DCBOOKS
Malayalam News Literature Website

സന്തോഷ് ഏച്ചിക്കാനം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു

ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ സന്തോഷ് ഏച്ചിക്കാനം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥകളുടെ അടയാളവാക്യങ്ങളാക്കി മാറ്റിയത്. ആധുനികതാപാരമ്പര്യത്തിന്റെ ഉടലും ഉയിരുമാണ് അദ്ദേഹത്തിന്റെ കഥകളില്‍ വായിച്ചെടുക്കാന്‍ കഴിയുന്നത്. കഥയിലൂടെ ജീവിതത്തിന്റെ ക്ലേശഭൂഖണ്ഡം, മരണം, ഭാഷ, ശരീരം, വ്യവസ്ഥാപിതമായ ആഖ്യാന രീതി ഇവയെല്ലാത്തിനേയും അതിജീവിക്കാനാണ് സന്തോഷ് ശ്രമിക്കുന്നത്.

ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം,കാരൂര്‍ ജന്മശതാബ്ദി പുരസ്കാരം, അബുദാബി ശക്തി പുരസ്‌കാരം, ചെറുകാട് അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചെറുകഥാ രചനക്കു പുറമേ സിനിമ-സീരിയല്‍ രംഗത്തും സജീവസാന്നിധ്യമാണ് സന്തോഷ് ഏച്ചിക്കാനം.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.