DCBOOKS
Malayalam News Literature Website

സനാതനധർമ്മിയായ മരണം

ആഷാമേനോന്റെ ‘സനാതനധർമ്മിയായ മരണം’ എന്ന പുസ്തകത്തിന് വിജയകുമാരൻ വി എഴുതിയ വായനാനുഭവം

മാറ്റങ്ങൾക്കു വിധേയമായ പ്രപഞ്ചത്തിൽ മാറാതെ ചിരപുരാതനവും നിത്യനൂതനവുമായി നിൽക്കുന്നതിനെ സനാതനമെന്നു പറയുന്നു. പ്രവാഹനിത്യതയാണ് അതിന്റെ സ്വഭാവം. ഈ നിത്യനൂതനത്വം നൽകുന്നതാകട്ടെ മരണവും. ആഷാമേനോന്റെ ” സനാതനധർമ്മിയായ മരണം” ശാശ്വതമായ ഈ സത്യത്തെ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളിൽ ദർശിക്കുന്നു.

അന്നം, പ്രാണൻ എന്നീ രണ്ടു ഭാഗങ്ങളിലായി പന്ത്രണ്ടു ലേഖനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ രചന. പുസ്തകത്തിന്റെ അവസാന ഭാഗത്ത് കെ.എം. വേണുഗോപാലുമായുള്ള അഭിമുഖത്തിൽ (ക്ലിഷ്ടം, സമ്മോഹനം) വ്യക്തമാക്കുന്നതുപോലെ, ആത്മസഞ്ചാരങ്ങൾ, സാഹിത്യം, യാത്ര, പരിസ്ഥിതി, ആത്മീയത – ഈ വഴികളൊന്നും ആഷാമേനോന് ഭിന്നമല്ല. അതിന്റെ നിദർശനം കൂടിയാണ് ഈ കൃതി.

പരിണാമ സിദ്ധാന്തം അവതരിപ്പിക്കപ്പെട്ട കാലത്തു തന്നെ ചന്തുമേനോൻ മാധവനിലൂടെ നടത്തുന്ന സജീവ പ്രതികരണം പ്രകടമാക്കുന്ന ഉത്പതിഷ്ണുത്വം ആദ്യ ലേഖനത്തിനു വിഷയമാവുന്നു. നൂറ്റിമുപ്പതു വർഷം കഴിഞ്ഞും പഴകിപ്പോകാത്ത മനസ്സും ദർശങ്ങളും വിസ്മയിപ്പിക്കുന്നു. ഇന്ദുലേഖക്ക് ഖസാക്കുമായുള്ള താരതമ്യ ശ്രമവും ശ്രദ്ധേയമണ്. മാധവന്റെ വ്യക്തിത്വത്തിലെ വിവേകമാർന്ന എളിമയും പൗരബോധവും വെളിവാകുന്നു.

ഋതുനടനം പോലെ രാത്രിയുടെ അർദ്ധ യാമങ്ങളിൽ വിടരുന്ന നേർത്ത ഗന്ധമുള്ള വെളുത്ത പൂക്കൾ, അനന്തശയനം എന്നുകൂടി പേരുള്ള നിശാഗന്ധിയിൽ തുടങ്ങി, സർഗ്ഗാത്മകതയുടെ രസതന്ത്രം തേടിയുള്ള ആർതർ കീസ് ലറുടെ (The Act of Creation) രചനയിലൂടെ വീണ്ടും ഖസാക്കിന്റെ മിത്തോളജിയിൽ വ്യാപരിക്കുന്നു “ജീവന്റെ പര്യവസ്ഥകൾ.”

പതിമൂന്നു വർഷത്തിന്റെ കാലവ്യത്യാസം മാത്രമുള്ള ബുദ്ധനും പൈതഗോറസും തമ്മിലുള്ള ബന്ധത്തിൽ പ്രകൃതിയുടെ ഭാഷ അക്കങ്ങളാണ്, അക്ഷരങ്ങളല്ല എന്ന കൗതുകത്തെ സ്ഥാപിക്കുന്നു. ” ചേതനയിൽ ഇത്തിരി ഹരിതം നിറയ്ക്കുക, നിങ്ങൾ കൃപയുള്ളവരായി ഭവിക്കും…. ഗണിതത്തോട് മമത പുലർത്തുക, അത് ഈ ഭൂമിയുടെ, പ്രപഞ്ചത്തിന്റെ മുഴുവൻ താളസൂത്രമാണ്. അപ്പോൾ നിങ്ങൾക്ക് ജീവിതത്തിൽ പുതിയൊരു രസപാകം
ലഭിച്ചെന്നിരിക്കും.”

Textഅനാഹതത്തെ ഉദ്ദീപിപ്പിക്കുന്ന ശതതന്ത്രിയിലെ (സന്തൂർ) ശതത്തിന്റെ മാനങ്ങൾ, ആചാര്യ രാജേഷിന്റെ നൂറാമത്തെ പുസ്തകമായ ” ഹിന്ദുധർമ്മരഹസ്യ ” ത്തെ മുൻ നിർത്തി പരിചയപ്പെടുത്തുന്നു. ” അന്നവും അഗ്നിഹോത്രവും ” എന്ന ലേഖനത്തിൽ. കർമ്മോത്സുകതയ്ക്കൊപ്പം തികഞ്ഞ ശമാവസ്ഥയിൽ നിർവ്വഹിക്കപ്പെട്ട രചനയാണിതെന്ന് സാക്ഷ്യപ്പെടുത്തുന്നു. മാക്സ് മുള്ളർ എന്ന കാതലില്ലാത്ത വിവർത്തകന്റെ അർത്ഥ ശോഷണങ്ങൾ ആചാര്യ രാജേഷ് വിശദമായിത്തന്നെ പഠന വിധേയമാക്കുന്നുണ്ട് ഈ കൃതിയിൽ. (മാക്സ് മുള്ളർക്ക് ഇതൊരു ധനാഗമമാർഗ്ഗം ആയിരുന്നു. ഒരു ഷീറ്റിന് നാലു പൗണ്ട് എന്ന കണക്കിൽ) വിശപ്പോ ആർത്തിയോ പ്രതിബിംബിക്കാത്ത അശനം അർച്ചനയാണ്, അഗ്നിഹോത്രമാണ്. ഏറ്റവും സമീപസ്ഥമായ പ്രകൃതി, ശരീരം, ഒരു വിശുദ്ധ സത്തയാവുന്നതിനെ ഓർമ്മിപ്പിക്കുന്നു.

കരയിലെ താമരയാണ് സ്ഥലപത്മം അഥവാ ബ്രഹ്മകമൽ. വിഷ്ണു നാരായണൻ നമ്പൂതിരിയെ പ്രതീകവല്ക്കരിക്കുന്ന മറ്റേതു പുഷ്പമാണുള്ളത്, ഈ വെളുത്ത താമരയല്ലാതെ എന്നത്ഭുതപ്പെടുന്നു ഗ്രന്ഥകാരൻ. ” ബ്രഹ്മകമലിന്റെ പരിമളം” അദ്ധ്യാത്മികതയുടെ പ്രത്യക്ഷ ശരീരമായ ഹിമാലയം കവിയെ എത്രമാത്രം ത്വരിപ്പിച്ചു എന്നു അദ്ദേഹത്തിന്റെ പാരിസ്ഥിതികാതുരത്വങ്ങൾ എടുത്തു പറഞ്ഞ് വ്യക്തമാക്കുന്നു.

മനുഷ്യന് പ്രപഞ്ചത്തിന്റെ മനസ്സുമായുള്ള പ്രതിസ്പന്ദനശേഷി, ചട്ടമ്പിസ്വാമികളുടെ ജീവിതവുമായി ബന്ധപ്പെടുത്തി കാണുന്നു, ” പ്രപഞ്ചമാനസൈക്യ” ത്തിൽ. രമണമഹർഷിയുമായി മാത്രമേ സ്വാമിക്ക് ഇക്കാര്യത്തിൽ താരതമ്യം ഉള്ളൂ. രണ്ടാമതൊന്നുണ്ട് എന്നു തോന്നുന്നിടത്തു മാത്രമേ ഭയം ഉളവാകുന്നുള്ളൂ. എന്നാൽ ഈ അവിഭാജ്യത, സമ്യക്കായ ബന്ധം (സംബന്ധം) സാദ്ധ്യമായവർക്ക് എല്ലാ വിനിമയവും സ്വാഭാവികമാവുന്നു. അനുകമ്പ വഴിയുന്ന ഒരൊറ്റ നോട്ടം കൊണ്ട് പ്രപഞ്ചമാനസൈക്യം സംഭവിക്കുന്നു.

സമ്പർക്കങ്ങളെല്ലാം വെടിഞ്ഞ്, അരുണാചലം തന്റെ അവിഭക്ത സത്തയായി സ്വീകരിച്ച യോഗ്യവര്യനായി ആഷാമേനോൻ രമണ മഹർഷിയെ കാണുന്നു. പൂർവ്വ നിയുക്തമെന്ന പോൽ അരുണാചലവുമായി ഒരു യോഗാത്മക ഐക്യം യുവാവായ രമണനിൽ സംഭവിച്ചു. (അമ്പത്തിനാലു വർഷത്തെ അരുണാചല ജീവിതം – സമാഹിത ചിത്തനായി, സ്ഥാപനവത്കരണങ്ങളെ അതിക്രമിച്ച്) സകല ജീവജാലങ്ങളോടും തികഞ്ഞ
പാശരാഹിത്യത്തിൽ ഇടപെട്ടു. ഒരു വിധത്തിലുള്ള സംഗത്തിനും കളമൊരുക്കാതെ. ( ഒരു മാൻകുഞ്ഞിൽ അവിഭാജ്യനായപ്പോൾ ഭരതന് രണ്ടാമതൊരു ജന്മം വേണ്ടി വന്ന ഭാഗവത കഥ ഓർക്കാം) (ലേഖനം: അരുണാചലശിവം).

പ്രാണൻ എന്ന രണ്ടാം ഭാഗത്തിലെ ആദ്യ ലേഖനം ” പ്രകൃതിയിലെ മൂലധന സംഹിത” യെക്കുറിച്ചാണ്. മനുഷ്യന് എത്രയോ മുൻപ് പ്രകൃതി അതിന്റെ നിസ്സീമമായ ആസ്തികളുമായി നിലനിന്നിരുന്നു എന്നോർക്കുക. വിഭവശേഷിയുടെ പരിമിതി മനുഷ്യനിൽ ഏല്പിക്കുന്ന ഉത്തരവാദിത്തത്തെക്കുറിച്ച് മറന്നു കൂടാ. വീതിച്ചെടുക്കുക സാദ്ധ്യമല്ലാത്ത ഭൂതസത്തയുടെ അവകാശികളല്ല, സംരക്ഷകരാവുക. ധാർഷ്ട്യമിയന്ന മാനവികവാദം തടസ്സമാകാതിരിക്കട്ടെ.

ജീവന്റെ അടയാളങ്ങളെല്ലാം തിരോഭവിച്ചു കഴിഞ്ഞ നിശ്ശൂന്യതയിൽ നിന്ന്, സ്ഫോടനാനന്തര ചെർണോബിൽ എന്ന കർമ്മലോപത്തിന്റെ ഭൂമിയിൽ നിന്ന്, സ്വെറ്റ്ലാനാ അലക്സീവിച്ച് എന്ന ബെലാറഷ്യൻ എഴുത്തുകാരി പറയുന്നു, ലോകത്ത് ധർമ്മനിരതമായ ഒരൊറ്റ വസ്തുത സനാതന ധർമ്മിയായ മരണമാണ്. ആർക്കും അതിൽ നിന്ന്
ഒഴിഞ്ഞുമാറാനാവില്ല. ജീവന്റെ ചാക്രികതയിൽ മരണവും അന്തർഭവിക്കുന്നെന്നറിഞ്ഞാൽ അത്രയ്ക്കൊന്നും ഭീതി ഹേതുകമാകേണ്ടതില്ല മരണം. പക്ഷെ, അനിവാര്യമായ ഈ കടന്നുപോകലിന്റെ യുക്തിരാഹിത്യമാണ് മനുഷ്യനെ ആത്മധ്യാനത്തിലേക്കു നയിക്കുന്നത്; പാടെ യുക്തിരഹിതവും ക്രൂരവുമായ ഇല്ലാതാവലുകൾ. ഉർവ്വരതയെ പാടെ ഹനിച്ച ചെർണോബിൽ ദുരന്തം മനുഷ്യരാശിക്ക് അന്നേ വരെ അപരിചിതമായിരുന്നല്ലോ.
ബ്ലേക്കിന്റെ കടുവയും മാത്തിസണിന്റെ മഞ്ഞു പുലിയും, ശ്രുതി തരളം, ഈ സ്വഗതങ്ങൾ തുടങ്ങിയവയാണ് മറ്റു ലേഖനങ്ങൾ. ഗൗരവമായ വായന അർഹിക്കുന്ന ഈ കൃതി ഒരു ഡി. സി. ബി പ്രസിദ്ധീകരണമാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.