DCBOOKS
Malayalam News Literature Website

‘ശബരിമല അയ്യപ്പന്‍ മലഅരയ ദൈവം’

ആഗോള തീര്‍ത്ഥാടന കേന്ദ്രം എന്നു പേരെടുത്ത ശബരിമല ക്ഷേത്രം എക്കാലവും വിവാദങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. 10 വയസ്സിനും 50 വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിയുടെ ചരിത്രവിധിയാണ് ഈ ക്ഷേത്രത്തെ ഇപ്പോള്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയത്. ഈ വിധി കേരളീയ കേരളീയസമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളും ചില്ലറയല്ല. യുവതികളുടെ വിലക്ക് സ്വാഭാവികമായുണ്ടായതാണോ എന്നതാണ് പൊതുവെ ഉയര്‍ന്ന ചോദ്യം. ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കുവാന്‍ യുവതീപ്രവേശനം ഉണ്ടായിരുന്നുവെന്നും ഇല്ലായിരുന്നുവെന്നുമുള്ള വാദങ്ങള്‍, ക്ഷേത്രത്തിലെ താന്ത്രികവിദ്യകള്‍ പ്രതിഷ്ഠയുടെ ബ്രഹ്മചര്യത്തെ സാധൂകരിക്കുംവിധമുള്ളതല്ല തുടങ്ങി ഈ വിഷയത്തില്‍ ഗവേഷണം നടത്തിയവരും വിധിയെത്തുടര്‍ന്ന് രംഗത്തുവന്നിരുന്നു.

ശബരിമലയുടെ ചരിത്രത്തിന് സംഘകാലത്തോളം പഴക്കമുണ്ട്. ആദിദ്രാവിഡ പാരമ്പര്യത്തില്‍ അടിയുറച്ച മല അരയരുടെ ആരാധനാമൂര്‍ത്തിയേയും അവര്‍ നിര്‍മ്മിച്ച ആരാധനാലയവും ബ്രാഹ്മണമേധാവിത്വം തട്ടിയെടുത്തതിന്റെ ചരിത്രം ആധികാരികരേഖകളോടെ ഇതാദ്യമായി അവതരിപ്പിക്കുകയാണ് ശബരിമല അയ്യപ്പന്‍ മലഅരയദൈവം എന്ന ഈ കൃതിയിലൂടെ പി.കെ. സജീവ്. പുരോഗമനത്താല്‍ മുച്ചൂടും മുങ്ങിനില്‍ക്കുന്നുവെന്ന് ഘോരഘോരം വാദിക്കുന്ന കേരളത്തില്‍ ഒരു പിന്നാക്ക സമുദായം സമ്പൂര്‍ണ്ണ തെളിവുകളുമായി നീതിക്കുവേണ്ടി അലയേണ്ടി വരുന്നതിന്റെ നേര്‍ച്ചിത്രമാണ് ഈ കൃതി പങ്കുവക്കുന്നത്.  ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ശബരിമല അയ്യപ്പന്‍  മലഅരയ ദൈവം ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്. പ്രഹ്ലാദ് രതീഷ് തിലകനാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്.

പി.കെ.സജീവ്-1971-ല്‍ കോട്ടയം ജില്ലയിലെ പഴുമലയില്‍( പാറത്തോട്) ജനിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളെജില്‍നിന്നും ചരിത്രത്തിലും എം.ജി.സര്‍വ്വകലാശാല ടീച്ചര്‍ എഡ്യൂക്കേഷനില്‍നിന്നും ചരിത്രം ഐച്ഛികമായി വിദ്യാഭ്യാസത്തിലും ബിരുദം. ഇപ്പോള്‍ എം.ജി. സര്‍വ്വകലാശാലയില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍. മൂന്നു പതിറ്റാണ്ടിലേറെയായി മലഅരയ സമുദായം, മറ്റ് ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ എന്നിവയുടെ സമഗ്രപുരോഗതിക്കായുള്ള സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇന്ത്യയിലെ പട്ടികവര്‍ഗ മാനേജ്‌മെന്റിലെ ആദ്യ എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് (ശ്രീശബരീശ കോളെജ്, മുരിക്കുംവയല്‍) സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. ഐക്യമലഅരയ മഹാസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

Comments are closed.