DCBOOKS
Malayalam News Literature Website

ബ്രാഹ്മണാധിപത്യം വലിച്ചെറിഞ്ഞ തനതു മലഅരയ ആചാരങ്ങള്‍

പി.കെ. സജീവിന്റെ ശബരിമല അയ്യപ്പന്‍ മലഅരയദൈവം എന്ന കൃതിയില്‍ നിന്നും

“മലഅരയരില്‍ നിന്നും ബ്രാഹ്മണമേധാവിത്വം ശബരിമല സ്വന്തമാക്കുന്നതിനുമുമ്പ് വിവിധതരത്തിലുള്ള തനത് ആചാരങ്ങള്‍ അവിടെ നിലനിന്നിരുന്നു. കാലാന്തരത്തില്‍ മല അരയര്‍ക്കൊപ്പം അവയെല്ലാം പുറത്താക്കപ്പെട്ടു. പ്രധാന ആചാരങ്ങളിലൊന്നായിരുന്നു തേനഭിഷേകം. തങ്ങള്‍ക്കു തിരിച്ചുകിട്ടണമെന്ന് മലഅരയര്‍ ആവശ്യപ്പെടുന്ന ആചാരങ്ങളില്‍ പ്രധാനപ്പെട്ടതും ഇതാണ്. മല അരയ സമുദായക്കാരനായ അയ്യപ്പനുവേണ്ടി പിന്മുറക്കാര്‍ നടത്തിവന്ന ആചാരം ഇന്ന് വിസ്മൃതിയിലാണ്. ചോദ്യമോ ഉത്തരമോ ഇല്ലാതെ പുതിയ ആചാരങ്ങള്‍ തത്സ്ഥാനത്ത് എത്തിക്കഴിഞ്ഞു. തേനഭിഷേകം മാത്രമല്ല പഞ്ചലങ്കാര ഉള്‍പ്പെടെയുള്ള പല ആചാരങ്ങളും മലഅരയ സമൂഹത്തിനൊപ്പം പുറത്തുപോയിക്കഴിഞ്ഞു.

എല്ലാ വര്‍ഷവും വൃശ്ചികമാസം ഒന്നിനാണ് ശബരിമലയില്‍ തേനഭിഷേകം നടത്തിവന്നിരുന്നത്. വര്‍ഷത്തില്‍ ഒരു തവണ മാത്രമേ ശബരിമല ചവിട്ടാന്‍ പാടുള്ളൂ എന്നാണ് മലഅരയ വിശ്വാസം. ശബരിമലയാത്ര മണ്ഡലകാലത്ത് മാത്രമേ പാടുള്ളൂവെന്നും ഈ സമുദായം വിശ്വസിക്കുന്നു. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികമാസം ഒന്നാം തീയതി മലഅരയ സമുദായത്തിലെ ഒരു പൂജാരിയും ഇളംതലമുറക്കാരനും ചേര്‍ന്ന് ശബരിമല ശ്രീകോവിലിലെ അയ്യപ്പവിഗ്രഹത്തില്‍ തേനഭിഷേകം നടത്തുന്നു.

ഇതിനായുള്ള തേന്‍ ശേഖരിക്കുന്നതിനും ചില വട്ടങ്ങളുണ്ട്. തേന്‍ ശേഖരിക്കുന്ന വ്യക്തി നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതം എടുത്തിരിക്കണം എന്നുള്ളതാണ് ഒന്ന്. വ്രതം പൂര്‍ത്തിയാകുന്ന ദിവസം വനത്തിലേക്കുപോയി ശുദ്ധമായ തേന്‍ ശേഖരിക്കും. അഭിഷേകത്തിന് ഉപയോഗിക്കുന്നത് ചെറുതേനാണ്. പെരുംതേനീച്ച, തൂക്കു തേനീച്ച എന്നിങ്ങനെ പല ഇനത്തില്‍പ്പെട്ട തേനീച്ചകള്‍ വനത്തില്‍ ധാരാളമുണ്ടെങ്കിലും ചെറുതേനീച്ച അപൂര്‍വ്വമാണ്. തേന്‍ ഇനങ്ങളില്‍ ഔഷധവിഭാഗത്തില്‍പ്പെട്ട ഒന്നാണ് ചെറുതേന്‍. ഈ തേനീച്ചയുടെ കൂട് കണ്ടെത്തുകയും തേന്‍ ശേഖരിക്കുകയും ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള പ്രവര്‍ത്തിയാണ്.

ഈ തേന്‍ ശബരിമലയിലെത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം നടത്തുകയാണ് ചെയ്യുന്നത്. മലഅരയ സമൂഹം വളരെ പവിത്രമായി കണ്ടിരുന്ന ഈ ആചാരം പക്ഷേ, ഇന്നില്ല. പതിയെപ്പതിയെ മലഅരയ സമുദായത്തെ ശബരിമലയില്‍ നിന്നും പുറത്തുകടത്തിയതിനൊപ്പം തേനഭിഷേകം തുടങ്ങിയ ആചാരങ്ങളേയും അവര്‍ ഒഴിവാക്കി. ക്ഷേത്രം ബ്രാഹ്മണവത്കരിച്ച ആദ്യനാളുകളില്‍ മലഅരയര്‍ തേനഭിഷേകം ചെയ്യുന്നതൊഴിവാക്കാന്‍ തന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പുതിയൊരു നിര്‍ദ്ദേശംവെച്ചു. അഭിഷേകത്തിനായി എത്തിക്കുന്ന തേന്‍ ശ്രീകോവിലിനു മുന്നില്‍ വച്ചാല്‍ മതിയെന്നായിരുന്നു അവരുടെ ആദ്യവാദം. ഗത്യന്തരമില്ലാതെ മലഅരയര്‍ അത് അംഗീകരിച്ചു. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞപ്പോള്‍ ആ രീതിക്കും മാറ്റം വന്നു. ഇരുമുടിക്കെട്ടിനുള്ളില്‍ തേന്‍ ഉള്‍പ്പെടുത്തിയാല്‍ മതി എന്നു പൗരോഹിത്യം പറഞ്ഞു. മലഅരയര്‍ക്കു വേണ്ടി സംസാരിക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല. അയ്യപ്പനെ പുലിയുടെ മുമ്പിലേക്കു പറഞ്ഞുവിട്ടതിനു തുല്യമായ തന്ത്രങ്ങളായിരുന്നു ആര്യ മേധാവിത്വം ഇവിടെയും പ്രയോഗിച്ചത്. ഇങ്ങനെ ഘട്ടംഘട്ടമായുള്ള നടപടിക്രമങ്ങളിലൂടെ അവര്‍ തേനഭിഷേകം എന്ന മലഅരയആചാരത്തെ ശബരിമലയില്‍ നിന്നും പുറത്താക്കി. ദ്രാവിഡസംസ്‌കൃതിയുടെ തനത് ആചാരങ്ങള്‍ അവര്‍ക്കു സഹിക്കാവുന്നതിനും അപ്പുറത്താണ്.

മറ്റൊരു പ്രധാന ആചാരമാണ് പഞ്ചലങ്കാര പൂജ. യഥാര്‍ത്ഥത്തില്‍ ഈ പൂജ ശബരിമലയില്‍ മാത്രം നടത്തുന്ന ഒന്നല്ല. 18 മലകളിലെ ക്ഷേത്രങ്ങളിലും ഇതുനടത്തിവന്നിരുന്നു. അരയ പൂജാരിമാര്‍ വെള്ളം, നെല്ല്, അരി, തുളസീദളം, ചന്ദനം എന്നിവകൊണ്ടാണ് പഞ്ചലങ്കാരപൂജ നടത്തിയിരുന്നത്. പഞ്ചലങ്കാരപൂജയ്‌ക്കൊപ്പം വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയും നടത്തിയിരുന്നു. മറ്റു മലഅരയ ആരാധനാലയങ്ങളിലും ഇതേ പൂജ ചെയ്തിരുന്നുവെങ്കിലും ശബരിമലയിലെ പ്രധാന ഇനമായിരുന്നു പഞ്ചലങ്കാപൂജ. ഇന്ന് ശബരിമലയില്‍ പഞ്ചലങ്കാരപൂജ ചെയ്യുവാന്‍ മലഅരയര്‍ക്കു കഴിയില്ല…”

തുടര്‍ന്നു വായിക്കാം….

ആദിദ്രാവിഡ പാരമ്പര്യത്തില്‍ അടിയുറച്ച മല അരയരുടെ ആരാധനാമൂര്‍ത്തിയേയും അവര്‍ നിര്‍മ്മിച്ച ആരാധനാലയവും ബ്രാഹ്മണമേധാവിത്വം തട്ടിയെടുത്തതിന്റെ ചരിത്രം ആധികാരികരേഖകളോടെ ഇതാദ്യമായി അവതരിപ്പിക്കുകയാണ് ശബരിമല അയ്യപ്പന്‍ മലഅരയദൈവം എന്ന ഈ കൃതിയിലൂടെ പി.കെ. സജീവ്. പുരോഗമനത്താല്‍ മുച്ചൂടും മുങ്ങിനില്‍ക്കുന്നുവെന്ന് ഘോരഘോരം വാദിക്കുന്ന കേരളത്തില്‍ ഒരു പിന്നാക്ക സമുദായം സമ്പൂര്‍ണ്ണ തെളിവുകളുമായി നീതിക്കുവേണ്ടി അലയേണ്ടി വരുന്നതിന്റെ നേര്‍ച്ചിത്രമാണ് ഈ കൃതി പങ്കുവക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ശബരിമല അയ്യപ്പന്‍ മലഅരയ ദൈവം ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്. പ്രഹ്ലാദ് രതീഷ് തിലകനാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്.

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ശബരിമല അയ്യപ്പന്‍ മലഅരയദൈവം എന്ന കൃതി ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

Comments are closed.