DCBOOKS
Malayalam News Literature Website

ഷഹീന്‍ബാഗും റിസര്‍വ്വ് ബാങ്കും; സാറാ ജോസഫ് പറയുന്നു

ഷഹീന്‍ബാഗിലെ സ്ത്രീകളുടെ സമരം ഇപ്പോഴും തുടരുകയാണ്. ഡല്‍ഹി കലാപത്തിനോ കൊറോണാ വൈറസിനോ താല്ക്കാലികമായി ആ സരമത്തെ ഒരു മൂടുപടംകൊണ്ട് മറച്ചുപിടിക്കാന്‍ സാധിച്ചിട്ടുണ്ടാവാം. എന്നാല്‍ അകത്ത് കനല്‍ തിളയ്ക്കുന്ന ചാരക്കൂന പോലെയാണത്. കെടില്ല. കെട്ടാല്‍ ഇന്ത്യയുടെ ഭാവിരൂപം മറ്റൊന്നായിരിക്കും. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇന്ത്യയില്‍ പൗരത്വ രജിസ്റ്ററിനെതിരെ നടക്കുന്ന ജനങ്ങളുടെ പോരാട്ടത്തില്‍ പതിഞ്ഞിട്ടുണ്ട്. പൗരത്വ രജിസ്റ്റര്‍ പിന്‍വലിക്കണമെന്നും ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിക്കൊണ്ട് മുസ്ലീംജനതയെ തടവുകാരോ അഭയാര്‍ത്ഥികളോ ആക്കുന്നതിനുള്ള നീക്കം ഇന്ത്യ ഉപേക്ഷിക്കണമെന്ന് യു.എന്‍. നിര്‍ദ്ദേശിച്ചിരിക്കുന്നു.

കാശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞിതനൊപ്പം നാഷണല്‍ കോണ്‍ഗ്രസിന്റെയും പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെയും നേതാക്കളെ തടവിലാക്കിയിരിക്കയാണ്. അവിടെ പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നിരോധിച്ചിട്ട് ഇരുന്നൂറിലധികം ദിവസങ്ങളായി. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഇച്ഛാനുസരണം അട്ടിമറിക്കപ്പെട്ടു. അശാന്തമായ കാശ്മീര്‍ താഴ്‌വര ഇന്ന് നരകയാതനകളുടെയും ഭയത്തിന്റെയും ഭൂമികയാണ്. 2019 ഡിസംബര്‍ 11-നാണ് പാര്‍ലമെന്റ് പൗരത്വഭേദഗതി നിയമം പാസ്സാക്കുന്നത്. പാര്‍ലമെന്റിനകത്തുള്ള 40 ശതമാനത്തിന്റെ ഭൂരിപക്ഷ പിന്തുണയോടെയാണ് അവര്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ പൗരത്വഭേദഗതി നിയമം പാസ്സാക്കിയത്. അതേസമയം പൗരത്വഭേദഗതി നിയമമെന്ന തെരഞ്ഞെടുപ്പ് വാദ്ഗാനത്തോട് വിയോജിപ്പുളളവരും അതിനെ എതിര്‍ക്കുന്നവരുമായ 60% ജനങ്ങള്‍ പാര്‍ലമെന്റിന് പുറത്ത് നില്‍ക്കുന്നുണ്ട്. ഹിന്ദു രാഷ്ട്രമെന്ന സങ്കല്‍പത്തെ എതിര്‍ക്കുന്നവരും മതേതര ജനാധിപത്യ ഇന്ത്യയെന്ന ആശയം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരുമാണ് ഈ 60 ശതമാനം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പഴുതുകളെ ഫാഷിസത്തിനു വളരാനുള്ള ചതിക്കുഴികളാക്കി മാറ്റുകയാണ് മോദി- ഷാ ഭരണകൂടം ചെയ്തത്. 40 ശതമാനത്തിന്റേയും 60 ശതമാനത്തിന്റേയും വൈരുദ്ധ്യം
ഭൂരിപക്ഷാഭിപ്രായമെന്ന സാങ്കേതികതയെ പ്രശ്‌നവല്ക്കരിക്കുന്നുണ്ട്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി ആദ്യം തെരുവിലിറങ്ങിയത് ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികളായിരുന്നില്ല. മറിച്ച് കഴിഞ്ഞ എഴു ദശകങ്ങള്‍കൊണ്ട് അവരുണ്ടാക്കിവെച്ച അസത്യജഡിലമായ രാഷ്ട്രീയ പ്രവര്‍തനത്തിന്റെ ഫലമായിട്ടാണ് രാജ്യം ഫാഷിസ്റ്റ് ശക്തികളുടെ കൈയിലകപ്പെട്ടത് എന്ന് തിരിച്ചരിഞ്ഞ വിദ്യാര്‍ത്ഥികളായിരുന്നു. കോപ്പറേറ്റ് ഭീകരന്മാര്‍ക്ക് ഏതാണ്ട് പൂര്‍ണ്ണമായും അടിയറവ് ചെയ്യപ്പെട്ടു കഴിഞ്ഞ രാജ്യത്തില്‍ തങ്ങളുടെ ഭാവിയുടെ അനിശ്ചിതത്ത്വത്തെപ്പറ്റി കൃത്യമായി മനസ്സിലാക്കിയവരാണ് ഈ യുവാക്കള്‍. കക്ഷി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഫലപ്രദമായി നേരിടാനാകാത്ത ഇന്ത്യന്‍ ന്യൂറംബര്‍ഗിനെത്സ കനത്ത തോതില്‍ അടിക്കാന്‍ ജാമിയ മിലിയയിലെയും അലിഗഡ് യൂണിവേഴ്‌സിറ്റിയിലെയും ജെ.എന്‍.യു. വിലേയും വിദ്യാര്‍ത്ഥികള്‍ ആയുധമാക്കിയത് സ്വന്തം യുവത്വത്തെത്തന്നെയായിരുന്നു. അവര്‍ നിരായുധരും സത്യസന്ധരുമായ ഇന്ത്യന്‍ യുവതയെ പ്രതിനിധീകരിച്ചു. അവര്‍ക്ക് കുടുലമായ രാഷ്ട്രീയ താത്പര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അവരെ ഒതുക്കുക എളുപ്പമായിരുന്നില്ല, പതിവ് ഒത്തുതീര്‍പ്പുകള്‍ക്കോ വീട്ടുവീഴ്ചകള്‍ക്കോ തയ്യാറല്ലാത്ത അവര്‍ സി.എ.എ. യ്ക്കും എന്‍.ആര്‍.സി. യ്ക്കുമെതിരെ നിലപാടെടുത്തതുകൊണ്ട് ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായിരിക്കണമെന്നും ഒരു കരിനിയമംകൊണ്ട് ഇന്ത്യയെ മതപരമായി വിഭജിക്കാനുള്ള നീക്കം അനുവദിയ്ക്കില്ലെന്നും പ്രസ്താവിച്ചുകൊണ്ട് തെരുവിലേയ്ക്കിറങ്ങി. അവരെ ഒതുക്കുക എളുപ്പമായിരുന്നില്ല. പകരം അവരെ വേട്ടയാടാന്‍ ഭരണകൂടം പോലീസ് ഭീകരത അഴിച്ചുവിട്ടു. മനഃസാക്ഷിക്കുത്തില്ലാതെ കുട്ടികളെ തല്ലിച്ചതയ്ക്കാന്‍ അവര്‍ക്കായെങ്കിലും ഫലം വിപരീതമായിരുന്നു. അലിഗഡിലും ജാമിയാ മിലായിലും നിന്ന് രാജ്യത്തെ മറ്റു സര്‍വ്വകലാശാലകളിലേയ്ക്ക് പടര്‍ന്നുകയറി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധാഗ്നി. ലക്ഷക്കണക്കിനാളുകള്‍ പ്രകടനങ്ങളില്‍ സ്വമേധയാ പങ്കെടുത്തു. രാഷ്ട്രീയ പ്രതിപക്ഷങ്ങള്‍ അവരോട് ചേരുകയാണുണ്ടായത്. പൗരത്വരജിസ്റ്റര്‍ എത്തുന്ന ആശയങ്ങളെ പിച്ചിച്ചീന്തി ചവറ്റുകുട്ടയിലെറിയാനും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുമായി എഴുത്തുകാരും കലാകാരന്മാരും ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ബുദ്ധിജീവികളും ബഹുജന മുന്നേറ്റങ്ങളോടൊപ്പം ചേര്‍ന്നു. രാജ്യത്തെ ഒരുവിഭാഗം ജനങ്ങളായ മുസ്ലീങ്ങളെ പൗരത്വപ്പട്ടികയില്‍ നിന്നൊഴിവാക്കി, ഡിറ്റെന്‍ഷന്‍ സെന്ററുകളിലേയ്ക്കയയ്ക്കുകയോ രാജ്യത്തിനു പുറത്താക്കുകയോ ചെയ്യാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ ജനാധിപത്യപരമായി നേരിടാന്‍ വലിയൊരു മുന്നേറ്റം ഇന്ത്യയില്‍ നടന്നു. ഒരിയ്ക്കല്‍ക്കൂടി മതപരമായി വിഭജിക്കപ്പെടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്ന് പ്രസ്താവിച്ചുകൊണ്ട് ഓരോ ജനാധിപത്യ വിശ്വാസിയും തെരുവിലേയ്ക്കിറങ്ങി. സ്വാതന്ത്യത്തിനുശേഷം ഇന്ത്യയുടെ തെരുവുകളില്‍ ഏറ്റവും ഉയരത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം ആസാദീത്സ എന്നായിത്തീര്‍ന്നു.

ക്യാമ്പുകളില്‍ നിന്ന് തെരുവിലേയ്ക്കിരമ്പിയെത്തിയ ഈ പ്രക്ഷോഭത്തില്‍ ഷഹീന്‍ ബാഗിലെ സ്ത്രീകള്‍ ഒരു വന്‍ശക്തിയായിട്ടാണ് അണിചേര്‍ന്നത്. തലസ്ഥാന നഗരത്തിലെ റോഡുകള്‍ ഉപരോധിച്ചുകൊണ്ട് മുസ്ലീംസ്ത്രീകള്‍ നടത്തിയ ആ മുന്നേറ്റത്തെത്തുടര്‍ന്ന് രാജ്യത്ത് പല ഭാഗങ്ങളിലും ഷഹീന്‍ ബാഗുകള്‍ ആവര്‍ത്തിക്കപ്പെട്ടു. റോഡുപരോധിച്ചുകൊണ്ട് തികച്ചും സമാധാനപരമായി മുസ്ലീം സ്ത്രീകള്‍ ഒരു പുതിയ സ്വാതന്ത്ര്യ സമരമാതൃക പ്രയോഗത്തില്‍ വരുത്തി. അവര്‍ ദേശീയ പതാക കൈയിലേന്തി ഭരണഘടനയുടെ ആമുഖം ഉറക്കെ വായിച്ചു. ആസാദീഗീതങ്ങള്‍ പാടി. മാസങ്ങളോളമായി അവര്‍ തെരുവിലിരിക്കുന്നു. വളരുന്നതല്ലാതെ തളരാത്ത സമരമാണവരുടേത്.

അതേസമയം പൗരത്വരജിസ്റ്ററിനെതിരെ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളാണെന്നു വരുത്തിത്തീര്‍ക്കാന്‍ മോദി സര്‍ക്കാരും അനുയായികളും ആവുന്നതൊക്കെ ചെയ്തുകൂട്ടുന്നുണ്ട്. കള്ളക്കേസുകളില്‍ കുടുക്കി അനേകം യുവാക്കളെ അവര്‍ അറസ്റ്റ് ചെയ്തു. വി.എ.പി.എ. പോലുള്ള കരിനിയമത്തിന്റെ കുരുക്കില്‍ പെടുത്താനും എന്നന്നേയ്ക്കുമായി അവരുടെ ഭാവി തുലയ്ക്കാനും കിട്ടുന്ന എല്ലാ പഴുതുകളും ഉപയോഗിച്ചു. പ്രത്യേകിച്ചും പ്രതിഷേധക്കാര്‍ മുസ്ലീം മതവിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ ശിക്ഷകള്‍ അതിക്രൂരമാക്കി. രണ്ടു നീതിയുണ്ട് രാജ്യത്ത് എന്ന് വ്യക്തമാക്കുംവിധം മുസ്ലിങ്ങള്‍ക്കെതിരെ ദ്രോഹനടപടികള്‍ തുടരുന്നു. ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നത് സ്ത്രീകളായതുകൊണ്ട് ദുഷ്പ്രചരണങ്ങളും അപവാദങ്ങളും അഴിച്ചുവിട്ട് അവരെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ബോധപൂര്‍വ്വം അവരുടെ ഗുണ്ടാപ്പടകള്‍ സാമൂഹ്യമാധ്യമങ്ങളിലും അല്ലാതെയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരെ വേണ്ടവിധം കൈകാര്യം ചെയ്യണമെന്ന് പാര്‍ലമെന്റംഗങ്ങളായ ബി.ജെ.പിക്കാര്‍ ഉറക്കെ വിളിച്ചുപറയുന്നു. അക്രമങ്ങളില്‍ പലപ്പോഴും ഗുജറാത്ത് ഓര്‍മ്മയില്ലേ എന്നവര്‍ ചോദിക്കുന്നു. മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും കത്തിച്ചുകളയുകയും ക്രൂരബലാത്സംഗത്തിനിരയാക്കുകയും ചെയ്ത് രാജ്യം ഓര്‍മ്മിക്കാനിഷ്ടപ്പെടാത്ത ആ വലിയ അനീതിയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിനു പിന്നിലെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്താണ്? ഇപ്പോള്‍ നടന്ന ഡല്‍ഹികലാപത്തിലും, സ്വത്വം തെളിയിക്കാന്‍ വസ്ത്രമഴിച്ച് പരിശോധിച്ച നിന്ദ്യമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിരുന്നു.

ഗോലീ മാരോ സാലോം കോ എന്ന ആക്രോശമാണ് പ്രതിഷേധ റാലികള്‍ക്കെതിരെ ക്യാബിനറ്റ് മന്ത്രിമാര്‍ പോലും യാതൊരു ശങ്കയുമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത്.
ഷഹീന്‍ബാഗ് സമരത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം എന്തുതരം നീക്കവും നടത്തിയേക്കാം.
…… മാണ് ഹിന്ദുത്വവാദികളായ ആള്‍ക്കൂട്ടങ്ങള്‍ അഴിച്ചുവിടുക എന്ന് പ്രവചിക്കാനാവില്ല. എന്നാല്‍ ഈ രാജ്യത്ത് ജനിച്ചുവളര്‍ന്നവര്‍ എന്ന നിലയില്‍ തുല്യാവകാശങ്ങളുള്ള ഒരുവിഭാഗം ജനങ്ങളെ പറിച്ചുമാറ്റാന്‍ വേണ്ടി കൊണ്ടുവരുന്ന ഹിറ്റ്‌ലര്‍ മോഡല്‍ പൗരത്വരജിസ്റ്ററിനെതിരെ മുസ്ലിങ്ങള്‍ മാത്രമല്ല, ഹിന്ദുക്കള്‍ അടക്കമുള്ള മറ്റു മതവിഭാഗങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധരംഗത്തുണ്ട് എന്നതാണ് ഏക ആശ്വാസം. രാജ്യം മുഴുവന്‍ ഷഹീന്‍ ബാഗുകള്‍ ആവര്‍ത്തിയ്ക്കപ്പെടുകയും ഇന്ത്യയുടെ മതേതരജനാധിപത്യ സ്വഭാവം നശിപ്പിയ്ക്കാന്‍ ഹിന്ദുത്വത്സ തീവ്രവാദികളെ അനുവദിയ്ക്കാത്ത ബഹുജനമുന്നേറ്റങ്ങള്‍ ശക്തിപ്പെടുകയുമാണ് ഇന്ന് രാജ്യത്തിനാവശ്യം.

ഏഴുകൊല്ലത്തെ മോദിഭരണകൂടം എന്തു നേട്ടമാണ് രാജ്യത്തിന് ഉണ്ടാക്കിയിട്ടുള്ളത്? സാമ്പത്തിക വളര്‍ച്ച ഏറ്റവും പിന്നോക്കമാക്കി. രൂപയുടെ മൂല്യം ലജ്ജാകരമാംവിധം ഇടിഞ്ഞു. ജി.ഡി.പി. വമ്പര്‍തകര്‍ച്ചയിലാകാന്‍ നോട്ടുനിരോധനം, തുടങ്ങിയ പരിഷ്‌കാരങ്ങള്‍ കാരണമായി. കര്‍ഷകരുടെ ജീവിതം തവിടുപൊടിയായി. തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമായി. പൊതുമേഖല വിറ്റുതുലച്ചുകൊണ്ടിരിയ്ക്കുന്നു. ബാങ്കുകളുടെ തകര്‍ച്ചയും എല്‍.ഐ.സി. പോലുള്ള ജനങ്ങളുടെ രക്ഷാസംവിധാനമായ സാമ്പത്തിക ഇടപാടുകളിലുള്ള പിടിമുറുക്കലും നടന്നുകൊണ്ടിരിക്കുന്നു. സഹകരണ ബാങ്കുകള്‍ക്കു നേരെ കറുത്ത കരങ്ങള്‍ നീണ്ടുവരുന്നു. റിസര്‍വ്വ് ബാങ്കിനെ ചൊല്പ്പടിയില്‍കൊണ്ടുവന്നു. സുപ്രീംകോടതി നിയമവും മാധ്യമങ്ങളുടെ മേലുള്ള പിടിമുറുക്കല്‍ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും വരുതിയിലാക്കല്‍ തുടങ്ങിയ അക്ഷന്തവ്യമായ അപരാധങ്ങളുടെ ഒരു ജൈത്രയാത്രയാണ് ഏഴുകൊല്ലം ജനങ്ങള്‍ കണ്ടും അനുഭവിച്ചുകൊണ്ടുമിരിക്കുന്നത്. അംബാനി, അദാനി തുടങ്ങിയ കോര്‍പ്പറേറ്റുകളുടെ വരുമാനത്തിലുണ്ടായ ക്രമാതീത വര്‍ദ്ധനയും മോദി- അമിത്ഷാമാര്‍ക്ക് അവരോടുള്ള വിധേയത്വവും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിഭവങ്ങള്‍ മുഴുവന്‍ അവര്‍ക്ക് തീറെഴുതുകയും ജനങ്ങളെ വഴിയാധാരമാക്കുകയും ചെയ്യുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെ ചോദ്യങ്ങളുയരാതിയിക്കാന്‍ വേണ്ടിക്കൂടിയാണ് ഹിന്ദുത്വ അജണ്ട ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. അതിന്റെ മറവിലാണ് സാമ്പത്തിക അട്ടിമറികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇഷ്ടമില്ലാത്തവരെ തട്ടിക്കളയുകയോ, സ്ഥലം മാറ്റുകയോ ജലിലിടയ്ക്കുകയോ ചെയ്യാന്‍ രാജ്യത്ത് നിലവിലുള്ള നീതിനിയമങ്ങളൊന്നും നേക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന മട്ടിലാണ് സംഭവങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് ഹിന്ദുത്വത്തിനും ഫാഷിസത്തിനുമെതിരെ പ്രതിഷേധിയ്ക്കുമ്പോള്‍, രാജ്യത്തിന്റെ നട്ടെല്ലൊടിയ്ക്കുന്ന സാമ്പത്തിക തകര്‍ച്ചയ്‌ക്കെതിരെ കുറ്റപത്രം ചുമത്തി, വിസ്തരിയ്ക്കാന്‍ നമ്മള്‍ മറന്നുകൂടാ.

 

Comments are closed.