DCBOOKS
Malayalam News Literature Website

ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് പ്രൊഫ.എസ്.ശിവദാസിന്

ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യപുരസ്‌കാരമായ പരാഗ് ബിഗ് ലിറ്റില്‍ ബുക്ക് പ്രൈസ് പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസിന്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. ബാല സാഹിത്യത്തിലെ ശ്രദ്ധേയമായ സൃഷ്ടികൾ കണ്ടെത്തുന്നതിനായി രൂപീകരിക്കപ്പെട്ട ബിഎൽബിഎ വര്‍ഷംതോറും രചയിതാവിന്റെ വിഭാഗത്തിൽ ഏതെങ്കിലും ഒരു ഭാഷയിലുള്ള സൃഷ്ടിക്കാണ് അവാർഡ് നൽകി വരുന്നത്. ഈ വർഷം മലയാള ഭാഷയിൽ നിന്നുള്ള രചനയ്ക്കാണ് അംഗീകാരം. 439 എന്‍ട്രികളില്‍ നിന്നും എസ്.ശിവദാസ്, സിപ്പി പള്ളിപ്പുറം , പള്ളിയറ ശ്രീധരന്‍കെ.ശ്രീകുമാര്‍ എന്നിവരുടെ പേരുകളാണ് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.

രചനകളിലെ വൈവിധ്യവും പുതുമയും ശാസ്ത്രീയ വീക്ഷണവും അന്താരാഷ്ട്ര പ്രസക്തിയുമാണ് പ്രൊഫ.ശിവദാസിനെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ജൂറി വിലയിരുത്തി. ഇരുനൂറിലേറെ കൃതികളുടെ കര്‍ത്താവാണ് പ്രൊഫ.ശിവദാസ്.കോട്ടയം സ്വദേശിയായ അദ്ദേഹം അദ്ധ്യാപകന്‍, ശാസ്ത്രസാഹിത്യ പ്രചാരകന്‍ , പത്രാധിപര്‍, പേരന്റിങ് വിദഗ്ദ്ധന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്.

ഡിസംബര്‍ പത്തിന് വൈകിട്ട് നാലിന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ പുരസ്‌കാരം നല്‍കും. മികച്ച ഇല്ലസ്‌ട്രേട്ടര്‍ക്കുള്ള അവാര്‍ഡ് ഡല്‍ഹി സ്വദേശി ദീപബല്‍സവറിനാണ്. പ്രൊഫ.ശിവദാസിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതിയുടെ എമിററ്റസ് ഫെല്ലോഷിപ്പ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനാ പുരസ്‌കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകള്‍, എന്‍.സി.ഇ.ആര്‍.ടി അവാര്‍ഡ് , എന്‍.സി.എസ്.ടി.സി.അവാര്‍ഡ്, ഭീമാ അവാര്‍ഡ് ,കൈരളി ചില്‍റണ്‍സ് ബുക്ക് ട്രസ്റ്റ് അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ഭാര്യ സുമ ശിവദാസ് വിരമിച്ച പ്രഥമാദ്ധ്യാപികയും പാചകവിദഗ്ദ്ധയും എഴുത്തുകാരിയുമാണ്. അപു, ദിപു എന്നിവര്‍ മക്കള്‍. ‘ മലയാള ഭാഷയ്ക്കും ശാസ്ത്രസാഹിത്യ പ്രസ്ഥാനത്തിനും കിട്ടിയ അംഗീകാരമായി ഈ അവാര്‍ഡിനെ കണക്കാക്കുന്നുവെന്ന് പ്രൊഫ.ശിവദാസ് പറഞ്ഞു.

പ്രൊഫ.എസ്.ശിവദാസിന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍

ഉപ്പുതൊട്ട് കര്‍പ്പൂരംവരെ, എണ്ണിക്കളിക്കാം എഴുതിക്കളിക്കാം, എന്റെ കൊച്ചുരാജകുമാരന്‍, ഐന്‍സ്റ്റൈനും ഇരുപതാം നൂറ്റാണ്ടും, കാന്താരിക്കുട്ടിയും കൂട്ടുകാരനും, കുട്ടികള്‍ക്ക് മൂന്ന് നാടകങ്ങള്‍, ജാലവിദ്യകള്‍, നിങ്ങള്‍ക്കും ഒരു ശാസ്ത്രജ്ഞനാകാം, പക്ഷിക്കഥകള്‍, പലഹാരക്കൊട്ടാരം, ബൗ ബൗ കഥകള്‍, മണ്ണും മനുഷ്യനും, ശാസ്ത്രപഠന പ്രവര്‍ത്തനങ്ങള്‍, ശാസ്ത്രലോകത്തിലെ പുതുപുത്തന്‍ കണ്ടെത്തലുകള്‍, സയന്‍സ് ആക്ടിവിറ്റികള്‍, കടങ്കഥകള്‍കൊണ്ടു കളിക്കാം, കണക്ക് കഥകളിലൂടെ, കാര്‍ബണെന്ന മാന്ത്രികന്‍, കീയോ കീയോ, കുട്ടികളുടെ സയന്‍സ് പ്രോജക്ടുകള്‍, നെയ്യുറുമ്പു മുതല്‍ നീലത്തിമിംഗലം വരെ, പാറുവിന്റെ വാല്‍ഗവേഷണം, ബുദ്ധിയുണര്‍ത്തുന്ന കഥകള്‍, ശാസ്ത്രക്കളികള്‍, സയന്‍സില്‍ മിടുക്കരാകാനുള്ള വഴികള്‍, ഊര്‍ജ്ജത്തിന്റെ രഹസ്യങ്ങള്‍, പുതിയ ശാസ്ത്രവിശേഷങ്ങള്‍, കൂട്ടായ്മയുടെ സുവിശേഷം, വളരുന്ന ശാസ്ത്രം, ഒരായിരം കൊക്കും ഒരു ശാന്തിപ്രാവും, ചെയ്യാം രസിക്കാം, അറിവൂറും കഥകള്‍, വെള്ളം നമ്മുടെ സമ്പത്ത്, വായുവിശേഷങ്ങള്‍, ജയിക്കാന്‍ പഠിക്കാം, ഗണിതവും ശാസ്ത്രവും പഠിക്കേണ്ടതെങ്ങനെ?, പഠിക്കാന്‍ പഠിക്കാം, പഠനപ്രോജക്ടുകള്‍: ഒരു വഴികാട്ടി, വിജയമന്ത്രങ്ങള്‍ കുട്ടികള്‍ക്ക്, രസതന്ത്രം കുട്ടികള്‍ക്ക്, അറിവേറും കഥകള്‍, ശാസ്ത്രകഥാസാഗരം, അല്‍ ഹസന്‍ മുതല്‍ സി.വി.രാമന്‍ വരെ, പ്രോജക്ടുകള്‍ എത്ര എളുപ്പം, നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം.

എസ്.ശിവദാസിന്‍റെ  പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപ്പി പള്ളിപ്പുറത്തിന്‍റെ  പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

പള്ളിയറ ശ്രീധരന്‍റെ  പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ.ശ്രീകുമാറിന്‍റെ  പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.