DCBOOKS
Malayalam News Literature Website

പൊലീസ് മേധാവി നിയമനം ഇനി മുതല്‍ യു.പി.എസ്.സി.ക്ക്

ദില്ലി: സംസ്ഥാന പൊലീസ് മേധാവി നിയമനം യു.പി.എസ്.സി.ക്ക് വിട്ടു കൊടുത്തുകൊണ്ട് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. രാഷ്ട്രീയ താത്പര്യം നോക്കി സംസ്ഥാന സര്‍ക്കാരുകള്‍ ഡിജിപിമാരെ നിയമിക്കാന്‍ പാടില്ലെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.

ഡിജിപി നിയമനത്തിന് മാര്‍ഗരേഖ കൊണ്ടുവരണം എന്നാവശ്യപ്പെടുന്ന ഹര്‍ജി ഏറെക്കാലമായി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ഈ ഹര്‍ജിയിലാണ് സുപ്രീ കോടതി ഇന്ന് വിധി പറഞ്ഞത്. കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളും ഡി.ജി.പി നിയമനവുമായി ബന്ധപ്പെട്ട പ്രകാശ് സിംഗ് കേസിലെ വിധി നടപ്പിലാക്കിയിട്ടില്ലെന്ന് ഹര്‍ജി പരിഗണിക്കവെ അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

ഒരു ഡി.ജി.പിയെ നിയമിച്ചു കഴിഞ്ഞാല്‍ അയാള്‍ക്കു രണ്ടു വര്‍ഷത്തെ കാലാവധി നല്‍കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം വിരമിക്കുകയാണെങ്കില്‍ മാത്രമേ ആ കാലാവധിക്ക് മാറ്റം വരുത്താന്‍ പാടുള്ളൂ. ഡി.ജി.പി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് പുതിയതായി ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ യു.പി.എസ്.സി.ക്ക് നല്‍കണം. ആ പട്ടികയിലുള്ള പേരുകളുടെ അടിസ്ഥാനത്തിലായിരിക്കണം യു.പി.എസ്.സി. പാനല്‍ തയ്യാറാക്കേണ്ടത്. ഈ പാനലില്‍ നിന്നുവേണം സംസ്ഥാന സര്‍ക്കാരുകള്‍ ഡി.ജി.പിമാരെ നിയമിക്കാന്‍. താത്കാലിക ഡി.ജി.പിമാര്‍ (ആക്ടിംഗ് ഡി.ജി.പി) പാടില്ലെന്നും സ്ഥിരനിയമനമാണ് വേണ്ടതെന്നും സുപ്രീം കോടതിയുടെ പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.

Comments are closed.