DCBOOKS
Malayalam News Literature Website

ലൈംഗികവിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം അഭിനന്ദനാര്‍ഹം: ഡോ.ഷിംന അസീസ്

കോഴിക്കോട്: ലൈംഗിക വിദ്യാഭ്യാസം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കേരള സര്‍ക്കാരിന്റെ തീരുമാനം അഭിനന്ദനാര്‍ഹമെന്ന് ഡോ.ഷിംന അസീസ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ലൈംഗികവിദ്യാഭ്യാസം നല്‍കേണ്ടതെങ്ങനെ എന്ന വിഷയത്തില്‍ സംഗീത ചേനംപുല്ലിയുമായി സംസാരിക്കുകയായിരുന്നു ഡോ.ഷിംന.

ലൈംഗിക വിദ്യാഭ്യാസം എന്നത് എങ്ങനെ ലൈംഗികമായി ബന്ധപ്പെടുന്നതിനെ കുറിച്ചല്ല, മറിച്ച് പ്രത്യുല്‍പാദന വ്യവസ്ഥയെ സംബന്ധിച്ച് ഒരുപാട് അബദ്ധധാരണകള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ ഇതിനെക്കുറിച്ച് ശാസ്ത്രീയമായ അവബോധമുണ്ടാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഇതാരംഭിക്കണമെന്നും ഷിംന കൂട്ടിച്ചേര്‍ത്തു. ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒരുമിച്ചിരുത്തി ഈ വ്യവസ്ഥയെക്കുറിച്ച് പറഞ്ഞുകൊടുക്കണം. അതോടൊപ്പം ആരോഗ്യപ്രശ്‌നങ്ങളും. ഒരു പ്രായമെത്തിക്കഴിയുമ്പോഴേ ശാരീരികമായി ഒരു പങ്കാളിയെ കണ്ടെത്താനും ഒരുമിച്ച് ജീവിക്കാനും കഴിയൂ എന്നു കൂടി പഠിപ്പിച്ചു കൊടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ലൈംഗികതെയെക്കുറിച്ചുള്ള അറിവുകള്‍ മൂടിവയ്ക്കുന്നതാണ് ഇതിനെക്കുറിച്ചുള്ള നിഗൂഢത വര്‍ധിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് ആരോടു ചോദിക്കണം, എങ്ങനെ ചോദിക്കണം എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.’ ഷിംന പറഞ്ഞു.

Comments are closed.