DCBOOKS
Malayalam News Literature Website

ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി; മലയാളത്തിന്റെ അര്‍ത്ഥതലങ്ങള്‍ പഠിപ്പിച്ചുതന്ന മഹാനിഘണ്ടു

നമുക്ക് മലയാളത്തിന്റെ അര്‍ത്ഥതലങ്ങള്‍ പഠിപ്പിച്ചുതന്ന മഹാനിഘണ്ടു ഡിസി ബുക്‌സ് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി  സമ്പൂര്‍ണ്ണ മലയാള നിഘണ്ടു ഇപ്പോള്‍  വില്‍പ്പനയില്‍. 20 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ‘ശബ്ദതാരാവലി’ സാദ്ധ്യമാക്കിയത്. 

വാക്കുകള്‍ അനായാസേന അര്‍ത്ഥം ഗ്രഹിക്കത്തക്ക രീതിയില്‍, സൂക്ഷ്മമായും സമഗ്രമായും പരിഷ്‌കരിച്ച പതിപ്പാകും വായനക്കാര്‍ക്ക് ലഭ്യമാകുക.  നിലവിലുള്ള ശബ്ദതാരാവലിയെക്കാള്‍ 50 ശതമാനത്തിലധികം ഉള്ളടക്കത്തില്‍ വര്‍ദ്ധന, കാലോചിതമായി പരിഷ്‌കരിച്ച് കൂടുതല്‍ വാക്കുകള്‍ ഉള്‍ക്കൊള്ളിക്കുകയും ഭാഷാപ്രയോഗസാധുതയ്ക്കായി പ്രധാന ഉദ്ധരണികള്‍ ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. നിയമം, ശാസ്ത്രം, ഭരണഘടന, മാധ്യമം, ഫോക്‌ലോര്‍, വൈദ്യം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഓഹരിവിപണി തുടങ്ങിയ സമസ്ത മേഖലകളിലെയും നൂതനപദങ്ങള്‍. ശബ്ദാടിസ്ഥാനത്തിലുള്ള പദനിഷ്പത്തിയും പദവിഭജനവും. അപശ്ബദനിഘണ്ടു, വിപരീതപദനിഘണ്ടു, ലഘുപുരാണനിഘണ്ടു, തിസോറബസ്, ജ്യോതിഷപദാവലി, സംഖ്യാശബ്ദേകാശം, ഭരണ ഭാഷാ പദാവലി, പര്യായ കോശം എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ഭാഷാപണ്ഡിതന്മാരും ലക്‌സിക്കോഗ്രഫിവിദഗ്ദ്ധരും ദ്രാവിഡഭാഷാ ഗവേഷകരും വിദഗ്ദ്ധ എഡിറ്റോറിയല്‍ ടീമും വര്‍ഷങ്ങളോളം ചെലവഴിച്ച് തയ്യാറാക്കിയ സൂക്ഷ്മവും സമഗ്രവുമായ നിഘണ്ടു.

മലയാള നിഘണ്ടുക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രചുരവും പ്രാമാണികത്വവും ലഭിച്ച 2200 ല്‍ പരം താളുകളുള്ള ഈ നിഘണ്ടു മലയാള പദങ്ങളുടെ അര്‍ത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാനവാക്കായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ശ്രേയല്‍ക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാള്‍ സ്വാര്‍ത്ഥ ലാഭങ്ങളില്ലാതെ ഭാഷയ്ക്കുവേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെയ്ക്കാന്‍ സന്നദ്ധതകാട്ടിയതിന്റെ ഉത്തമോദാഹരണമാണ് ഈ കൃതി.

ആദ്യമായി മലയാള ഭാഷയില്‍ മുദ്രണം ചെയ്‌പ്പെട്ടത് ബഞ്ചമിന്‍ ബെയ്‌ലിയുടെ മലയാളം ഇംഗ്ലിഷ് നിഘണ്ടു(1846) വാണ്. ബെയ്‌ലിയുടെയുടെയും 20 വര്‍ഷത്തെ നിരന്തരപരിശ്രമത്തിന്റെ ഫലമാണ് മലയാളം ഇംഗ്ലിഷ് നിഘണ്ടു. ഇതാണ് കൈരളിയ്ക്കു പുസ്തകരൂപത്തില്‍ ലഭിച്ച പ്രഥമ നിഘണ്ടു സംഹിത. പിന്നീട് 1872 ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സംഭാവന ചെയത ഇംഗ്ലിഷ് മലയാളം നിഘണ്ടുവും കഴിഞ്ഞാല്‍ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്നത് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി തന്നെയാണ്. ചിലഭാഗങ്ങളില്‍ കേവലം പര്യയങ്ങള്‍ മാത്രം നല്‍കിയുള്ള അര്‍ത്ഥകല്‍പനകാണ് ശ്രീകണ്‌ഠേശ്വരം നല്‍കിയതെങ്കിലും ആദ്യത്തെ സമ്പൂര്‍ണ്ണ മലയാള നിഘണ്ടുവായി പരിഗണിക്കപ്പെടുന്നത് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി തന്നെയാണ്.

1864 നവംബര്‍ 27നാണ് പത്മനാഭപിള്ള തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്ത് ജനിച്ചത്. Textമലയാളത്തിലെ പ്രഥമ ഭാഷാപണ്ഡിതനായ പി ഗോവിന്ദപിള്ളയുടെ സഹോദരി നാരായണിയമ്മയുടെയും തിരുവനന്തപുരം മേല്‍കങ്ങാനം തഹസില്‍ദാരായിരുന്ന നാരായണപിള്ളയുടെയും മൂന്നാമത്തെ പുത്രനാണ് പത്മനാഭപിള്ള. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ ചേര്‍ന്നുപഠിച്ചെങ്കിലും പിതാവിന്റെ മരണംകാരണം പഠിപ്പ് തുടരാനായില്ല. ചെറുപ്പം മുതല്‍ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളില്‍ ആകൃഷ്ടനാവുകയും തുള്ളല്‍ കൃതികള്‍ എഴുതുകയും ചെയ്തു. തന്റെ 14ാം വയസ്സില്‍ ബാലിവിജയം തുള്ളല്‍ക്കവിതയും 21ാം വയസ്സില്‍ ധര്‍മ്മഗുപ്തവിജയം ആട്ടക്കഥയും രചിച്ചു. 1894ല്‍ തിരുവന്തപുരം കണ്ടെഴുത്തു സംന്ട്രലാഫീസില്‍ ജോലി ലഭിച്ചു. ഇക്കാലത്താണ് 1891ല്‍ ഏര്‍പ്പെടുത്തിയ ‘ഭാഷാപോഷിണി സഭ” മലയാള ഭാഷയ്ക്ക് മുതല്‍ക്കൂട്ടായ ഒരു നിഘ്ണ്ടി നിര്‍മ്മാണം എന്ന ആശയവുമായി നിഘണ്ടു നിര്‍മ്മാണ പ്രമേയം പാസാക്കുന്നത്. ഒരു കൂട്ടം ഭാഷപണ്ഡിതര്‍ നിഘണ്ടു നിര്‍മ്മാണം ഏറ്റെടുക്കണം എന്നതായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ആരും മുന്നോട്ടുവന്നില്ല. പക്ഷേ സാഹിത്യപരിഷ്‌കരണത്തെപ്പറ്റിയും നിഘണ്ടുനിര്‍മ്മാണത്തെപ്പറ്റിയും പ്രമേയങ്ങളും പ്രസംഗങ്ങളും ചര്‍ച്ചകളും മുറയ്ക്കുനടന്നു. ‘ ആ ശബ്ദങ്ങളെ സഞ്ചയിച്ചാല്‍തന്നെ ഒരു ചെറിയനിഘണ്ടു ആകുമായിരുന്നു’ എന്നാണ് ഈ ഉദ്യമത്തപ്പറ്റി മഹാകവി വള്ളത്തോള്‍ ഒരിക്കല്‍ പറഞ്ഞത്. പക്ഷേ അന്ന് അക്കൂട്ടത്തിലുണ്ടായിരുന്ന പത്മനാഭപിള്ള തന്റെ ആ ലക്ഷ്യം കണ്ടെത്തി എന്നുവേണം കരുതാന്‍. 1895 മുതല്‍ അതായത് അദ്ദേഹത്തിന്റെ മുപ്പത്തിമൂന്നാം വയസ്സുമുതല്‍ അദ്ദേഹം ഏകനായി നിഘണ്ടുനിര്‍മ്മാണം ആരംഭിച്ചു.

ശീലാവതി മുതല്‍ മഹാഭാരതം വരെയുള്ള പുരാണങ്ങളും ജ്യോതിഷവൈദ്യമന്ത്രാദി ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും അന്നു നിലവിലുണ്ടായിരുന്ന കോശഗ്രന്ഥങ്ങളും ഒന്നൊഴിയാതെ പരിശേധിച്ചു. തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് കൊണ്ടും പോരായ്മകള്‍ പരിഹരിച്ചു.പത്രങ്ങള്‍, മാസികകള്‍ ദൈ്വവാരികകള്‍ എന്നിവ വായിച്ച് വാക്കുകള്‍ അകാരാദിക്രമത്തില്‍ സ്വരൂപിച്ചു. നാനാജാതി മതസ്തരുമായി സമ്പര്‍ക്കത്തിലും സംവാദത്തിലും ഏര്‍പ്പെട്ട് വാക്കുകള്‍ സംഭരിച്ച് ലിഖിത രൂപത്തില്‍ സമാഹരിച്ച് 1897ല്‍ എഴുതി തുടങ്ങി. എന്നാല്‍ മെട്രിക്കുലേഷന്‍ പോലും പാസാകാത്ത പത്മനാഭപിള്ളയുടെ ഈ ഉദ്യമത്തെ പണ്ഡിതര്‍ പരിഹസിക്കുകയും അപഹസിക്കുകയും ചിരിച്ചു തള്ളുകയുംചെയ്തു. പക്ഷേ അവയ്‌ക്കൊന്നും ചെവികൊടുക്കാതെ ആ ഭാഷാസ്‌നേഹി തന്റെ ലക്ഷ്യപ്രാപ്തിയ്ക്കായി പ്രയത്‌നിച്ചുകൊണ്ടേയിരുന്നു. ഇതിനിടയില്‍ ഒരുപാട് പ്രതിബന്ധങ്ങളെ അദ്ദേഹത്തിന് തരണം ചെയ്യേണ്ടിവന്നു. തന്റെ അമ്മവാനായ പി ഗോവിന്ദപിള്ളയുടെയും അമ്മയുടെയും വിയോഗം അദ്ദേഹത്തെ തളര്‍ത്തിക്കളഞ്ഞു. എങ്കിലും കാവ്യരചനയിലൂടെ അദ്ദേഹം അതിനെ തരണംചെയ്തു.അന്ന് എഴുതിയതാണ് മാര്‍ക്കണ്ഡേയചരിതം താരാട്ടും നാരായണീചരിതം ഊഞ്ഞാല്‍പ്പാട്ടും.

ഇതിനിടയില്‍ നിഘണ്ടുനിര്‍മ്മാണത്തിന് തടസ്സമായിനിന്ന, ഏക വരുമാനമാര്‍ഗ്ഗമായിരുന്ന സര്‍ക്കാര്‍ ഉദ്യോഗവും അദ്ദേഹം ഉപേക്ഷിച്ചു. ഒന്നിനും ഉറപ്പില്ലാത്തവന്‍, ഇങ്ങനെ കവിതയെഴുതി നടന്നാല്‍ മതി എന്നൊക്കെയുള്ള ബന്ധുജനങ്ങളുടെ ശകാരങ്ങളെ വകയക്കാതെ നിര്‍ഘണ്ടുനിര്‍മ്മാണം തുടര്‍ന്നു. 1902ല്‍ അദ്ദേഹം വാറുവിളാകത്ത് ലക്ഷ്മിപിള്ളയെ വിവാഹം കഴിച്ചു. വിവാഹിതനാവുകയും കുട്ടികള്‍ ഉണ്ടാവുകയും ചെലവുകള്‍ കൂടുകയും ചെയ്തതോടെ വിണ്ടും മറ്റ് ഗ്രന്ഥങ്ങള്‍ രചിച്ച് പ്രസാധകര്‍ക്ക് കൊടുത്തു. പണം സമ്പാദിച്ചു. ഈ ഇടയ്ക്ക് എഴുതിയതാണ് കൃഷിശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ കൃതികള്‍.അവയെല്ലാം വളരെവേഗം വിറ്റഴിക്കപ്പെടുകയും ചെയ്തു. എന്നാല്‍ കവി എന്ന് അറിയപ്പെടാനല്ല പത്മനാഭപിള്ള ആഗ്രഹിച്ചത്. തന്റെ അമ്മാവനെപ്പോലെ പേരെടുത്ത ഒരു ഭാഷാ പണ്ഡിതനാകാനായിരുന്നു.

ഒമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിഘണ്ടുനിര്‍മ്മാണം വേണ്ടത്രവേഗത്തില്‍ പോകാതായപ്പോള്‍ അദ്ദേഹം അതുവരെ ചെയ്തുതീര്‍ത്ത ആദ്യത്തെ ഏതാനും ഭാഗം ‘കേശാനിഘണ്ടു” എന്ന പേരില്‍ 1904ല്‍ ഒരു അകാരാദി പ്രസിദ്ധീകരിച്ചു. അന്ന് അച്ചടിച്ച 1000 കോപ്പികളാണ് വളരെ വേഗം വിറ്റുപോയത്,. അത് അദ്ദേഹത്തെ കൂടതല്‍ ഉത്സാഹിയാക്കിമാറ്റുകയും നിഘണ്ടുനിര്‍മ്മാണം വേഗത്തിലാക്കുകയും ചെയ്തു. അന്ന് അദ്ദേഹം പ്രസിദ്ധീകരിച്ച കേശാനിഘണ്ടുവിനെപറ്റി ഇന്ന് അധികം ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

അക്കാലത്താണ് പത്മനാഭപിള്ളയുടെ ഉദ്യമത്തിന് വിലങ്ങുടിയായി ഭാഷാപണ്ഡിതരായ സി.എന്‍.എ രാമശാസ്ത്രിയും മുള്ളുവിളാകം ഗോവിന്ദപിള്ളയും ചേര്‍ന്ന് നിര്‍മ്മിച്ച ശബ്ദരത്‌നാകരം എന്ന വലിയ നിഘണ്ടുവിന്റെ വരവ്. അത് അദ്ദേഹത്തെ ഏറെ ഉലച്ചുകളയുകയും ശബ്ദതാരാവലിയുടെ നിര്‍മ്മാണത്തെ ബാധിക്കുകയും ചെയ്തു. എന്നാല്‍ ശബ്ദരത്‌നാകരം ആറുലക്കം മാത്രമേ പ്രസിദ്ധീകരിച്ചുള്ളു. അതോടെ ശബ്ദതാരാവലിയുടെ നിര്‍മ്മാണം വീറോടെ പത്മനാഭപിള്ള പൂര്‍ത്തിയാക്കി. 1897 തുടങ്ങിയ നിഘണ്ടുനിര്‍മ്മാണം 1917ല്‍ ല്‍ പൂര്‍ത്തിയാക്കിയതായി അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചു. രണ്ടായിരത്തില്‍പ്പരം താളുകളുള്ള നിഘണ്ടു പ്രസിദ്ധീകരിക്കുക അന്ന് ബുദ്ധിമുട്ടായിരുന്നതിനാല്‍ അദ്ദേഹം കേപ്പ എന്ന തന്റെ സുഹൃത്തുമായി ചേര്‍ന്ന് ഖണ്ഡശഃ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. 500 കോപ്പികളാണ് അന്ന് പ്രസിദ്ധീകരിച്ചത്. സംശയനിവാരണത്തിനുള്ള ഗ്രന്ഥമായതിനാല്‍ എല്ലാം സസൂക്ഷ്മം ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടെയും അദ്ദേഹം സ്വയം ചെയ്തുതീര്‍ത്തു. അങ്ങനെ 1917 നവംബര്‍ 13 ന് ശബ്ദതാരാവലിയുടെ ഒന്നാം ലക്കം പുറത്തിറങ്ങി. അതുകണ്ട് അന്ന് അപഹസിച്ച പണ്ഡിതരുള്‍പ്പടെ പത്മനാഭപിള്ളയെ പ്രശംസിച്ചു.

പിന്നീട് ആറു വര്‍ഷങ്ങള്‍ക്കുശേഷം 1923 മാര്‍ച്ച് 16നാണ് 1600 പേജുള്ള ശബ്ദതാരാവലിയുടെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിക്കാനായത്. ‘ സുഖം’ എന്ന പദത്തിന്റെ അര്‍ത്ഥം തന്റെ നിഘണ്ടുവില്‍ ഉണ്ടെന്നല്ലാതെ താന്‍ അത് അനുഭവിച്ചട്ടല്ലെന്ന്” പത്മനാഭപിള്ള ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പിന്റെ മുഖവരയില്‍ എഴുതി. മാത്രമല്ല 1072 മതല്‍ 1106 വരെ 34 സംവത്സരം ശബ്ദതാരാവലിക്കുവേണ്ടി ചെലവാക്കിയതിനുശേഷവും അതിനെപ്പറ്റി എന്റെ ഹൃദയത്തിന് തന്നെ സംതൃപ്തി വന്നിട്ടില്ല. എന്നുള്ളത് പെട്ടന്ന് ഒരു നിഘണ്ടു പുറപ്പെടുവിച്ചുകളയാം എന്ന് വിചാരിക്കുന്നവര്‍ ഓര്‍മ്മിക്കേണ്ടതാകുന്നുവെന്നും ഈ നിഘണ്ടു പതിപ്പുതോറും പരിഷ്‌കരിക്കേണ്ടത് അതിന്റെ പ്രസാധകന്റെയും പിന്‍ഗാമികളുടെയും ചുമതലയാണ് എന്നും എഴുതിയിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കിക്കൊണ്ട് അദ്ദേഹത്തിന്റ മകന്‍ പി ദാമോദരന്‍നായര്‍ ആ ചുമതല ഏറ്റെടുക്കുകയും 1952 ല്‍ ശബ്ദതാരാവലിയുടെ 4ാമത് പതിപ്പ് ചേര്‍ക്കേണ്ടത് ചേര്‍ത്തും കളയേണ്ടത് കളഞ്ഞും പരിഷ്‌കരിച്ചു. പിന്നീട് 12 വര്‍ഷത്തിനുശേഷം അഞ്ചാമത് പതിപ്പും 1967 ല്‍ 6ാമത് പതിപ്പും പരിഷ്‌കരിച്ച് പുറത്തിറക്കി. ഇത് പരിശോധിച്ച എസ് ഗുപ്തന്‍ നായര്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ് ഇത് ലക്ഷണസമന്വിതമായ ഒരു നിഘണ്ടുവാണ്. കടച്ചില്‍ കഴിഞ്ഞ രത്‌നം എന്ന് വള്ളത്തോള്‍ പറഞ്ഞത് അന്വര്‍ത്ഥംതന്നെ..! പിന്നീട് ശബ്ദതാരാവലിയുടെ ഒരോ പതിപ്പും ദാമോദരന്‍ പുറത്തിറക്കി.മാത്രമല്ല അത് ക്രോഡീകരിച്ച് മൂന്നിലോന്നുവലിപ്പത്തില്‍ 1986ല്‍ ഒരു “ലഘുശബ്ദതാരാവലി” പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അതിന്റെ രണ്ടാംപതിപ്പെത്തിയപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടു.

iകേരളവര്‍മ്മയുടെയും കേരളപാണിനിയുടെയും പ്രോത്സാഹത്തില്‍ എഴുതിത്തുടങ്ങിയ ഈ മഹാനിഘണ്ടു 1923ല്‍ ശ്രീമൂലം തിരുന്നാളിന് പത്മനാഭപിള്ള തിരുമുല്‍ക്കാഴ്ചവെയ്ക്കുകയും മലയാള ഭാഷ്‌ക്ക് നല്‍കിയ ഈ മഹത്തായസേവനത്തെ പ്രകീര്‍ത്തിച്ച് അദ്ദേഹം പത്മനാഭപിള്ളയ്ക്ക് വീരംശൃംഖല സമ്മാനിക്കുകയും, 40കോപ്പികള്‍ വിലയ്ക്കുവാങ്ങുകയും ചെയ്തിരുന്നു. 1946 മാര്‍ച്ച് 4 നായിരുന്നു പത്മനാഭപിള്ള അന്തരിച്ചത്. മരണസമയത്ത് സാഹിത്യാഭരണം, ഇംഗ്ലീഷ് മലയാളം ഡിക്ഷണറി എന്നീ രണ്ടു നിഘണ്ടുക്കളുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

ഇപ്പോൾ തന്നെ പ്രീ ബുക്ക് ചെയ്യാൻ സന്ദർശിക്കൂ

Comments are closed.