DCBOOKS
Malayalam News Literature Website

യാഥാർത്ഥ്യവും, ചരിത്രവും, ഭാവനകളും, ഭ്രമാത്മകതയും കൂടിക്കുഴഞ്ഞ സർഗ്ഗാത്മകതയുടെ സൗന്ദര്യലഹരി

ഇന്ത്യയിൽ അങ്ങോളമിങ്ങോളം അലയാൻ തുടങ്ങിയിട്ട് ഏഴെട്ട് കൊല്ലമാകുന്നു. ഈ അലച്ചിലിന് പലപ്പോഴും ആശ്രയിച്ചിട്ടുള്ള തീവണ്ടിയാണ് സമ്പർക്കക്രാന്തി. ഞാൻ ഈ വണ്ടിയിലിരുന്ന് കണ്ട ഇന്ത്യയാണോ എഴുത്തുകാരൻ അനുഭവിച്ച ഇന്ത്യ എന്നറിയാനുള്ള ആകാംഷയാണ് ” സമ്പർക്രാന്തി ” എന്ന നോവൽ വായനയിലേക്ക് നയിച്ചത്.

ടെറിട്ടോറിയൽ അനിമൽ എന്ന ഭാഗം -1 ൽ, കേന്ദ്രകഥാപാത്രമായ കരംചന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റോടെ നോവൽ, അതിന്റെ സഞ്ചാരത്തിന്റെ സൈറൺ മുഴക്കുന്നു. ആ പ്രാരംഭത്തിലെ ഒരു സംഭവം വിവരിക്കാതെ കടന്നു പോകുക പ്രയാസം. അതിങ്ങനെയാണ്:

“… പ്ലാറ്റ്ഫാമിൽ നിൽക്കുകയായിരുന്ന സായ്പ്പിന്റെ കൈയ്യിലിരുന്ന പുസ്തകം ഊർന്ന് താഴേയ്ക്കു വീണു. പ്ലാറ്റ്ഫോമിനും കോച്ചിനും ഇടയിലൂടെ വഴുക്കി അത് ട്രാക്കിലേക്ക് വീണു. ‘ഇന്ത്യ’ എന്നാണ് ആ പുസ്തകത്തിന്റെ പേര്. അതിപ്പോൾ എ വൺ കോച്ചിന്റെ ടോയ്‌ലെറ്റിനടിയിലാണ്. ‘ഇന്ത്യ’ ഇപ്പോൾ അമേധ്യത്തിൽ പതിച്ചു കിടക്കുന്ന അവസ്ഥയിൽ കാണപ്പെടുന്നു…..
ടിക്കറ്റ് പരിശോധകന്റെ നിർദ്ദേശപ്രകാരം ഒരു പോർട്ടർ വന്ന് പ്ലാറ്റ്ഫോമിന്റയും കോച്ചിന്റേയും വിടവിൽ കൂടി ഊർന്നിറങ്ങി ‘ഇന്ത്യ’യെ കൈയിലെടുത്തു. പുറം ചട്ടയിൽ പറ്റിയ മാലിന്യം സായ്പ്പ് കാണാതെ തുടച്ച ശേഷം തിരികെ കൊടുത്തു.”

സായ്പ്പ് പോർട്ടർക്ക് നൂറ് രൂപ കൂലി കൊടുത്തു. ” അമേധ്യത്തിൽ പതിച്ച ‘ഇന്ത്യ’. അതിനെ ഉയർത്തിയെടുക്കുന്ന തൊഴിലാളി. പ്രതിഫലം കൊടുക്കുന്ന വിദേശി. ” – മലയാളിയായ കഥാനായകന് ഈ പ്രവൃത്തികളിൽ രാഷ്ട്രീയം കാണാതിരിക്കാൻ കഴിയുന്നില്ല. ഇത്തരം വാസ്തവാനന്തര കാലത്തെ കാഴ്ചകളുമായി സമ്പർക്രാന്തി എന്ന തീവണ്ടി അഥവാ നോവൽ യാത്ര തുടങ്ങുയാണ്..
32 ബോഗികൾ
3420 കിലോമീറ്ററുകൾ
56 മണിക്കൂറുകൾ
18 ഭാഷക്കാർ…

V Shinilal-Sambarkkakranthiമലയാളത്തിലെ മനോഹരമായ മറ്റൊരു ഇന്ത്യൻ നോവലാണ് സമ്പർക്രാന്തി. യാഥാർത്ഥ്യവും, ചരിത്രവും, ഭാവനകളും, ഭ്രമാത്മകതയും കൂടിക്കുഴഞ്ഞ സർഗ്ഗാത്മകതയുടെ സൗന്ദര്യലഹരിയാണ് ഈ നോവലിന്റെ ഉൾബലം.

“ഒരു യഥാർത്ഥ എഴുത്തുകാരന് പുതുതായി ഒന്നും പറയാനില്ല; അയാൾ കാര്യങ്ങൾ എങ്ങനെ പറയുന്നു എന്നതാണ് പ്രധാനം.” – എന്നാണ് ഫ്രഞ്ച് നോവലിസ്റ്റും ചരിത്രകാരനുമായ അലെൻ റോബേഗ്രിയോ ഒരു നോവൽ ചർച്ചയിൽ പറഞ്ഞത്. എന്നാൽ അത് ശരിയല്ലെന്നും, എഴുത്തുകാരന് പലതും പുതുതായി പറയാനുണ്ടാകുമെന്നും, എങ്ങനെ പറയുന്നു എന്നപോലെ പ്രധാനം തന്നെയാണ് എന്തു പറയുന്നു എന്നുള്ളതും എന്ന് ഈ നോവലും നോവലിസ്റ്റും അടിവരയിടുന്നു. ആൾക്കൂട്ട’ത്തിൽ, പ്രവാചകന്റെ വഴി’ യിൽ ഒക്കെ നാം കണ്ട ഇന്ത്യയിൽ നിന്നും സമ്പർക്കക്രാന്തിയിലെ ഇന്ത്യ രാഷ്ട്രീയപരമായും, ചരിത്രപരമായും ഒട്ടേറെ മാറി നിന്ന് വിഭ്രമിപ്പിക്കുന്നുണ്ട്. ശില്പഘടനാപരമായ മാറ്റങ്ങളേക്കാൾ, ആശയപരമായ സംഘർഷങ്ങൾ അതിന്റെ തീവ്രത ഒട്ടും ചോരാതെ തന്നെ അവതരിപ്പിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. അതിനായി കഥാപാത്രങ്ങളുടെ പേരുകൾ പോലും എഴുത്തുകാരൻ സമർത്ഥമായി ഉപയോഗിക്കുന്നുണ്ട്. ഓരോ പേരും ചരിത്ര / രാഷ്ട്രീയ / സാംസ്കാരിക ഭൂഖണ്ഡങ്ങളെ ഗർഭം ധരിച്ചിരിക്കുന്നു. ഭരണകൂടത്തിന്റെ അധികാരവും ( State power) , അതിന്റെ നിയാമകത്വവും (state control) വിഭിന്നമാണെന്ന അൽത്തൂസറിയൻ നിരീക്ഷണത്തെ ശരിവയ്ക്കുന്ന ഒരു ദേശത്തെ അടയാളപ്പെടുന്ന ഈ കൃതിയിൽ, എഴുതിയെടുത്ത് സൂക്ഷിക്കേണ്ട അനേകം വരികളുണ്ട്. ഓരോ വരിയും ചൂണ്ടി കാണിക്കുന്ന/അടയാളപ്പെടുത്തുന്ന ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ നമ്മെ ലജ്ജിപ്പിക്കും, ചിന്തകളെ പുനർനിർമ്മിക്കും. ഉറപ്പ്.

എന്താണിത് എന്നു ചോദിക്കുന്നതിലൂടെയല്ല, എന്താണ് ഇപ്പോൾ അവസാനിച്ചുകൊണ്ടിരിക്കുന്നതെന്ന് ഈ പുസ്തകം നിങ്ങളോട് ചോദിക്കും.

വി. ഷിനി ലാലിന്റെ ‘സമ്പർക്കക്രാന്തി ‘ എന്ന പുസ്തകത്തിന് ശ്യാം ശ്രീനിവാസ് എഴുതിയ വായനാനുഭവം.

Comments are closed.