DCBOOKS
Malayalam News Literature Website

ഞാനൊരു മെഴുകുതിരി

സംഭാഷണം- ഷക്കീല/ദീദി ദാമോദരന്‍, വരമൊഴി-ആര്‍.കെ. ബിജുരാജ് , ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

എന്നെക്കുറിച്ച് എന്റെ സ്വന്തം വിചാരം എന്താണെന്ന് വച്ചാല്‍ ഞാനൊരു മെഴുകുതിരിപോലെയാണ്. സ്വയം കത്തുന്നു. ഉരുകി ഉരുകി ഞാന്‍ ഒന്നുമല്ല ഇന്ന്. പക്ഷേ, ഞാന്‍ വെളിച്ചം നല്‍കി. അത് കുടുംബത്തിന് മാത്രമാണ്. പലരും പറയും ഇവര്‍ പൈസ ഒക്കെ ഉണ്ടാക്കി ബോയ്ഫ്രണ്ട്‌സിന് കൊടുത്തു, ഞാന്‍ വലിയ വലിയ സേവനം ചെയ്തു എന്നൊക്കെ. ഞാനാര്‍ക്കും ഒന്നും കൊടുത്തിട്ടില്ല. എന്റെ കുടുംബത്തിന് മാത്രമാണ് കൊടുത്തത്. ഞാനാര്‍ക്കും ഒന്നും ചെയ്തിട്ടില്ല. സംഭാവനയൊന്നും കൊടുത്തിട്ടില്ല. ഞാനെന്റെ കുടുംബക്കാര്‍ക്ക് മാത്രമായിരുന്നു മെഴുകുതിരി. അങ്ങനെയാണ് ഞാന്‍ സ്വയം വിശേഷിപ്പിക്കുക.

മലയാള സിനിമയുടെ ചരിത്രഗതിയെ ഷക്കീലയും ‘ഷക്കീല പടങ്ങളും’ പലതരത്തില്‍ പിടിച്ചു കുലുക്കിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ മലയാള സിനിമാ വ്യവസായം ഷക്കീലയ്ക്ക് ചുറ്റുംകറങ്ങി. വ്യക്തമായ സാമൂഹ്യ-രാഷ്ട്രീയ ധാരണകളുള്ള ഷക്കീല പിന്നീട് ‘ഷക്കീല പടങ്ങള്‍’ എന്ന് പുരുഷമേധാവിത്വപരമായി കപടസദാചാരബോധത്താല്‍ അപഹസിച്ച് വിളിക്കപ്പെട്ട സിനിമകളില്‍നിന്ന്ഇ റങ്ങി നടന്നു. ആ യാത്രയും അതിനുശേഷമുള്ള ജീവിതവും പലതരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. മലയാളിയുടെ പുരുഷനോട്ടങ്ങളെയും ബോധ്യങ്ങളെയും അത് പല രീതിയില്‍ പ്രഹരിക്കുന്നുമുണ്ട്.

കെ.എല്‍.എഫ്. വേദിയില്‍ ഷക്കീല എത്തിയത് ‘സദാചാരം എന്ന മിഥ്യ’ എന്ന വിഷയത്തില്‍ സംഭാഷണത്തിനായാണ്. ചലച്ചിത്രപ്രവര്‍ത്തകയുംതിരക്കഥാകൃത്തുമായ ദീദി ദാമോദരനായിരുന്നു അഭിമുഖകാരിയായി മറുവശത്ത്.

ദീദി ദാമോദരന്‍: തൊണ്ണൂറുകളുടെ അവസാനമാണ് അമേരിക്കയില്‍ ഏറ്റവും പൊളിറ്റിക്കലായിട്ടുള്ള നാടകം ഒരു പ്രസ്ഥാനം (മൂവ്‌മെന്റ്)എന്ന നിലയ്ക്ക് ഇന്‍സ്ലര്‍ (Eve Ensler) തുടങ്ങിവയ്ക്കുന്നത്. അതിന്റെ പേര് ‘വജൈനമോണോലോഗ്‌സ്’ എന്നാണ്. ഏതാണ്ട് അതേ സമയത്താണ് മലയാള സിനിമ ഒരു പാട് പ്രതിസന്ധികള്‍ക്കിടയിലിരിക്കുന്നതിന് നടുക്ക്, ഇപ്പോള്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന് Pachakuthira Digital Editionവിളിക്കാവുന്നതുപോലെ മലയാള സിനിമയെ പിടിച്ചു നിര്‍ത്താന്‍ പ്രാപ്തയായ ഒരാളായി വരുന്നത്. ഹീറോയിനായി ഷക്കീല. കോഴിക്കോട് ഇതിനു മുമ്പ് കുറച്ച് മര്യാദകേട് ഷക്കീലയോട് കാണിച്ചിട്ടുണ്ട്. ഈ നിറഞ്ഞ സദസ്സ് അത് പരിഹരിക്കുന്നുണ്ട് എന്ന
താണ് കോഴിക്കോട്ടുകാരിയെന്ന നിലയില്‍ എന്റെ ഒരു ആശ്വാസം. ഞാന്‍ കൃത്യമായി ഷക്കീലയുടെസിനിമകള്‍ കാണുകയും ഷക്കീലയുെട അഭിമുഖങ്ങള്‍ വായിക്കുകയും ഒക്കെ ചെയ്തിട്ടുള്ളതാണ്. എല്ലാ നിലയ്ക്കും അഭിമാനം തോന്നുന്ന വിധത്തിലുള്ള ഒരു വ്യക്തിത്വമുള്ള ആളായിട്ടാണ് എനിക്ക് ഷക്കീലയെതോന്നിയിട്ടുള്ളത്. പ്രായംകൊണ്ട് എന്നെക്കാള്‍ ചെറുതാണ്. അതുകൊണ്ടാണ് പേര് വിളിക്കുന്നത്. എല്ലാവരും ഷക്കീലാമ്മ എന്നാണ് വിളിക്കാറുള്ളത്. അമ്മ എന്നതിനെ ദൃഷ്ടാന്തവല്‍ക്കരിക്കുന്ന (എപിറ്റമൈസ് ചെയ്തുപോകുന്ന) പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ള ഒരാളാണ് അവര്‍. ഷക്കീലയ്ക്ക് മലയാളം അറിയാം. മലയാളത്തില്‍ സംസാരിക്കും.

നമുക്ക് അവരുടെ ജീവിതത്തിലേക്ക് കടക്കാം. നേരത്തേ സംസാരിച്ചപ്പോള്‍, താന്‍ ഓരോ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും ഓരോ നടികളെ ഓര്‍ത്തുകൊണ്ടാണ് ചെയ്യാറുള്ളത് എന്ന് അവര്‍ പറഞ്ഞു. ഇഴുകിയുള്ള( ഇന്റിമേറ്റ് ) സീനുകള്‍ ഒഴിച്ച്. ആ രംഗത്ത് ഒരു നടികളും ഇമേജായി അവര്‍ക്ക് ഉള്ളില്‍ വരാറില്ല എന്നു പറഞ്ഞു. നമ്മള്‍ എന്‍സ്ലറെപ്പറ്റി പറയുമ്പോള്‍, നമ്മള്‍ കാമസൂത്രയെപ്പറ്റി പറയുമ്പോള്‍ ഏറ്റവും നിശ്ശബ്ദമായിരിക്കുന്ന ഒരു മേഖല എന്താണ് സ്ത്രീയെ സന്തോഷവതിയാക്കുക എന്നതാണ്. നമ്മള്‍ അന്വേഷിക്കേണ്ടത് ഈ കാമസൂത്രകലകളിലെ നിശ്ശബ്ദതയാണ്. അതിനെപ്പറ്റിയൊക്കെ ആധികാരികമായി പറയാന്‍ ഷക്കീലയ്ക്ക് പറ്റും എന്നതുകൊണ്ട് വേദി ഷക്കീലയ്ക്ക് വിട്ടുകൊടുക്കുന്നു. സ്‌ക്രീനില്‍ രതിമൂര്‍ച്ഛ (ഓര്‍ഗാസം) ഷക്കീല സൃഷ്ടിച്ചിട്ടുണ്ട്. ഷക്കീലയുടെ അഭിമുഖങ്ങളിലൂം മറ്റും ചോദിക്കാത്ത കാര്യങ്ങള്‍ ഇവിടെ ഉന്നയിക്കാം എന്ന ധാരണയിലാണ് നമ്മള്‍ഇവിടെ ഇരിക്കുന്നത്. അതുകൊണ്ട് ആദ്യത്തെ വിഷയംതന്നെ അതുവച്ച് തുടങ്ങാം എന്നു കരുതുന്നു. എങ്ങനെയാണ് ഷക്കീല അത്തരം വേഷങ്ങള്‍, മുഹൂര്‍ത്തങ്ങള്‍ അഭിനയിക്കാറുള്ളത്. ഒരുപാട് ആര്‍ട്ടിസ്റ്റുകളോട് ഞാന്‍ സംസാരിച്ച് നോക്കിയിട്ടുണ്ട്. മിക്ക സ്ത്രീകള്‍ക്കും കാമറയെപ്പറ്റി, സാങ്കേതിക വിദ്യയെപ്പറ്റിഒന്നും വലിയ ധാരണ ഉണ്ടാവാറില്ല. ഷക്കീലയ്ക്ക് കാമറ ആംഗിളുകളെപ്പറ്റി നല്ല ധാരണയുണ്ട്. തന്നെ ചിത്രീകരിക്കുന്ന കാമറ ആംഗിളുകളെപ്പറ്റി താന്‍ ബോധവതിയാണ് എന്ന് ഷക്കീല പറഞ്ഞിട്ടുണ്ട്.

ഷക്കീല: ഞാന്‍ ഒരു കാര്യം ആദ്യമേ പറയാന്‍ ആഗ്രഹിക്കുന്നു. കോഴിക്കോട് ഒരു ഹൈലൈറ്റ് മാളുണ്ട്. അവിടെ ഞാന്‍ ഏതാനും നാള്‍ മുന്പ് ഒമര്‍ ലുലുവിന്റെ ഫിലിമിനുവേണ്ടി വന്നതായിരുന്നു. ആ മാനേജര്‍ പക്ഷേ, ആ പ്രോഗ്രാം ചെയ്യാന്‍ സമ്മതിച്ചില്ല. പക്ഷേ, ഞാന്‍ എപ്പോഴും ദൈവത്തില്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ ഈ സദസ്സില്‍ ആര്‍ക്കാണ് എന്നെ തടയാനാവുക? (സദസ്സില്‍നിന്ന് വന്‍ കയ്യടി, ആരവം). ഇതുപോലൊരു പ്ലാറ്റ്‌ഫോം എല്ലാവര്‍ക്കും എളുപ്പമല്ല ലഭിക്കാന്‍. അവിടെ എന്നെ വേണ്ട എന്നു പറഞ്ഞു, ഇവിടെ എന്നെ നിങ്ങള്‍ സ്‌നേഹിക്കുന്നു. ഞാന്‍ നിങ്ങളെയും സ്‌നേഹിക്കുന്നു. ഇതാണ് ദൈവം. ആദ്യം കെ.എല്‍.എഫില്‍ വിളിച്ചതിന് നന്ദി.നിങ്ങള്‍ക്ക് എന്തും ചോദിക്കാം. കേരളത്തിലെ ഫിലിം ഇന്‍ഡസ്ട്രിയില്‍ അല്ലായിരുന്നെങ്കില്‍ എനിക്ക് ഈ അംഗീകാരം ലഭിക്കുമായിരുന്നില്ല. അതിനാല്‍ എന്നെ താരമാക്കിയതിന് കേരളത്തിന് ഒരിക്കല്‍ക്കൂടി നന്ദി.

പൂര്‍ണ്ണരൂപം 2024 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

ആര്‍.കെ. ബിജുരാജിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.