DCBOOKS
Malayalam News Literature Website

വെളിച്ചത്തിനു വേണ്ടിയുള്ള വിള്ളലുകൾ: ഷാഹിന .ഇ .കെ എഴുതുന്നു

വേനൽക്കാലത്തോട് ,വലിയൊരിഷ്ടമുണ്ട് .മറ്റേതുകാലത്തേക്കാളും ക്രിയാത്മകമായ ഋതുവാണ് വേനലെനിക്ക് . ചെയ്യാനായി മുന്നേ കരുതിവച്ചതും ഓർത്തുവച്ചതും കുറിപ്പിട്ടതുമൊക്കെ മേശപ്പുറത്ത് എടുത്തു വയ്ക്കുകയും സജീവമാകുകയും ചെയ്യുന്ന സമയം. ചുളിവുകളില്ലാതെ ഇസ്തിരിയിട്ടതുപോലുള്ള ദിനചര്യകൾ എന്നും വേഗം മടുക്കുമായിരുന്നു .അതുകൊണ്ട് ഇടയ്ക്കിടെ ചര്യകൾ മാറ്റുക ,തെറ്റിക്കുക  മറ്റൊരു തരത്തിൽ അടുക്കിവയ്ക്കുക, ഒരിക്കലും പൂർണ്ണമാകാത്ത ഒരു പസിൽ പോലെ വീണ്ടും മാറ്റിവയ്ക്കുക ഇതൊക്കെയുമെന്റെ രീതിയാണെങ്കിലും , ഈ അപ്രതീക്ഷിത വ്യാധിക്കാലം കാര്യങ്ങളെ അപ്പാടെ മാറ്റിക്കളഞ്ഞു, കോഴിക്കോട് -പാലക്കാട് പാതയോരത്തുള്ള സ്ഥലത്ത് , അതിന്റെ എല്ലാ ഒച്ചപ്പാടുകൾക്കുമിടയിൽ താമസിക്കുന്ന എന്നെ സംബന്ധിച്ച് ആദ്യത്തെ അമ്പരപ്പ് നിശ്ശബ്ദത തന്നെയായിരുന്നു. എഴുത്തുകാരി എന്ന നിലയിൽ അതെപ്പോഴും എന്റെ ആന്തരിക ലോകമാണെങ്കിലും രാത്രി പോലും വാഹനങ്ങളുടെ ഒച്ചകളൊഴിയാത്ത പുറമിടം അങ്ങനെയങ് ശൂന്യവും നിശ്ശബ്ദവും ആയിപ്പോയതാണോ എനിക്കൊന്നും കേൾക്കാതായതോ അതോ ഇത് ഉള്ളിലെ നിശ്ശബ്ദതതന്നെയോ എന്നൊരു അങ്കലാപ്പുണ്ടാക്കി, ഈ ദിവസത്തുടക്കങ്ങൾ . ഏത് അസ്വസ്ഥതകളിൽ നിന്നും രക്ഷപ്പെടാനുള്ള തുരുത്തിലേയ്ക്ക്- പുസ്തകങ്ങളിലേക്ക്- പെട്ടെന്ന് മടങ്ങുകയേ, വാക്കുകളുടെ ഒരു മറുലോകം സൃഷ്ടിയ്ക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ .

വാങ്ങിയ വേഗത്തിൽ വായിച്ചു തീരാതെ പുസ്തകങ്ങൾ കുറെയുണ്ടായിരുന്നത് ക്രമത്തിൽ വായിച്ചു തുടങ്ങുമ്പോൾ , പൂർത്തിയാക്കാതെ കിടന്നിരുന്ന എഴുത്തു പണികളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിക്കുമ്പോൾ പിന്നേയ്‌ക്കെന്നു മാറ്റി വെച്ച സിനിമകൾ കാണുമ്പോൾ ,വീടിനെ കുറേകൂടി അറിയുമ്പോൾ ,ചുരുക്കത്തിൽ പലതായി പകുക്കേണ്ടിയിരുന്ന സമയമത്രയും എന്റേത് മാത്രമാകുമ്പോൾ സത്യത്തിൽ ഞാൻ എന്ന അസ്വസ്ഥതയുടെ ഒരു തുരുത്ത് വേറെയുണ്ടാകുന്നു. ഓരോ മനുഷ്യരും ഒരു തുരുത്താകുന്നകാലം. കാണാതെ കാണുന്നവരുടെ കാലം, മിണ്ടാതെ മിണ്ടുന്നവരുടെ കാലം,മൂടപ്പെട്ടവരുടെയും . ഈ കാലം എന്നെ ഓര്മിപ്പിക്കുന്നുണ്ട് എന്നോ ഒരു ലൈബ്രറി മുറിയിലിരുന്നു ഡൊമിനിക് ലാപ്പിയറുടെ ‘ സിറ്റി ഓഫ് ജോയ്’ വായിച്ചത് .വ്യാധികൾ, സ്വപ്‌നങ്ങൾ ഒറ്റപ്പെടലുകൾ,പ്രതിരോധങ്ങൾ ,തിരികെ വരവുകൾ- ആ വായന,സമാനമായ പല മുൻവായനകളും – കുറേക്കൂടി ആഴത്തിൽ അനുഭവിപ്പിക്കുന്നുണ്ട് ഈ ദിവസങ്ങളെ . ലിയനാർഡ് കോഹന്റെ ”There is a crack in everything .That’s how the light gets in” എന്ന വരികളുടെ പ്രകാശത്തിലേക്ക് ഇരുട്ടിൽ നിന്നും കൊണ്ട് ചെന്നെത്തിച്ചു നിർത്തുന്നുമുണ്ട് .

അതിര് എന്തുമാത്രം ഇടുങ്ങിയ സങ്കൽപ്പമാണെന്നും സ്വാതന്ത്ര്യം എത്ര നിലാവെട്ടമുള്ള വാക്കാണെന്നും ഈ നാളുകൾ വീണ്ടുമോർമിപ്പിക്കുന്നു .അരുതെന്നു പറയുന്നിടത്ത് എതിർക്കാനായുന്ന മനസ്സ് നിരുപാധികം അടങ്ങിയിരിക്കുന്നു.ക്രോധവും പകയും വെറുപ്പും മത്സരങ്ങളുമൊക്കെ-താൽക്കാലികമായെങ്കിലും – നിസ്സംഗതയിലേക്കും വിഷാദത്തിലേയ്ക്കും വഴിമാറിയിരിക്കുന്നു .വീടിനപ്പുറമുള്ളതെല്ലാം അതിരാകുന്നു. പുറത്തിറങ്ങുമ്പോളെല്ലാം അദൃശ്യമായി ചുറ്റിത്തിരിയുന്ന ഒരു വൈറസ് ,അടുപ്പങ്ങൾക്ക് അതിരിടുന്നു .ലോക്ക് ഡൌൺ ,സാമൂഹ്യ അകലം ,ക്വറന്റീൻ അങ്ങനെ ഈ കാലത്തിന്റെ ഓരോ വാക്കിലുമുണ്ട് അതിരും അസ്വാതന്ത്ര്യവും നിസ്സാരനായ മനുഷ്യന്റെ പരിമിതികളും .

അശാന്തികൾക്കിടയിലും , ഒച്ചയും പൊടിപടങ്ങളുമടങ്ങി ശാന്തമാണ് പക്ഷേ , പ്രകൃതി മാത്രം .ധാരാളം കാണാപക്ഷികളും,ചിത്ര ശലഭങ്ങളും അണ്ണാന്മാരും,പൂച്ചകളും പട്ടികളുമൊക്കെ സ്വാതന്ത്ര്യത്തോടെ സദാ മുറ്റത്തുണ്ട്.അവരുടെ ശബ്ദങ്ങളേ ഉള്ളൂ ചുറ്റുപാടും .’നമ്മുടെ ലോകത്ത് അവർ’ എന്ന അഹങ്കാരം പൊയ്പ്പോയി ‘അവരുടെ ലോകത്ത് നമ്മളായത്’ പോലെ.ഒരു കൂട്ടം കാക്കകളും രണ്ടു പൂച്ചകളും കുഞ്ഞൻ നായ്ക്കളും സ്ഥിരം ഉച്ചനേരം നോക്കി വരുന്നുണ്ട് .പഴയതുപോലെ പേടിയില്ലാതെ ,അകലമില്ലാതെ അവ ചോറുരുളകൾ കൊത്തിപ്പെറുക്കുന്നുണ്ട്.വെള്ളം കുടിയ്ക്കാനെത്തുന്നുണ്ട് .അത് നിത്യം മറക്കാതെ വയ്ക്കാൻ അതിലൊന്നും സ്ഥിര ശ്രദ്ധയൊന്നുമില്ലാതിരുന്ന എനിയ്ക്ക് തോന്നുന്നുണ്ട് .നമ്മളെപ്പോലെയല്ല , അതിരുകളും അകലങ്ങളും അരുതുകളുമില്ലാതാവുകയാണുണ്ടായത് ,അവയ്ക്ക് .

കുറെ നാളുകൾക്ക് ശേഷം അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തുപോകേണ്ടി വന്നപ്പോഴാണ് എന്റെ ചെറു നഗരം
എന്ത് മാത്രം ശൂന്യമാണെന്നു കണ്ടത്.വഴിയിൽ ചെരുപ്പ് കുത്തിയിരുന്ന ബാലേട്ടൻ ,ചീപ്പുണ്ടാക്കിയിരുന്ന സെൽവൻ ,ഭീമൻ ബലൂണുകൾ വിറ്റിരുന്ന ആളുകൾ ,ചെറു പാവകളെ വിറ്റിരുന്ന ഉത്തരേന്ത്യക്കാരി ,ഹെന്നയും,കണ്മഷിയും ,കുപ്പിവളകളും വിൽക്കുന്ന തമിഴ്സ്ത്രീ, എല്ലാറ്റിനുമിടയിലൂടെ ഉച്ചത്തിൽ സംസാരിച്ചു പോകുന്ന മറുദേശ തൊഴിലാളികൾ , പരിചയക്കാരും അല്ലാത്തവരുമായ മനുഷ്യർ,ചെറുതും വലുതുമായ പലവിധ കടകൾ, ശബ്ദമുഖരിതമായ മാർക്കറ്റ്,നിലക്കാത്ത ഹോണടികൾ,ആർത്തികളും, ആവശ്യങ്ങളും,അത്യാവശ്യങ്ങളും.
കൂട്ടം ചേരലുകളും ആരവങ്ങളും പൊട്ടിച്ചിരികളും, തിരക്കിട്ടോട്ടക്കാരും ,പൂവാലന്മാരും, ഭിക്ഷക്കാരും, ഷോപ്പിങ്ങുകാരും.പ്രത്യക്ഷ ബന്ധങ്ങളുടെ സകല കണ്ണികളും –  യക്ഷിക്കഥയിലെ മന്ത്രവാദിനി ഒരൊറ്റ മാന്ത്രിക ദണ്ഡുവീശലാൽ സർവ്വതും ശൂന്യമാക്കിയത് പോലെയാണ് തിരികെ വരുമ്പോൾ തോന്നിയത് .ഭീതികളും അകലങ്ങളും അതിരുകളും തുടച്ചുമായ്ക്കപ്പെടുമ്പോൾ, ഇരുട്ട് പിളർന്ന്, വെളിച്ചം ചിന്നുന്ന കാലം വരുമ്പോൾ എല്ലാ ജീവിതങ്ങളും അവ ഉണ്ടായിരുന്ന പോലെയെങ്കിലും നിലനിൽക്കട്ടെയെന്നുണ്ട്.മുൻപത്തെതിലേക്ക് ഓരോ ജീവിതങ്ങളെയുമെത്തിയ്ക്കാൻ മനുഷ്യർ പരസ്പ്പരം കൊരുക്കപ്പെട്ട ഒരു ചങ്ങലയാവട്ടെയെന്നുണ്ട് . ഏത് നിസ്സഹായതയിലും
മനുഷ്യൻ , അത്രമേൽ ഊർജമുള്ള  വാക്കാകുന്നു എന്ന് സ്വയമോർമപ്പെടുത്തുന്നുണ്ട് .

Comments are closed.