DCBOOKS
Malayalam News Literature Website

‘ഊദ്’ ആത്തിയുടെ മാനസസഞ്ചാരവും പ്രണയവും

ഷമിന ഹിഷാമിന്റെ ‘ഊദ്’ എന്ന നോവലിന്  എഴുത്തുകാരി ഷീലാ ടോമി എഴുതിയ വായനാനുഭവം

രോ പെൺകുട്ടിയുടെ ഉള്ളിലും ഒരു ആത്തിയുണ്ട്. ഉഹുറുവിന്റെ ചിറകുകളിൽ അനന്തമായി പറക്കാൻ കൊതിക്കുന്ന ആത്തി. കനിവുള്ള ആശയവും മധുരമുള്ള സ്നേഹവും തേടുന്ന ആത്തി. തുഴയില്ലാത്ത തോണിയിൽ പ്രക്ഷുബ്ധമായ ജലനിരപ്പിൽ ലക്ഷ്യമില്ലാത്ത ലക്ഷ്യത്തെ തേടിയലയുന്ന ആത്തി. ബാല്യത്തിൽ ഉമ്മയോടൊപ്പം പെരുമഴയത്ത്‌ പെരുവഴിയിലിറങ്ങി‌യ ഒരു പെൺകുട്ടി. സ്വയം മെനഞ്ഞെടുക്കുന്ന കഥകൾക്കുള്ളിലിരുന്ന് തന്നോട് തന്നെ പട വെട്ടുന്നവൾ. എന്റെ കൗമാരത്തിലും യൗവനാരംഭത്തിലും എന്നിലുമുണ്ടായിരുന്നു ഒരു ആത്തി.

ബാംഗ്ളൂരിൽ നിന്ന് സിംങ്കപൂരിലേക്കുള്ള നാലു മണിക്കൂർ പറക്കലിനിടയിലാണ് ഷമിനയുടെ ആദ്യ നോവൽ ഊദ് വായിക്കുന്നത്. ഒരു പക്ഷെ അനന്തമായ ആകാശത്തിലിരുന്ന് ഈ കുറിപ്പ് എഴുതുന്നതും ഒരു യാദൃശ്ചികതയാവാം. വായന അവസാനിച്ചപ്പോൾ പുഞ്ചിരിയും കുസൃതിയും തുളുമ്പുന്ന ആത്തിയുടെ മുഖം, Textഷമിനയുടെ അതേ മുഖം, എന്റെ മുമ്പിൽ! അരമണിക്കൂറിനുള്ളിൽ ഫ്ലൈറ്റ് സിങ്കപ്പൂരിൽ ലാൻഡ് ചെയ്യുമെന്ന് അറിയിപ്പ്. അതിനുള്ളിൽ ആത്തി ഞാൻ ആരെക്കുറിച്ച്‌ പറയണം. നിന്നെക്കുറിച്ചോ? നിന്റെ പ്രിയപ്പെട്ട ജിന്നിനെക്കുറിച്ചോ? നിന്റെ വെല്ലിമ്മയെക്കുറിച്ചോ?

ഒരു കാട്ടുഗ്രാമത്തിൽ ജനിച്ച് കാടിന്റെ സംഗീതത്തിൽ ബാല്യം പിന്നിട്ട എനിക്ക് കാട് ഒരു വികാരമാണ്. ആത്തിയും അവളുടെ ജിന്നും പിന്നിടുന്ന കാടും അതുകൊണ്ട്തന്നെ എനിക്ക് പ്രിയപ്പെട്ടതാണ്. ആത്തിയെ ചികിത്സിച്ച ഡോക്ടർ പറയുന്നത് പോലെ ഒരുപാട് സഞ്ചരിക്കാനും മനോഹരമായ കാഴ്ചകൾ കാണാനും കൊതിക്കുന്ന ഒരു മനസ്സ് ഈ കഥാകാരിക്കുമുണ്ട്. ഒരുവേള എനിക്ക് തോന്നി ആത്തിയെ ആവേശിച്ചിരിക്കുന്ന ജിന്ന് ഈ പ്രകൃതിതന്നെയാണെന്ന്. ആത്തിയുടെ പ്രണയം കാടിനോടും പുഴയോടും പൂക്കളോടും കിളികളോടും പുരാതനമായ നാട്ടുവഴികളോടുനാണെന്ന്. കറ്റാടികൾക്കിടയിൽ തെളിഞ്ഞു വരുന്ന വലിയ മല, മലഞ്ചരുവിലെ മൂടൽ മഞ്ഞ്, ഇലഞ്ഞി പൂക്കളുടെയും പുതു മണ്ണിന്റെയും ഗന്ധം, പുൽമേട്ടിലെ കൊച്ചു കുടിൽ, അവിടെ ആത്തിയും ജിന്നും അനുവാചകനും!

ആത്തിയുടെ മാനസസഞ്ചാരവും പ്രണയവുമാണ് ഊദ്‌. ഊദിൽ മിത്തുകളുണ്ട് വിശ്വാസമുണ്ട് ആഭിചാരമുണ്ട്. വടക്കൻ മലബാറിലെ മുസ്ലീം ജീവിതമുണ്ട്‌. അരയിൽ താക്കോൽക്കൂട്ടവുമായി നടക്കുന്ന വെല്ലിമ്മയുണ്ട്‌. അവർ പറയുന്ന കഥകളുണ്ട്‌. നിസ്ക്കരിക്കണമ്മായിയും ദീർഘദർശിയായ വെല്ലിപ്പായുമുണ്ട്‌.

വെല്ലിമ്മ ചെറുപ്പത്തിൽ ഒരു ജിന്നിനെ പ്രണയിച്ചിരുന്നു. വെല്ലിപ്പ അതു മനസിലാക്കുന്നു. വെല്ലിമ്മയെ ജിന്നിൽ നിന്ന് തിരികെ പിടിക്കാൻ വെല്ലിപ്പ പ്രയോഗിക്കുന്ന മന്ത്രം സ്നേഹമാണ്. സ്നേഹത്തെ കീഴടക്കാൻ ഈ ലോകത്തിൽ ഒരേയൊരു മന്ത്രമേയുള്ളൂ. അത് സ്നേഹം മാത്രം.

പിതാവിന്റെ വലിയ പുസ്തകശേഖരത്തിൽ നിന്ന് അക്ഷരങ്ങളുടെ ലോകത്തിലേക്ക് പിച്ചവെച്ച ഷമിനയിൽ നിന്ന് നല്ല രചനകൾ പിറക്കട്ടെ. ഓരോ പെൺകുട്ടിയും കാണാനും അനുഭവിക്കാനും കൊതിക്കുന്ന സ്വാതന്ത്യത്തിന്റെ നിഷ്കപടലോകം വരച്ചിട്ടതിന് നന്ദി ഷമിന. ഊദിന്റെ മികവിനെ വിലയിരുത്താനല്ല ഈ കുറിപ്പ്‌. ചെങ്കൽ നിറമുള്ള തൂവൽ കൊഴിച്ചിട്ട് പറന്നുപോയ ആ കിളി കഥാകാരിയുടെ ഉള്ളിൽ ഇനിയും ഭാവനയുടെ വലിയ ചിറകടികൾ കേൾപ്പിക്കട്ടെ എന്ന് ആശംസിക്കാൻ മാത്രം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ഷീലാ ടോമിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.