DCBOOKS
Malayalam News Literature Website

ഇന്ത്യയെ കണ്ടെത്തൽ

വി. ഷിനി ലാലിന്റെ ‘സമ്പർക്കക്രാന്തി ‘ എന്ന പുസ്തകത്തിന്  സന്തോഷ് തുളസീധരൻ എഴുതിയ വായനാനുഭവം.

വി. ഷിനിലാലിന്റെ സമ്പർക്കക്രാന്തി വായിച്ചു…ചരിത്രവും ഭാവനയും സമരസപ്പെട്ടു സഞ്ചരിക്കുന്ന അത്ഭുതകരമായ ആഖ്യാന രീതിയാണ് അനുഭവിച്ചത്…!!

മലയാള നോവൽ സാഹിത്യ തറവാട്ടിന്റെ ഉമ്മറത്ത് കസേര വലിച്ചിട്ടിരുന്ന്, കഥാകൃത്ത് ട്രെയിനിന്റെ ഗതിവേഗങ്ങളോടൊപ്പം, ഇന്ത്യൻ ചരിത്രത്തിന്റെ കയറ്റിറക്കങ്ങളിലൂടെ വായനക്കാരനെയും വലിച്ചോടുകയാണ്…അവന്റെ പ്രാണനിൽ യാത്ര അനുഭവിപ്പിക്കുകയാണ്…!

പിഴച്ചുപോയ അമ്മയുടെ ഉദരത്തിൽ നിന്നും തിരസ്കരിക്കപ്പെട്ട് ട്രെയിൻ ടോയ്‌ലെറ്റിൽ ജനിച്ചുവീണ ” ചരിത്രമില്ലാത്ത കുട്ടി”, ക്ലോസെറ്റിന്റെ വഴുക്കലിലൂടെ ഊർന്നുവീഴുന്നത് പാളങ്ങളിലേക്കല്ല, വായനക്കാരന്റെ കണ്ണുകളായി അവൻ സമ്പർക്ക ക്രാന്തിയുടെ കാഴ്ചകളിൽ മുഴുകുകയാണ്…!

ഒരാൾ, ഇരുതോളുകളിലും ഉറങ്ങിക്കിടക്കുന്ന പിഞ്ചുമക്കളും, നെഞ്ചോട്‌ ചേർന്നു നിൽക്കുന്ന ഭാര്യയുമായി ഇരമ്പിയെത്തുന്ന മരണം കാത്ത് പാളത്തിൽ നിൽക്കുന്നു. അയ്യോ എന്ന് നിലവിളിച്ച് ഡ്രൈവർ  Textതലകുനിക്കുമ്പോൾ, ഇരുമ്പിൽ മാംസം ഞെരിയുന്ന വേദന നാമനുഭവിക്കുന്നു… മരിക്കാൻ അനവധി മറ്റു മാർഗ്ഗങ്ങൾ ഉണ്ടെന്നിരിക്കെ, മറ്റൊരാളെ സാക്ഷിയാക്കുന്ന ഈ ഒരേയൊരു ആത്മഹത്യാവിദ്യയ്ക്ക് ആളുകൾ തയ്യാറാവുന്നതെന്തെന്ന് എഴുത്തുകാരൻ അന്ധാളിക്കുന്നു….

ജനങ്ങളുടെ ആവശ്യങ്ങൾ മുതലെടുത്താണ് നേതാക്കന്മാർ ജനിക്കുന്നത്. ആവശ്യങ്ങൾക്കായി പരക്കം പായുന്ന ജനം, നേതാക്കളാൽ സൃഷ്ടിക്കപ്പെടുന്ന അസ്വാതന്ത്ര്യത്തെ അറിയുന്നില്ല… ആവശ്യങ്ങൾ ഇല്ലാതെയാകുമ്പോൾ നേതാക്കളും ഇല്ലാതെയാകും… ട്രെയിൻ യാത്രയിൽ നേതാവായ “ദ്വി”, ട്രെയിൻ അവസാന സ്റ്റോപ്പിൽ യാത്ര അവസാനിപ്പിക്കുമ്പോൾ ഒന്നുമറിയാത്തവനെപ്പോലെ ഇറങ്ങി നടന്നു മറയുംപോലെ..!

കടുവയെപ്പോലെ സ്വന്തം അതിർത്തി തിരിച്ച് അതിൽ ജീവിക്കുന്ന മനുഷ്യൻ എന്ന ടെറിട്ടോറിയൽ ആനിമലിന്റെ സ്വഭാവവൈകൃത്യങ്ങളെ പോസ്റ്റുമോർട്ടം ചെയ്യപ്പെടുന്നുണ്ട് സമ്പർക്ക ക്രാന്തിയിൽ.

ആയുധങ്ങളാൽ അടക്കപ്പെടുന്ന ശബ്ദങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളവയായിരുന്നു… ഗാന്ധിയും, നരേന്ദ്ര ധബോൽക്കറും, ഗോവിന്ദ് പാൻസാരയും ഒടുവിലായി ഗൗരി ലങ്കേഷും..തുടർന്നുകൊണ്ടേയിരിക്കുന്ന പട്ടിക… ഇത് നിങ്ങൾ വായിക്കുമ്പോൾ ഇന്ത്യയിൽ എവിടെയെങ്കിലും മറ്റൊരു ജ്ഞാന വൃദ്ധൻ / വൃദ്ധ മരണപ്പെട്ടേക്കാം എന്ന് എഴുത്തുകാരൻ ഭയപ്പെടുന്നു…

ഗാന്ധിയുടെ മാറുപിളർന്ന തോക്ക് തുരുമ്പേൽക്കാതെ ഇന്നുമുണ്ടെന്നും , അത് ഇടയ്ക്കിടെ തീ തുപ്പാറുമുണ്ടെന്നും എഴുത്തുകാരൻ ഓർമിപ്പിക്കുന്നു…

” എന്നിട്ട് ഗാന്ധി മരിച്ചോ? ” എന്ന ഘനഗംഭീര ചോദ്യമാണ് ആശയങ്ങളെ ആയുധങ്ങളുമായി നേരിടുന്നവരോട് ഉന്നയിക്കപ്പെടുന്നത്.. ആശയങ്ങളായി ജനഹൃദയങ്ങളിലേറിയവർ മരണപ്പെടുന്നില്ലല്ലോ..! അവരുടെ ശരീരങ്ങളെ മാംസകഷ്ണങ്ങളായും, ചോരത്തുള്ളികളായും ചിതറിതെറിപ്പിച്ച്, വിജയികൾ എന്നുന്മാദിക്കുന്നവരെ നിശബ്‍ദരാക്കുന്നുണ്ട് സമ്പർക്ക ക്രാന്തി..!

ഒരു ക്രൂരൻ ജനിക്കുമ്പോൾ, വിഷം പുരട്ടിയ ഒരമ്പും ജനിക്കുന്നു. അതെയ്യാൻ ഒരു വേടനും …!

ഇന്ത്യയുടെ പരിഛേദമായ സമ്പർക്ക ക്രാന്തിയിൽ നിന്നും കണ്ണെടുക്കുമ്പോൾ ശരിക്കും ഇന്ത്യയെ കണ്ടെത്തൽ വായനക്കാരൻ അനുഭവിക്കുന്നു…!!!

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.