DCBOOKS
Malayalam News Literature Website

‘സമ്പർക്കക്രാന്തി’; അനേകം മനുഷ്യർ കിതച്ചു വീണ യന്ത്രതുല്യമായ ഉടൽ

വി. ഷിനി ലാലിന്റെ ‘സമ്പർക്കക്രാന്തി ‘ എന്ന പുസ്തകത്തിന്  ചന്ദ്രബോസ് എഴുതിയ വായനാനുഭവം.

‘അനേകം മനുഷ്യർ കിതച്ചു വീണ യന്ത്ര തുല്യമായ ഉടൽ’ എന്ന രൂപകം നമ്മെ സവിശേഷമായി തൊടുന്നു. സമ്പർക്കക്രാന്തിയിലെ ‘രാത്രിസഞ്ചാരങ്ങൾ, എന്ന അധ്യായത്തിൽ ഇതു വായിക്കാം. ലൈംഗികത്തൊഴിലാളിയുടെ ഉടലും തീവണ്ടിയുടെ ഉടലും സമീകരിക്കപ്പെടുന്ന രൂപകം. സമ്പർക്കക്രാന്തിയിലെ നായകൻ കരംചന്ദ്, ബഞ്ജാരേ എന്ന സുഹൃത്തിനോടൊപ്പം പൂനയിലെ ബുധവാരി പെട്ട് എന്ന തെരുവിലുള്ള രതി ശാല സന്ദർശിച്ചതിന്റെ ഓർമ്മകൾ പറയുന്നിടത്താണ്, ഈ രൂപകം. അവിടെ കണ്ട അനേകം സുന്ദരികളിൽ സന്തുഷ്ടി നിറഞ്ഞ മുഖത്തിനുടമയായ രത്തിനയെ അയാൾ തെരഞ്ഞെടുക്കുന്നുണ്ട്. തനിക്ക് അവളോടു സംസാരിച്ചാൽ മാത്രം മതി എന്നയാൾ പറയുന്നുണ്ട്. അവളുടെ കൈത്തണ്ടയിൽ തെലുങ്ക് അക്ഷരങ്ങളിൽ പച്ചകുത്തിയിരിക്കുന്നത് എന്തെന്ന് അയാൾ ചോദിക്കുന്നു. കൃഷ്ണ എന്ന തന്റെ കാമുകന്റെ പേരായിരുന്നു അത്. വാറംഗലിൽ നിന്ന് ദണ്ഡകാരണ്യത്തിലേക്കു പോകും വഴി പോലീസുകാർ വെടിവെച്ചു കൊന്നു അവനെ. ഏറ്റുമുട്ടലായിരുന്നു എന്നത്രേ Textപോലീസ് ഭാഷ്യം. രത്തിനയുടെയും കൃഷ്ണയുടെയുടെയും വിവാഹ ദിവസമായിരുന്നു അന്ന്. നിരാലംബയായ അവൾ ഒടുവിൽ രതിശാലയിൽ വന്നു പെട്ടു. തന്റെ അടുത്തു വരുന്നവരെല്ലാം തന്റെ കൃഷ്ണയാണെന്ന് കരുതി, അവിടെ അവൾ സന്തുഷ്ഠമായ ജീവിതം നയിക്കുന്നു

ഓർമ്മളുടെയും സ്വപ്നത്തിന്റെയും, ചരിത്രത്തിന്റെ
യും ഉരുക്കു പാളങ്ങളിലൂടെ ഇന്ത്യൻ ജീവിതത്തിന്റെ ദാരുണമായ അവസ്ഥകളിലേക്കാണ് ഷിനിലാലിന്റെ
സമ്പർക്കക്രാന്തി പ്രചണ്ഡ താളം തീർത്തു കൊണ്ട് കുതിച്ചു പായുന്നത്. “തീവണ്ടി വലിയൊരോർമ്മയാണ്. അഥവാ ചെറിയ ചെറിയ ഓർമ്മകളുടെ ഭണ്ഡക ശാലയാണ് ” എന്ന പരികല്പനയിൽമജ്ജയും മാംസവും കലർത്തി, ചരിത്രവും ഫാന്റസിയും വർത്തമാന യാഥാർത്ഥ്യങ്ങളും ആത്മാവാക്കി ഇന്ത്യൻ റെയിൽവേയുടെ ചരിത്രവർത്തമാനഭൂമികയിലൂടെ ലക്ഷ്യത്തിലേക്ക് ഓടിക്കുന്നതിന്റെ ആരവങ്ങളാണ് ഈ നോവലിൽ നിന്നു നാം കേൾക്കുന്നത്. ഉയിരിലും ഉടലിലും തീവണ്ടിയുടെ ഘടന അനുഭവിക്കാം. മലയാളനോവൽ നാളിതുവരെ ദർശിച്ചിട്ടുള്ളതിൽ വെച്ച് വിസ്മയവും കൗതുകവും ഉണർത്തുന്ന ആഖ്യാനം.

ജനുവരി 23 നു ,റിപ്പബ്ളിക് ദിനത്തിനു 3 ദിവസം ശേഷിക്കെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന സമ്പർക്ക ക്രാന്തി എക്സ്പ്രസ്സ് , അതിന്റെ ഏറ്റവും പിന്നിലായി ഘടിപ്പിച്ചിരിക്കുന്ന ആവി യന്ത്രം. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന ഹെറിറ്റേജ് എൻജിനുകളുടെ പ്രദർശനത്തിൽ കൊണ്ടുപോവുകയാണ് വാണ്ട റർ ‘ എന്നു പേരുള്ള യന്ത്രം. ഷിനിലാലിന്റെ
സമ്പർക്കക്രാന്തിയിൽ ചരിത്രം, ഭൗതിക വസ്തുവായി സംവദിക്കുന്നതിങ്ങനെ.22 ബോഗികൾ,3420 കിലോമീറ്റർ, 50 മണിക്കൂർ, 18 ഭാഷകൾ, ഈ ചാർട്ടിലേക്ക് വർത്തമാന ചരിത്രം കൂട്ടിയിണക്കുന്നു.

കൊളോണിയൽ ചരിത്രവും ഗാന്ധിയൻ ആദർശ കാലവും, പ്രതി ശബ്ദങ്ങളെ ഹിംസയിലൂടെ ഇല്ലാതാക്കുന്ന ഭരണകൂടവും ,നവനാഗരികതയിലെ ദാമ്പത്യവും വ്യക്തി ബന്ധങ്ങളും പ്രണയവും ,അടിസ്ഥാന ആവശ്യങ്ങൾ പോലുമില്ലാതെ നരകിക്കുന്ന ഇന്ത്യൻദരിദ്ര ജനങ്ങളും, അതിജീവന പോരാട്ടങ്ങളും, എല്ലാമെല്ലാം ഈ സമ്പർക്ക ക്രാന്തിയുടെ ത്വരിത പ്രയാണത്തിൽ ഒട്ടിച്ചു ചേർത്തിരിക്കുന്നു. കരംചന്ദ് എന്ന നായക കഥാപാത്രമാണ് ഏറെകൗതുകമാവുന്നത്. ഗാന്ധിയൻ ആദർശമാനവികതയുടെ വർത്തമാന സഞ്ചാരമത്രേ കരംചന്ദ് . യാത്ര തൊഴിലാക്കിയവൻ. ആൾക്കൂട്ടങ്ങളിൽ അലിഞ്ഞില്ലാതാവുകയും ചരിത്ര ഭൂമികകളിൽ പോയി അപ്രത്യക്ഷമാവുകയും ചെയ്യുന്നത് വിനോദമാക്കിയവൻ. യാത്രക്കുറിപ്പുകളിലൂടെ സാമൂഹിക മാധ്യമങ്ങളിൽ ലോകമെങ്ങും ശ്രദ്ധ നേടിയവൻ. കാല്പനികതയും അതിഭാവുകത്വവും ചരിത്രവും വർത്തമാനവും കൂട്ടിക്കലർത്തി നിർമ്മിച്ച ഈ കഥാപാത്രം .തീവണ്ടിയുടെ പശ്ചാത്തലത്തിലുള്ള നോവലിന് തികച്ചും ഇണങ്ങുന്നു.ഘടിച്ചും, വിഘടിച്ചം നിൽക്കുന്ന ആഖ്യാനവും, അതിഭാവുകത്വവും താളപ്പിഴകൾ തീർക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ റെയിൽവേയെ ആഴത്തിൽ അറിഞ്ഞ ഒരാൾക്കു മാത്രം എഴുതാൻ കഴിയുന്ന നോവലാണ് സമ്പർക്ക ക്രാന്തി. ആഖ്യാനത്തിന്റെ കാർണിവൽ തന്നെയാണ് ഷിനിലാൽ സമ്പർക്ക ക്രാന്തിയിലൊരുക്കിയിരിക്കുന്നത്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.