DCBOOKS
Malayalam News Literature Website

ശബരിമല: വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ദില്ലി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. എസ്.എഫ്.ഐ മുന്‍ നേതാവും അഭിഭാഷകയുമായ ഡോ.ഗീനാകുമാരി, അഡ്വ. എ.വി വര്‍ഷ എന്നിവരാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് അറ്റോര്‍ണി ജനറലിനോട് അനുമതി തേടിയിരിക്കുന്നത്. ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് അറ്റോര്‍ണി ജനറലിന്റെ അനുമതി തേടേണ്ടതുണ്ട് . ബി.ജെ.പി നേതാക്കളും തന്ത്രിയും പന്തളം കൊട്ടാരവുമാണ് എതിര്‍കക്ഷികള്‍. വിധി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞവര്‍ക്കെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കോടതിവിധി വന്നതിനു ശേഷമുള്ള തുലാമാസ പൂജകള്‍ക്കായി ഇത്തവണ ശബരിമല നട തുറന്നപ്പോള്‍ മുതല്‍ പത്തിലധികം യുവതികളാണ് ശബരിമലയില്‍ എത്തിയത്. ഇവരില്‍ രണ്ടുപേര്‍ കനത്ത സുരക്ഷയില്‍ വലിയ നടപ്പന്തല്‍ വരെയും ഒരാള്‍ യാതൊരു സുരക്ഷയുമില്ലാതെ വലിയ നടപ്പന്തല്‍ പിന്നിട്ടും കടന്നിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു.

Comments are closed.