DCBOOKS
Malayalam News Literature Website

സമ്പർക്കക്രാന്തിയിലൂടെ ഒരു യാത്ര

വി. ഷിനി ലാലിന്റെ ‘സമ്പർക്കക്രാന്തി ‘ എന്ന പുസ്തകത്തിന്  എസ്. ജെ. സുജീവ് എഴുതിയ വായനാനുഭവം.

സമ്പർക്കക്രാന്തി എന്നത് ഒരു യാത്രയാണ്, യാത്രയെ തൊഴിലാക്കിയ വെറും സഞ്ചാരി ആയ കരംചന്ദിനൊപ്പം 22 ബോഗിക്കുള്ളിൽ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഭൂതകാലവും വർത്തമാനകാലവും പേറി 3420 കിലോമീറ്റർ താണ്ടിയുള്ള യാത്ര. ഒരു മഹാരാജ്യം ഒരു തീവണ്ടിയിലേയ്ക് ചുരുങ്ങുന്നതും ഒരു തീവണ്ടി ഒരു മഹാരാജ്യമായി വളരുന്നതുമായ അനുഭവം വായനക്കാരിലെത്തിക്കുന്ന തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവൽ ആണ് ശ്രീ വി ഷിനിലാലിന്റെ ‘സമ്പർക്കക്രാന്തി’.

ഒരിക്കലെങ്കിലും തീവണ്ടിയിൽ യാത്ര ചെയ്തിട്ടുള്ള ഏതൊരാൾക്കും തങ്ങളുടെ യാത്ര അനുഭവങ്ങളെ നോവലിൽ ഉടനീളം കണ്ടെത്താൻ കഴിയും. പലപ്പോഴും കേന്ദ്ര കഥാപാത്രമായ കരംചന്ദ് ആയി വായനക്കാർ മാറുകയും അയാളുടെ യാത്ര തങ്ങളുടെ തന്നെ യാത്രയായി നിർവചിക്കപ്പെടും ചെയ്യും. തിക്കി തിരക്കിട്ടു വരുന്ന പലവിധത്തിലുള്ള സഹയാത്രികർ,പല വേഷക്കാർ , പല ഭാഷക്കാർ, സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവർ, പ്രത്യക തരത്തിൽ കൈ കൊട്ടി വരുന്ന സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട ട്രാൻസ്‌ജെൻഡർ, തീവണ്ടിയിലെ കക്കൂസ് മുറികളിൽ പ്രസവിക്കേണ്ടി വരുന്ന നാടോടികൾ, അനാഥരാക്കപ്പെടുന്ന ചരിത്രമില്ലാത്ത കുട്ടികൾ, ജ്ഞാന വൃദ്ധർ, അങ്ങനെ ഇന്ത്യ എന്ന മഹാരാജ്യത്തെ തന്റെ 22 ബോഗിക്കുള്ളിലാക്കി ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയും ഒരു നിലവിളി പോലെ സൈറൺ മുഴക്കി പായുന്ന സമ്പർക്കക്രാന്തിയിൽ യാത്ര ചെയ്‌യുന്ന വായനക്കാർക്ക് പുതിയൊരു യാത്ര അനുഭവേദ്യമാകും.

ഒരു യാത്രയും ഒരു കാലത്തും പാഴായി പോയതായി അറിവില്ല. ഓരോ യാത്രയും ഓരോ ജീവിത അനുഭവങ്ങളാണ്. ഭൂത കാലത്തിൽ നിന്നും വർത്തമാനത്തിലേയ്ക്കും,വർത്തമാനത്തിൽ നിന്ന് ഭാവിയിലേയ്ക്കും നമ്മുടെ കാഴ്ചയെ കൊണ്ടെത്തിക്കാൻ ഓരോ യാത്രയ്ക്കും കഴിയും. അത്തരമൊരു യാത്ര കൂടിയാണ് സമ്പർക്കക്രാന്തിയുടെ വായന. മലയാള നോവൽ സഹിത്യ ചരിത്രത്തിൽ സമ്പർക്കക്രാന്തി ഇടം നേടിക്കഴിഞ്ഞിരിക്കുന്നു. ഒരു കഥ പറച്ചിലല്ല ഈ നോവലിനെ വ്യത്യതസ്ഥമാക്കുന്നത് അത് നമ്മെ ഓർമപ്പെടുത്തുന്ന പലവിധ ചരിത്രമുണ്ട്, നമ്മൾ ഓർത്തിരിക്കേണ്ടുന്ന ചരിത്രം, വരും തലമുറ ഇനി പാഠ പുസ്തകങ്ങളിലൂടെ പഠിക്കാനിടയില്ലാത്ത ചരിത്രം, ആ ചരിത്രങ്ങൾ പല റയിൽവേ സ്‌റ്റേഷൻ കടന്നു പോകുമ്പോളും നമ്മെ ഓർമിപ്പിച്ച് കൊണ്ടിരിക്കും, നമ്മൾ മറന്നുപോയ ചില മുഖങ്ങൾ ഉണ്ട്, നമ്മുടെ സാമൂഹിക അടിത്തറ പാകപ്പെടുത്തുന്നവരിൽ പങ്കു വഹിച്ച മുഖങ്ങൾ, അതിൽ ഗാന്ധി മുതൽ നരേന്ദ്ര ധബോൽക്കർ വരെ കാണാനാകും, ഗാന്ധി വിസ്മൃതിയിൽ മറയുന്നതും ഗോഡ്‌സെ വിശുദ്ധനാക്കപ്പെടുന്നതുമായ ഇന്നിന്റെ കാലത്ത് ഗാന്ധിയെ വെടിയുതിർത്ത തോക്കിൽ പുകച്ചുരുൾ അവസാനിക്കാതെനരേന്ദ്ര ധബോൽക്കർഎത്തുന്നത് വരെ നീളുന്നു. അവിടെ വരെയുള്ള കാലം എഴുത്തുകാരൻ അടയാളപ്പെടുത്തുമ്പോൾ അവസാനിക്കാത്ത വെടിയുണ്ടൾ കൽബുർഗിയും കടന്ന് ഗൗരി ലങ്കേഷ് വരെ എത്തി നിൽക്കുന്നത് യാദൃശ്ചികമല്ല. ഇനിയും നീളുന്ന വെയ്റ്റിങ് ലിസ്റ്റ് വായിക്കുമ്പോൾ ഉണ്ടാക്കുന്ന ഞെട്ടലിൽ നിന്നാണ് നോവലിന്റ കാലഘട്ടത്തിന്റെ പ്രാധാന്യം നമ്മുക്ക് ബോധ്യമാകുന്നത്.

സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളെകൂടി വഹിച്ച് കൊണ്ട് പോകുന്നതാണ് സമ്പർക്കക്രാന്തി. സമകാലിക രാഷ്ട്രീയ മാറ്റങ്ങൾ നമുക്ക് വായനയിൽ കാണാനാകും. ഒരു നേതാവ് ജനിക്കുന്നതും നേതാവ് വളർന്ന് ഏകാധിപതി ആകുന്നതും. ജനങ്ങൾ അവരറിയാതെ അടിമപ്പെട്ടുപോകുന്നതും നമ്മുക്ക് വായിക്കാൻ കഴിയും. ഒരു പക്ഷെ ഇന്നിന്റെ ഇന്ത്യൻ രാഷ്ട്രീയ അധികാരത്തെ ഈ വായനയിൽ കണ്ടെത്തി എന്നും വരാം. അങ്ങനെ നീളുന്ന യാത്രയിൽ സമകാലിക സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതും ഈ നോവലിനെ പ്രസക്തമാകുന്നു. തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവൽ എന്നതിലുപരി കാലിക പ്രസക്തിയുള്ള നോവൽ എന്ന നിലയിൽ സമ്പർക്കക്രാന്തി വായനക്കാർക്ക് പ്രിയങ്കരമാകും എന്നതിൽ തർക്കമില്ല. ചരിത്രവും വർത്തമാനവും തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഈ നോവൽ നമ്മൾ തീർച്ചയായും വായിച്ചിരിക്കേണ്ടുന്നതാണ്. എഴുത്തുകാരനും നോവലിനും എല്ലാ വിധ ആശംസകളും നേരുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.