DCBOOKS
Malayalam News Literature Website

ഇന്ത്യൻ ദലിതരെ നാനാ തലങ്ങളിൽ തമസ്കരിച്ചതിന്റെ രക്ത സ്നാതമായ അനുഭവക്കുറിപ്പുകൾ!

ഷാജി ജേക്കബ്

1992 ലാണ് കാര്യവട്ടത്ത് ഇക്കണോമിക്സ് വകുപ്പിൽ വച്ച് എം കുഞ്ഞാമൻ മാഷിനെ പരിചയപ്പെടുന്നത്. ആസാദിനും ആസാദ് ഡോ. മറ്റുമൊപ്പം വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി മാഷിനെ ചെന്നു കണ്ടതാണ്. ആയിടെ ഞാൻ കലാകൗമുദിയിൽ കാമ്പസിലെ ഗവേഷകരുടെ ആത്മഹത്യയെക്കുറിച്ചെഴുതിയ ഫീച്ചർ വായിച്ച് എന്നെ തിരിച്ചറിഞ്ഞു കുഞ്ഞാമൻ മാഷ്. അന്നു തുടങ്ങിയ അടുപ്പം ഇന്നുമുണ്ട്. കാര്യവട്ടം കാമ്പസിലെ ഒരേയൊരു ഇന്റലക്ച്വൽ മാഷായിരുന്നു. പലതവണ ഞാൻ മാഷിന്റെ കൂടെ വീട്ടിൽ പോയി. കുക്കുവിന്റെ നിഷ്കളങ്കമായ ചിരി മറക്കാനാവില്ല. ഫുക്കുയാമയുടെ വിഖ്യാത ഗ്രന്ഥത്തെക്കുറിച്ച് ലേഖനമെഴുതിക്കാൻ ജയചന്ദ്രൻ നായർ പറഞ്ഞ് ഞാൻ മാഷിനെ സമീപിച്ചതും മാഷ് എഴുതിത്തന്നതും അക്കാലത്താണ്. കാമ്പസ് വിട്ട് ഞാൻ ഇന്ത്യാ ടുഡെയിൽ ചേർന്നതിനു ശേഷം രാധാകൃഷ്ണൻ എം. ജി. എഴുതിയ അസാധാരണമായ ഒരു തൂലികാചിത്രമാണ് മാഷിനെക്കുറിച്ച് പിന്നിടുള്ള ഓർമ്മ. സുചിത്ര അതു വായിച്ച് കരഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല. (ജോസഫും ശ്രീനിവാസനും സുന്ദർദാസും ബാബുവേട്ടനും ഹര ശങ്കരനും സാക്ഷി! ) കെ .എൻ .പണിക്കർ വി .സി യായി വന്നപ്പോൾ ഒരിക്കൽ മാഷ് കാലടിയിലെത്തി. ഹോട്ടൽ റും വേണ്ട. എന്റെ വീട്ടിൽ താമസിക്കാമെന്ന് മാഷ് തന്നെ പറഞ്ഞു. രാത്രി മാഷിന് മദ്യപിക്കണം. ഞങ്ങൾ കാലടിയിൽ ഒരു ബാറിൽ ഇരിക്കുമ്പോൾ വെളിയിൽ പാർക്കു ചെയ്തിരുന്ന എന്റെ കാറിൽ ഒരു ലോറി വന്നിടിച്ചു. ലോറിയുടമ പരിചയക്കാരനായിരുന്നതിനാൽ ഞാൻ പരിഭ്രമിച്ചില്ല. പക്ഷെ മാഷ് വല്ലാതായി. കഴിഞ്ഞ വർഷം കോട്ടയത്ത് കണ്ടപ്പോഴും Textമാഷ് അക്കാര്യം ഓർമിപ്പിച്ചു. 2004 ൽ കുക്കു മരിച്ചു. മാഷിന്റെ ജീവിതം തല കീഴ് മറിഞ്ഞു. 2006 ൽ മാഷ് കേരളം വിട്ടു. തുൽ ജാപ്പൂരിൽ TISS ൽ ചേർന്നു. യാതൊരു വിവരവും മാഷിനെക്കുറിച്ചില്ലാതിരുന്ന ഒരു പതിറ്റാണ്ട്. പിന്നെ ചില ഫോൺ വിളികൾ . കഴിഞ്ഞ വർഷം രണ്ടു തവണ കോട്ടയത്ത് മാഷ് വന്നു. മൂന്നു ദിവസം വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. മാഷ് ചെറുതായി മദ്യപിച്ചു. പഴയ കഥകൾ പറഞ്ഞു. ബിനിതാ തമ്പിയെയും കൂട്ടി ഒരു ദിവസം പിടിയും കോഴിക്കറിയും കഴിക്കാൻ പോയപ്പോഴും മാഷ് പലതവണ പറഞ്ഞിട്ടുള്ള ദസ്തയ്സ്കിയുടെ നായകൻ റസ്കോൽ നിക്കോഫിന്റെ കഥ ആവർത്തിച്ചു. ദാരിദ്ര്യത്തിന്റെയും മനുഷ്യ നന്മയുടെയും ക്ലാസിക്ക് മാഷിനെ എന്നും വേട്ടയാടിക്കൊണ്ടേയിരുന്നു. ആസാദിന്റെയും ചാരുലതയുടെയും സുധാ മേനോന്റെയും കാര്യം മാഷ് തിരക്കി. ഞങ്ങൾ പിരിഞ്ഞു.

തന്റേടം എന്ന വാക്കിന് മനുഷ്യ രൂപം കൈവന്നതാണ് എം. കുഞ്ഞാമൻ. ബൗദ്ധിക കേരളം വിശേഷിച്ചും ഇടതുപക്ഷ കേരളം എം. കുഞ്ഞാമനോട് ചെയ്തതിനെക്കാൾ വലിയ നീതികേട് മറ്റാരോടും ചെയ്തിട്ടില്ല. ചരിത്രപരമായ കാരണങ്ങൾ കൊണ്ടു തന്നെ ഇന്ത്യൻ പൊതു മണ്ഡലത്തിലേക്ക് കേരളം ഉയർത്തിപ്പിടിക്കേണ്ടതായിരുന്നു ഈ മനുഷ്യനെ . പക്ഷെ ഒത്തു തീർപ്പുകൾ മാത്രമുള്ള രാഷ്ട്രീയവും ഒത്തു തീർപ്പുകളേതുമില്ലാത്ത വ്യക്തിയും തമ്മിൽ ഒരിക്കലും ഇണങ്ങാത്ത ഒരു വിടവ് അവശേഷിപ്പിച്ചു കൊണ്ട് കുഞ്ഞാമൻ മാഷിന്റെ ബൗദ്ധിക- സാംസ്കാരിക ജീവിതം ഏകാന്തതയുടെ ഒരു രാഷ്ട്രീയ രൂപകമായി കൂട്ടം തെറ്റി നിന്നു. ഒഴിഞ്ഞുമാറലുകളായിരുന്നില്ല മാഷിന്റേത്. ഒത്തുതീർപ്പുകളില്ലായ്മയായിരുന്നു. ഓർമകളായി എഴുതപ്പെടുന്ന അദ്ദേഹത്തിന്റെ ഈ വ്യക്തി, സാമൂഹിക ജീവിതം വായിക്കൂ. എച്ചിൽ തിന്ന് വളർന്ന , ജാത്യടിമത്തവും ദാരിദ്ര്യവും ചുട്ടുപഴുപ്പിച്ച , ഒരു ദലിതന്റെ വൈജ്ഞാനിക വളർച്ചയുടെയും കൊടുങ്കാറ്റുകൾ കുടിയിരിക്കുന്ന വൈചാരിക ഉ യരങ്ങളുടെയും തീഷ്ണതകൾ തൊട്ടറിയാം. ആത്മാഭിമാനം എന്നൊന്നുണ്ടെങ്കിൽ സവർണ കേരളം ഈ മനുഷ്യന്റെ കുറ്റവിചാരണക്കുമുന്നിൽ ലജ്ജിച്ചു തലതാഴ്ത്തും. രാഷ്ട്രീയ സമ്പദ് ഘടന മുതൽ ജാതി, മത സംഘങ്ങൾ വരെയും മാർക്സിസം മുതൽ ജനാധിപത്യ ഭരണം കൂടം വരെയുമുള്ള വ്യവസ്ഥകൾ ഇന്ത്യൻ ദലിതരെ നാനാ തലങ്ങളിൽ തമസ്കരിച്ചതിന്റെ രക്ത സ്നാതമായ അനുഭവക്കുറിപ്പുകൾ കൂടി യാണ് ഈ പുസ്തകം

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

 

Comments are closed.