DCBOOKS
Malayalam News Literature Website

‘ബുധിനിയില്‍ ബുധിനി തന്നെയാണ് സര്‍പ്രൈസ്’

‘ബുധിനിജീ, ഈ പെണ്‍കുട്ടികള്‍ ഡല്‍ഹിയില്‍നിന്നാണ്. ബുധിനിജിയെപ്പറ്റി ഇവര്‍ ഒരു പുസ്തകമെഴുതുന്നുണ്ട്.”
”എന്നെപ്പറ്റി എന്തെഴുതാനാണ്?”
”ബുധിനിജിയുടെ അനുഭവങ്ങള്‍.”
”അതൊക്കെ കഴിഞ്ഞുപോയില്ലേ? കഴിഞ്ഞതു കഴിഞ്ഞു. അതൊന്നും ഇനി പറയുന്നതില്‍ കാര്യമില്ല. ഞാനതൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. പറയാനും ഇഷ്ടപ്പെടുന്നില്ല.”
മടുത്തുവെങ്കിലും സുമിത്രയുടെ ക്ലിക്കുകള്‍ക്ക് അവര്‍ നിന്നുകൊടുത്തു. പല്ലില്ലാത്ത മോണകാട്ടി കുഞ്ഞുങ്ങളെപ്പോലെ ചിരിച്ചു.

”ഞാനാരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എനിക്കാരോടും ദേഷ്യമോ സ്‌നേഹമോ ഇല്ല.”
”ബുധിനിജീ, നമ്മുടെ രാജ്യം നിങ്ങളോട് തെറ്റാണ് ചെയ്തത്. അത് തിരുത്താന്‍…”
”രാജ്യമോ? ഏതാണ് എന്റെ രാജ്യം?”

മുപ്പത്തൊന്നാം അധ്യായത്തോടെ സാറാ ജോസഫ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതുന്ന നോവല്‍ അവസാനിക്കുകയാണ്. ഒപ്പമുള്ള ഭാഗ്യനാഥിന്റെ വരകളും. ബുധിനി എന്ന നോവലിന്റെ അവസാന അധ്യായവും പോസ്റ്റ് ചെയ്തതിനുശേഷമാണ് ഒരിക്കല്‍ക്കൂടി സാറാ ജോസഫും പാഠഭേദവും ഒരുമിച്ചിരിക്കുന്നത്.

ബുധിനി ഗൈഡ് ലാസ്റ്റ് ഇയര്‍ ഡിസ്‌കണ്‍സലേറ്റ് റ്റു ദി എന്‍ഡ് ഷി വാസ് ഇന്‍ ഹേര്‍ ലേറ്റ് സിക്റ്റീസ് – ഇതായിരുന്നു ആ സാന്താള്‍ പെണ്‍കുട്ടിയെപ്പറ്റി അവസാനമെഴുതപ്പെട്ട ലേഖനത്തിലെ വാചകങ്ങള്‍. അതില്‍നിന്നാണ് എഴുതാന്‍ പോകുന്ന കവിതയ്‌ക്കോ നാടകത്തിനോവേണ്ടി ആ ജീവിതമൊരു കഥാതന്തുവായി വികസിപ്പിക്കപ്പെട്ടത്. ഇപ്പോഴും ദാമോദര്‍വാലി അടക്കമുള്ള ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങള്‍ കാണാനായി വിദ്യാര്‍ത്ഥി കളും അധ്യാപകരും ടൂറിസ്റ്റുകളുമെത്തുന്നു. ഗൈഡ് തന്റെ വിവരണം അവസാനിപ്പിക്കുന്നത് മിക്കവാറും ഇങ്ങനെയാണ്: ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങള്‍ പണിയാന്‍വേണ്ടി ബലിയര്‍പ്പിക്കപ്പെട്ട ആദ്യത്തെയാള്‍, ബുധിനി എന്ന ആ സാന്താള്‍ പെണ്‍കുട്ടിയുടെ കൊച്ചുമോളാണ് ഞാന്‍. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ…

നോവലിന്റെ എഴുത്തുമേശയില്‍നിന്ന് നായിക യിലേക്കു നടത്തിയ യാത്രയില്‍ സംഭവിച്ച അട്ടിമറിയെന്ത്?മരിച്ചുപോയ ബുധിനിയുടെ ആത്മാവിനെ തേടി യായിരുന്നു ജാര്‍ഖണ്ഡിലേക്കുള്ള യാത്ര. ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മലയാളിയായ കാറളത്തുകാരന്‍ വിജയ നാണ് ആ യാത്രയിലെ സര്‍പ്രൈസ് അവതരിപ്പിച്ചത്. അണക്കെട്ട് കാണാന്‍ മാത്രമല്ല, വരൂ, ബുധിനിയെയും കാണാം. അങ്ങനെ ബുധിനിയിലേക്കുള്ള യാത്രയില്‍ സാക്ഷാല്‍ ബുധിനി തന്നെയായി സര്‍പ്രൈസ്.

എന്ത്, ബുധിനി ജീവിച്ചിരിക്കുന്നെന്നോ? അതെ, നോക്കൂ. എന്നോടൊപ്പം പഴയ ആ സാന്താള്‍ പെണ്‍കുട്ടി അവളുടെ എഴുപതുകളുടെ രണ്ടാം പകുതിയില്‍.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1985-ല്‍ ഒരു അപ്പോയ്‌മെന്റിന് ശ്രമിച്ചതായിരുന്നു. ബുധിനിയെക്കുറിച്ചുള്ള അവസാനത്തെ വാര്‍ത്ത. നിങ്ങളുടെ മുത്തച്ഛനാണെന്റെ ജീവിതം തുലച്ചുകളഞ്ഞത്. ജനക്കൂട്ടം ഭ്രഷ്ട് കല്പിച്ചതിനെത്തുടര്‍ന്ന് ആള്‍ക്കൂട്ടം ആ അര്‍ദ്ധരാത്രി കൊടുങ്കാട്ടിലൂടെ കൂക്കിവിളിച്ചും കല്ലെറിഞ്ഞും ഓടിച്ചുവിട്ട ആ പെണ്‍കുട്ടിയെ രക്ഷിച്ചത് പിന്നീടവരെ വിവാഹം ചെയ്ത സുധീര്‍ ദത്തയാണ്. അദ്ദേഹമാണ് രാജീവ് ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്, ബുധിനിയുടെ കഥ. ആ കൂടിക്കാഴ്ച പക്ഷേ, നടന്നില്ല. എന്നാല്‍ പ്രധാനമന്ത്രി ബുധിനിയെ തിരിച്ചെടുക്കാന്‍ കോര്‍പ്പറേഷനോട് നിര്‍ദ്ദേശിച്ചു. പക്ഷേ, ബുധിനി എവിടെയെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ആനന്ദബസാര്‍ പത്രികയുടെ ലേഖകന്‍വഴി ഒടുവിലവളെ കണ്ടെത്തിയപ്പോള്‍ ക്ലാസ്‌ഫോര്‍ ജീവനക്കാരിയായി നിയമനം നല്‍കി. മകള്‍ രത്‌നയുമൊത്ത് ജീവിക്കാന്‍ ടൗണ്‍ഷിപ്പില്‍ ഒരു വീടും. പക്ഷേ, കാല്‍ നൂറ്റാണ്ടുകാലം അവളെവിടെയായിരുന്നു? അവളെങ്ങനെയാണ് ജീവിച്ചത്?

ബുധിനിയെ കണ്ടെത്തുന്നതായിത്തന്നെയാണ് നോവല്‍ അവസാനിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ ബുധിനി ഈ നോവലില്‍ കുറച്ചേയുള്ളൂ. ഇതൊരു ചരിത്രപുസ്തകമല്ല; ചരിത്രാഖ്യായികയും. ബുധിനിയുടെ കഥ ഇന്ത്യയുടെ വികസനചരിത്രവുമായി ബന്ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ബുധിനിയെ തേടിപ്പോയപ്പോഴാണ് നാം വികസിച്ചതെങ്ങനെ, ആരുടെയെല്ലാം ചെലവില്‍ എന്നു കൃത്യമായി ബോധ്യപ്പെടുന്നത്. ഇതൊരു പാന്‍ ഇന്ത്യന്‍ നോവലാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലുമുണ്ട് ഇങ്ങനെ മുങ്ങിപ്പോയ, ആട്ടിയോടിക്കപ്പെട്ട ആയിരങ്ങളും പതിനായിരങ്ങളും. അവരുടെ പ്രതീകമായാണ് ബുധിനിയെ വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഞാനെഴുതിയ ബുധിനി എന്ന നോവല്‍ ഫിക്ഷനാണ്. ഫിക്ഷന്‍ മാത്രം. ഡി സി ബുക്‌സിലൂടെയാണ് നോവല്‍ പുസ്തകമായി പുറത്തുവരുന്നത്. പുസ്തകത്തിന്റെ ഇംഗ്ലിഷ് വിവര്‍ത്തനവും ഒരുങ്ങുന്നു. ഹിന്ദിയിലേക്കും വിവര്‍ത്തനം ചെയ്യപ്പെടണമെന്നുണ്ട്.

കടപ്പാട്: പാഠഭേദം മാസിക

Comments are closed.