DCBOOKS
Malayalam News Literature Website

മക്തി തങ്ങളുടെ ജീവിതകാലം

ജൂലൈ ലക്കം പച്ചക്കുതിരയില്‍

സമീര്‍ കാവാഡ്

കേരളത്തിലെ മുസ്ലിംസമൂഹത്തിനകത്തെ നവോത്ഥാനനായകനും മതപണ്ഡിതനും സാഹിത്യകാരനും വാഗ്മിയും വിവര്‍ത്തകനും പ്രഥമ പത്രപ്രവര്‍ത്തകനുമായിരുന്നു സനാഹുള്ള മക്തിതങ്ങള്‍. ഇംഗ്ലീഷ് നരകത്തിലെഭാഷയാണെന്നു മാത്രമല്ല മലയാളം ഹിന്ദുശാസ്ത്രഭാഷയാണെന്ന പ്രചാരണവും ശക്തമായി നിലനിന്നിരുന്ന കാലത്ത് അദ്ദേഹം ഭാഷാപഠനങ്ങളുടെ ഭാവിസാധ്യതകളെക്കുറിച്ച് പറയുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. മുസ്ലിംപെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിനുവേണ്ടി പ്രത്യേകം ശബ്ദമുയര്‍ത്തി. തന്റെ ജീവിതകാലം മുഴുവന്‍ നിരന്തരമായി എഴുതി; പുസ്തകങ്ങളും ലേഖനങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ച് സംവാദമണ്ഡലത്തെ സജീവമാക്കി. മക്തിതങ്ങളുടെ എഴുത്തുകള്‍ പലതും ഇന്നു ലഭ്യമല്ല. കേരളത്തിലൂടനീളം സഞ്ചരിച്ച് ഏറെ പരിശ്രമത്തിനൊടുവില്‍ ലഭ്യമായവ ക്രോഡീകരിച്ച് സമ്പൂര്‍ണ്ണകൃതികളായി പ്രസിദ്ധീകരിക്കാനും അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതാനും (1954) മുന്നിട്ടിറങ്ങിയത് കെ.കെ. മുഹമ്മദ് അബ്ദുല്‍കരിം ആണ്. സാക്ഷാല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എഴുതിയ ചില തെറ്റുകളെ തിരുത്തിയ ഗ്രന്ഥകാരന്‍ കൂടിയായിരുന്നു മക്തിതങ്ങള്‍. ‘നബിനാണയം’ ഇതിനുദാഹരണം. മക്തിതങ്ങള്‍ ഓര്‍മ്മയായിട്ട് 110 വര്‍ഷം Pachakuthiraപിന്നിട്ടു.

മക്തിതങ്ങളെ കേരളത്തിലെ സുന്നികള്‍ക്കെതിരായി പ്രതിഷ്ഠിക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചവരാണ് ജമാഅത്തെഇസ്ലാമി-സലഫീ പ്രസ്ഥാനങ്ങള്‍. സുന്നിവിഭാഗമാണെങ്കില്‍ അദ്ദേഹത്തെ വേണ്ടവിധം പഠനം നടത്തിയിട്ടുണ്ടോ എന്നതും സംശയമാണ്, അവര്‍ക്കൊരുകാലത്തും പണ്ഡിതക്ഷാമം അനുഭവപ്പെട്ടിട്ടില്ല എന്നതാവാം അതിലൊരു കാരണം. മറ്റൊന്ന് മക്തിതങ്ങളെക്കുറിച്ചുള്ള ജമാഅത്ത്സലഫീപക്ഷ ചരിത്രം അതേപടി പിന്‍പറ്റിയതുമാകാം. ക്രിസ്ത്യന്‍ മിഷണറിമാരോടും ബ്രിട്ടീഷുകാരോടും കടുത്ത വിയോജിപ്പും അതുസംബന്ധമായ രചനകളും വാഗ്വാദങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ഹിന്ദുസമുദായങ്ങളുമായി അത്തരമൊരു നേര്‍പോരിനു തങ്ങള്‍ മിനക്കെട്ടതായി കാണുന്നില്ല. മാത്രവുമല്ല, പല ദുര്‍ഘടഘട്ടങ്ങളിലും തന്നെ ഹിന്ദുസമുദായം സഹായിച്ചുവെന്ന് തങ്ങള്‍ നന്ദിപൂര്‍വ്വം അനുസ്മരിച്ചിട്ടുണ്ട്.

ഉത്തരമലബാറിലെ മുസ്ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായത്തിനെതിരെ അദ്ദേഹം കഠിനമായ വിമര്‍ശനങ്ങള്‍ നടത്തി. തന്റെ കര്‍മ്മമണ്ഡലം കൊച്ചിയായിരുന്നിട്ടുപോലും കണ്ണൂരും
തലശ്ശേരിയിലും തളിപ്പറമ്പിലും വന്ന് തമ്പടിച്ച്, തെറ്റാണെന്നദ്ദേഹം കരുതിയ സമുദായത്തിനകത്തെ പ്രവണതകള്‍ക്കെതിരെ പ്രസംഗിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. മലയാളത്തില്‍ (കേരളത്തില്‍) ബ്രാഹ്മണരെ കൊണ്ടുവന്നു പാര്‍പ്പിച്ച പരശുരാമന്‍ എന്ന രാജാവാണ് മരുമക്കത്തായം കൊണ്ടുവന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. വിശുദ്ധ ഖുര്‍ആനിലെ അന്നിസാഅ് (സ്ത്രീ) എന്ന അദ്ധ്യായത്തെ അധികരിച്ച് മക്കത്തായസമ്പ്രദായമാണ് ഇസ്ലാം കല്‍പ്പിക്കുന്നതെന്ന് തങ്ങള്‍ സമര്‍ത്ഥിച്ചു. ‘മക്കത്തായക്കാരായിരുന്നുകൊണ്ട് മക്കള്‍ക്കും ഉമ്മ ബാപ്പമാര്‍ക്കും ഉള്ള വഖഫുകള്‍ (അവകാശം, ബാധ്യത) സ്ഥിരപ്പടുത്തി സ്വാലിഹായ അമലുകള്‍ ചെയ്ത് അല്ലാഹുതആലായുടേയും അവന്റെ ഹബീബും എന്റെ ഉപ്പാപ്പയുമായ മുത്ത് റസൂല്‍ (സ) അവര്‍കളുടേയും തൃപ്തി സമ്പാദിച്ച് ശരിയായ ഉമ്മത്തികളായിത്തീരുവിന്‍’ എന്നു കണ്ണീര്‍വാര്‍ത്ത് അപേക്ഷിച്ചതായി അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. പ്രസ്തുത ഉദ്ബോധനം മരുമക്കത്തായക്കാര്‍ക്ക് വിരോധമായിത്തീര്‍ന്നതില്‍ വ്യസനിക്കുന്നതായും അവരെ നേര്‍വഴിയിലേക്കെത്തിക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് തങ്ങള്‍ ഉത്തരമലബാറില്‍ നിന്നും മടങ്ങുന്നത്. തൊട്ടടുത്ത് കുപ്പത്ത് ഉമര്‍ മുസ്ല്യാര്‍ ഉണ്ടായിരുന്നതുകൊണ്ട് പട്ടിണി കിടക്കാതെ മടങ്ങാനായി എന്നും തങ്ങള്‍ സ്മരിക്കുന്നതുകാണാം.

പൂര്‍ണ്ണരൂപം 2023 ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

 

 

 

 

 

 

Comments are closed.