും ഇതൊക്കെ ദൈവഹിതമാണെന്ന് ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

മഹാഭാരതം ആണും പെണ്ണും കെട്ടവളാക്കിയ ശിഖണ്ഡിനിയെ ഷീജ വീണ്ടെടുക്കുകയാണ് ഈ കൃതിയിൽ. ശിഖണ്ഡി ആവുക എന്നാൽ ഒന്നിനും കൊള്ളാത്തവനാവുക എന്ന അർഥം ഷീജ മാറ്റിമറിക്കുന്നു. ട്രാൻസ് വ്യക്തിത്വങ്ങളെ ഇകഴ്ത്താതെ തന്നെ ശിഖണ്ഡിനിയുടെ പൂർണ്ണമായ സ്ത്രീത്വവും സ്ത്രീയുടെ നിർവാഹകത്വവും തിരിക്കെപ്പിടിക്കാനുള്ള ഒരു ശ്രമമായി ഈ കാവ്യനോവൽ മാറുന്നു. ഒന്നായതിനെ മറ്റൊന്നാക്കി വളർത്തുന്ന സമൂഹത്തിന്റെ അനീതിയ്‌ക്കെതിരെ ഉള്ള ഒരു വലിയ ചോദ്യമായി ഈ കൃതി മാറുന്നു.

പദാധ്യാനവും പദഭംഗിയും താളനിബദ്ധതയും വൃഥാഭിമുഖ്യവും ചേർന്നുള്ള ഒരു കൃതിയാകയാൽ ശിഖണ്ഡിനി പാരായണത്തിലൂടെ മാത്രമല്ല ചൊല്ലലിലൂടെയും സംസ്കാരത്തിന്റെ അടരുകളിലേയ്ക്ക് കടന്നു കയറാനുള്ള സാധ്യത കാണപ്പെടുന്നു. ഈ കൃതിയിലൂടെ ഷീജ വക്കം മഹത്തായ ഒരു കവി പാരമ്പര്യത്തിന്റെ ഭാഗമാവുന്നു. അതൊരു കുഴപ്പമായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നം മാത്രമാണ്. ആധുനികതയുടെ ഘടനാപരമായ സവിശേഷതയാണ് ബൃഹദാഖ്യാനങ്ങൾ എന്നാണല്ലോ പറയുന്നത്. എന്നാൽ മഹാഭാരതം എന്ന ടെംപ്ളേറ്റിനെ ഉത്തരാധുനികമായ ആവശ്യത്തിനായി ഏറ്റെടുക്കുമ്പോൾ ഘടനാപരമായ സ്വഭാവങ്ങൾ നിലനിർത്തുകയും ഒപ്പം ആശയപരമായി സമകാലികമാക്കുകയും ചെയ്യുകയാണ് ഷീജ വക്കം. ഈ കവിയെ വയലാർ അവാർഡിനും ഓടക്കുഴൽ അവാർഡിനും ഞാൻ നിർദ്ദേശിക്കുമെങ്കിൽ അതിന് അവർ അർഹയാണ് എന്നുള്ളത് കൊണ്ട് തന്നെയാണ്.

പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ

 

Comments are closed.