DCBOOKS
Malayalam News Literature Website

റുഷ്ദിയുടെ ലോകവും നമ്മളുടെ കാലവും

സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

(സംഭാഷണം, മനോജ് കുറൂര്‍/ബെന്യാമിന്‍)

”പ്രതിഭാധനനായ സല്‍മന്‍ റുഷ്ദി 34 വര്‍ഷമായി വധഭീഷണിയുടെ നിഴലില്‍ കഴിയുകയാണ്. ഒടുവില്‍ അദ്ദേഹം ഇത്തരത്തില്‍ കഴുത്തില്‍ കുത്തേറ്റു വീഴുന്ന ആ ദൃശ്യം നമുക്ക് സഹിക്കാന്‍ പറ്റുന്നതല്ല. പക്ഷേ ഞാന്‍ അന്നു നോക്കിയപ്പോള്‍ ആ സംഭവത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ വളരെ കുറവായിരുന്നു. ഇത്രയും പ്രധാനപ്പെട്ട ഒരു റൈറ്റര്‍ കുത്തേറ്റ് വീഴുന്നത് ഈ ലോകത്തിന് ഒരു പ്രശ്‌നം അല്ലെങ്കില്‍, പൊതുജനത്തിന്റെ കാര്യം പോട്ടെ, ഏതു സാമൂഹ്യ വിഷയം വന്നാലും സോഷ്യല്‍ മീഡിയ നിറഞ്ഞ് ഇളകി ആടുന്ന തരത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരും വായനക്കാരും അടങ്ങിയ സമൂഹത്തിന് ഇത്രയും പ്രധാനപ്പെട്ട ഒരു റൈറ്ററുടെ ഈ അനുഭവം പ്രശ്‌നമായില്ലെങ്കില്‍ പിന്നെ എഴുത്തിനും വായനയ്ക്കുമൊക്കെ എന്തര്‍ത്ഥം?”

ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 ന് ന്യൂയോര്‍ക്കിലെ ഒരു പൊതുവേദിയില്‍ പ്രഭാഷണം നടത്താനെത്തിയ പ്രമുഖ സാഹിത്യകാരന്‍ സല്‍മന്‍ റുഷ്ദി അക്രമിക്കപ്പെട്ടു. ഈ സംഭവത്തെ അപലപിച്ചുകൊണ്ട് ഫേസ്ബുക് പോസ്റ്റിട്ട മലയാളത്തിലെ എഴുത്തുകാരന്‍ മനോജ് കുറൂറിന് നിരാശയായിരുന്നു ഫലം. മറ്റുകാര്യങ്ങള്‍ക്കെല്ലാം സജീവമായി പ്രതികരിക്കാറുള്ള സോഷ്യല്‍മീഡിയ സമൂഹം ആ Pachakuthira September Editonസംഭവത്തെ അവഗണിച്ചതില്‍ പ്രതിക്ഷേധിച്ച്, സാഹിത്യവും കലയും ആയി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍നിന്നും താന്‍ പിന്‍വാങ്ങുന്നതായി മനോജ് അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ പ്രസ്തുതവിഷയം മുന്‍നിര്‍ത്തി ‘പച്ചക്കുതിര’യുടെ അഭ്യര്‍ത്ഥനപ്രകാരം മനോജ് കുറൂറുമായി ബെന്യാമിന്‍ നടത്തിയ സംഭാഷണമാണ് ഇത്. റുഷ്ദിയും സാഹിത്യവും സമൂഹവും ഇവിടെ ചര്‍ച്ചാവിഷയമാവുകയാണ്.

ബെന്യാമിന്‍: ഇന്ന് നമ്മള്‍ പരസ്പരം പെട്ടെന്ന് കണ്ടുമുട്ടാനുള്ള ഒരു സാഹചര്യം എന്താണെന്ന് അറിയാമല്ലോ, പെട്ടെന്ന് മനോജിന്റെ ഒരു ഫേസ്ബുക് പോസ്റ്റ് വരികയാണ്, എത്രയോ വര്‍ഷമായി സജീവമായി സാഹിത്യത്തില്‍ നിലനിന്ന,ഞങ്ങളൊക്കെ സ്‌നേഹിക്കുകയും വായിച്ചു ബഹുമാനിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്‍ ഒരു സുപ്രഭാതത്തില്‍ താനിതിനോടൊക്കെ വിടപറയുകയാണ്, ഇതൊന്നും കൊണ്ട് വലിയ കാര്യമില്ല എന്നൊരു തോന്നല്‍ ഉണ്ടായി എന്നും പറയുകയാണ്. ആ സവിശേഷമായ സാഹചര്യത്തില്‍, കുറച്ചു നേരം സംസരിക്കാം എന്നാണ് കരുതുന്നത്. എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനത്തിലേക്ക് മനോജ് നീങ്ങിയത്? അതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്താണ്, നമുക്ക് അവിടുന്ന് തന്നെ
തുടങ്ങാമെന്ന് തോന്നുന്നു. എന്താണ് ശരിക്കും അങ്ങനെ ഒരു പോസ്റ്റിലേക്ക് നയിക്കാന്‍ ഇടയായ വികാരം?

മനോജ് കുറൂര്‍: ബെന്യാമിനെപ്പോലെയുള്ള ഒരാള്‍ ഈ വിഷയത്തില്‍ ഇടപെട്ടതിലുള്ള സന്തോഷംആദ്യംതന്നെ പറയട്ടെ. സുഹൃത്തുക്കള്‍ തമ്മില്‍ ഔപചാരികമായി അ
ങ്ങനെ പറയേണ്ടതില്ല. എങ്കിലും ഞാന്‍ അതു പറയുന്നത്, എല്ലാ സുഹൃത്തുക്കളും അങ്ങനെ അറിഞ്ഞു കൂടെനില്ക്കുന്നവര്‍ ആവണമെന്നില്ല എന്നതുകൊണ്ടാണ്. പ്രധാനപ്രശ്‌നത്തിലേക്കു വരാം. ഫേസ്ബുക്കില്‍ ഉള്ള ഇടപെടലിന് ഒരു ഉടന്‍ പ്രതികരണസ്വഭാവമാണല്ലോ ഉള്ളത്. ഏറെ ആലോചിച്ചുറപ്പിച്ചൊന്നുമല്ല ആ സ്പേസില്‍ പലതും പറയുന്നത്.

പൂര്‍ണ്ണരൂപം സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

 

Comments are closed.