DCBOOKS
Malayalam News Literature Website

ആസ്വാദകരുടെ കടലുകള്‍: രവി ഡി സി

നൂറുകണക്കിന് സെഷനുകളാണ് ഹേ ഫെസ്റ്റിവലില്‍ നടക്കാറുള്ളത്. ഓരോ സെഷനിലേക്കും പ്രവേശിക്കാന്‍ ടിക്കറ്റെടുക്കണം. സെഷനുകളിലേക്ക് പ്രവേശിക്കാനായി ടിക്കറ്റ് കൗണ്ടറുകളില്‍ നീണ്ട ക്യൂ ഉണ്ടാവും. ഇതിനുവേണ്ടി മാത്രമായിട്ടാണ് ലോകത്തിന്റെ പല ഭാഗത്തുനിന്ന് മനുഷ്യര്‍ അവിടെയെത്തി തമ്പടിക്കുന്നത്. ലണ്ടനില്‍നിന്ന് ട്രെയിനിലും പിന്നീട് മറ്റു വാഹനങ്ങളിലും ഒക്കെയായി ആളുകള്‍ സാഹിത്യചര്‍ച്ചകളില്‍ പങ്കാളികളാകാനായി മാത്രം ഹേ ഓണ്‍ വൈ എന്ന പ്രദേശത്ത് വന്നെത്തുന്നു: ഇംഗ്ലണ്ടിലെ ഹേ ഓണ്‍ വൈയില്‍ നിന്നു വികസിച്ച ഒരു ആശയം കെ എല്‍ എഫിലൂടെ കേരളമെങ്ങും വ്യാപിച്ചതിന്റെ സാംസ്‌കാരിക ഊര്‍ജ്ജത്തെക്കുറിച്ച്.

ഹേ ഫെസ്റ്റിവലാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വ്യത്യസ്തവുമായ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. സാഹിത്യോത്സവങ്ങളുടെ മാതാവ്
(Mother of all literature festivals) എന്ന് ഹേ വിശേഷിപ്പിക്കപ്പെടുന്നു. ഇംഗ്ലണ്ടിലെ ഹേ ഓണ്‍ വൈ (Hay on Wye) എന്ന ഈ ചെറുപട്ടണത്തില്‍നിന്നാണ് ലോകമെങ്ങും നടന്നുകൊണ്ടിരിക്കുന്ന പുതിയ കാലത്തെ സാഹിത്യാഘോഷങ്ങളുടെ തുടക്കം. ഹേയിലെ ജനസംഖ്യ രണ്ടായിരത്തോളം മാത്രമാണ്. പീറ്റര്‍ ഫ്‌ലോറന്‍സ്, നോര്‍മന്‍, റോദാ (Peter Florance, Norman and Rhoda) എന്നിവരുടെ നേതൃത്വത്തില്‍ 1988-ല്‍ ആരംഭിച്ച ഈ ഫെസ്റ്റിവലിന്റെ പതിപ്പുകള്‍ മറ്റു രാജ്യങ്ങളിലേക്കും അവര്‍ വ്യാപിപ്പിച്ചു. ഇന്ത്യയിലും അതിനു തുടക്കമിടാനായി പുസ്തകപ്രസാധകയും ഫെമിനിസ്റ്റ് ചിന്തകയുമായ ഉര്‍വ്വശി ബൂട്ടാലിയയെയാണ് അവര്‍ സമീപിച്ചത്. ഇന്ത്യയില്‍ Pachakuthiraഅതിനു പറ്റിയ സ്ഥലം കേരളമാണെന്ന ചിന്തയില്‍ ഉര്‍വ്വശി എത്തിച്ചേരുകയും ആ വിഷയം സുഹൃത്തായ എന്നോടു സംസാരിക്കുകയും ചെയ്തു.

2009-ല്‍ ഞാന്‍ കോവളത്ത് ഉണ്ടായിരുന്ന സന്ദര്‍ഭത്തിലാണ് ഹേ ഫെസ്റ്റിവല്‍ വിഷയം ചര്‍ച്ച ചെയ്യാനായി പ്രതിനിധികള്‍ കേരളത്തിലെത്തുന്നത്. കോവളം അവര്‍ക്ക് ഇഷ്ടപ്പെട്ടു. കോവളത്തില്‍ ആകൃഷ്ടരായി എന്നുതന്നെ പറയാം. ഫെസ്റ്റിവല്‍ വിഷയം ചര്‍ച്ച ചെയ്യാനായി ഞങ്ങള്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ആ ദിവസം അദ്ദേഹം അവധിയിലായിരുന്നു. ഒരു നാടകത്തില്‍ അഭിനയിക്കാന്‍വേണ്ടിയാണ് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി അന്ന് അവധിയെടുത്തിരുന്നത്. നാടകത്തിന്റെ അണിയറയിലുള്ള ഗ്രീന്റൂമിലേക്ക് അദ്ദേഹം സഞ്ജായ് റോയ് ഉള്‍പ്പെടെയുള്ള പ്രതിനിധികളെ ക്ഷണിച്ചു. കേരളത്തിലെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി അവധിയെടുത്ത് നാടകത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത ഫെസ്റ്റിവല്‍ പ്രതിനിധികള്‍ക്ക് നന്നായി ബാധിച്ചു. ഇപ്പോഴത്തെ സംസ്ഥാന ചീഫ് സെക്രട്ടറിയായ ഡോ. വി. വേണുവായിരുന്നു അന്നത്തെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി. അന്നത്തെ സാംസ്‌കാരികവകുപ്പ് മന്ത്രിയായ എം.എ. ബേബിയെയും സംഘം സന്ദര്‍ശിച്ചു. അദ്ദേഹം ഫെസ്റ്റിവല്‍ പ്രതിനിധികള്‍ക്ക് ഔദ്യോഗികവസതിയില്‍ പ്രാതല്‍ ഒരുക്കുകയും ചെയ്തു. ബേബി അവരോട് സംസാരിച്ചതേറെയും ലോകത്തിലെ ഏറ്റവും പുതിയ സാംസ്‌കാരിക ചലനങ്ങളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമായിരുന്നു. സാംസ്‌കാരികമായി ഇത്രയേറെ ഉണര്‍വ്വുള്ളഒരു മന്ത്രി കേരളംപോലെയുള്ള ഒരിടത്തു മാത്രമേ ഉണ്ടാവാനിടയുള്ളൂ എന്ന് അവര്‍ മനസ്സിലാക്കിയിരിക്കണം. അത്തരം വ്യക്തിത്വങ്ങള്‍ ഉണ്ടാവുന്‌പോള്‍ സാംസ്‌കാരികയന്ത്രവും ഭരണതലത്തില്‍ അപ്പോള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. മാത്രമല്ല, തിരുവനന്തപുരമെന്നത് ആ മണ്ഡലത്തിന്റെ എം.പി. കൂടിയായ ശശി തരൂര്‍ എന്ന എഴുത്തുകാരന്റെ സാന്നിധ്യമുള്ള സ്ഥലം എന്നതും പ്രതിനിധികളെ സംബന്ധിച്ച് മറ്റൊരു ആകര്‍ഷണമായി. ശശി തരൂരാകട്ടെ പ്രത്യേക താല്‍പര്യത്തോടെ അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. അതോടെ കേരളംതന്നെയായിരിക്കും ഇന്ത്യയില്‍ ഹേ ഫെസ്റ്റിവല്‍ സ്ഥിരമായി നടത്താന്‍ പറ്റിയ ഇടം എന്ന് അവര്‍ തീരുമാനിച്ചു. 2009 മുതല്‍ 2011 വരെ ഹേ ഫെസ്റ്റിവലിന്റെ മൂന്നു പതിപ്പുകള്‍ തിരുവനന്തപുരത്തുവച്ച് നടക്കുകയും ചെയ്തു. പിന്നീട് ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അമരക്കാരനായ സഞ്ജായ് റോയിയുടെ നേതൃത്വത്തിലുള്ള മികച്ച സംഘമാണ് കേരളത്തിലെ ഹേ ഫെസ്റ്റിവലിന് ചുക്കാന്‍ പിടിച്ചത്.

പൂര്‍ണ്ണരൂപം 2024 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്‌

 

 

Comments are closed.