DCBOOKS
Malayalam News Literature Website

ഓര്‍മ്മയ്ക്കും മറവിക്കും ഇടയിലെ ‘റൂത്തിന്റെ ലോകം’

ചില ആമുഖങ്ങള്‍ പറഞ്ഞല്ലാതെ ഈ പുസ്തകത്തിന്റെ വായനാനുഭവം പങ്ക് വെക്കുന്നത് ഉചിതമല്ല. മലയാള കുറ്റാന്വേഷണ നോവലുകളില്‍ രണ്ട് കാലഘട്ടങ്ങളെ അടയാളപ്പെടൂത്തുന്ന ഒരു ”മൈല്‍സ്‌റ്റോണ്‍ ” തന്നെയാണ് ലാജോ ജോസ് എന്ന എഴുത്തുകാരന്‍. ബാറ്റണ്‍ ബോസ്, കോട്ടയം പുഷ്പനാഥ് എന്നീ മഹാരഥന്മാരായ മലയാളം ക്രൈംത്രില്ലര്‍ എഴുത്തുകാരുടെ കാലഘട്ടത്തിന് ശേഷം അജ്ഞാതമായ കാരണത്താല്‍ വിടവ് സംഭവിച്ച ക്രൈംത്രില്ലര്‍ വിഭാഗത്തിലേക്ക് കോഫിഹൗസ് എന്ന നോവലുമായി കടന്ന് വന്ന എഴുത്തുകാരന്‍ ഹൈഡ്രാഞ്ചിയയിലൂടെ തന്റെ തിരഞ്ഞെടുപ്പ് കൃത്യമായതാണെന്ന് തെളിയിച്ചിരുന്നു. ”റൂത്തിന്റെ ലോകം” ആവട്ടെ ഇപ്പറഞ്ഞ കാലഘട്ടത്തെ ലാജോ ജോസിന് മുന്‍പും ശേഷവും എന്ന നിലക്ക് മലയാളഭാഷയിലെ ക്രൈംത്രില്ലര്‍ ശാഖയെ ചരിത്രം ഇനിയടയാളപ്പെടുത്തും. നൈസര്‍ഗികമായുള്ള കഴിവിനെ വെറുതെ ഉപയോഗപ്പെടുത്തുക എന്നതിന് പകരം മലയാളി വായിക്കാന്‍ ആശിച്ചിരുന്ന ക്രൈംഫിക്ഷന്‍ എന്ന ശാഖയെ കണ്ടെത്തുകയും അതിനെ വളരെ സ്പഷ്ടമായി പഠിച്ചുകൊണ്ട് നോവല്‍ എഴുതുക എന്ന വെല്ലുവിളി സ്വീകരിച്ച എഴുത്തുകാരന് കൈയ്യടി.

നോവലിലേക്ക്…

റൂത്ത് റൊണാള്‍ഡ് എന്ന പെണ്‍കുട്ടിയുടെ ചിതറിത്തെറിച്ച ഓര്‍മ്മകളിലേക്ക് ഒരു മിന്നല്‍ കണക്കെ വന്നും പോയുമിരിക്കുന്ന സംഭവവികാസങ്ങളുടെ പിന്നാലെ ശ്വാസമടക്കി പിടിച്ച് വായനക്കാരനെക്കൂടെ നടത്തിക്കുന്നതാണ് നോവല്‍ മികച്ചതാവാനുള്ള ആദ്യത്തെ കാരണം.

റെട്രോഗ്രേഡ് അംനീഷ്യ എന്ന അസുഖം ബാധിച്ച റൂത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ മെര്‍ക്കുറി നിറച്ച റ്റിയൂബിലെ ഇളക്കങ്ങളെന്നോണം വായനക്കാരനെ കൂടെ അനുഭവിപ്പിക്കുന്ന രചനാകൗശലത്തിനൊപ്പം തന്നെ റൂത്തിന്റെ ആത്മസംഘര്‍ഷങ്ങള്‍ പകരുന്നൊരു രസതന്ത്രത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍.

നോവലിസ്റ്റ് കരുതിക്കൂട്ടിയെല്ലെങ്കിലും സമൂഹത്തിന് ഈ രോഗത്തെ സംബന്ധിച്ചുള്ള ഒരു മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്നുണ്ട്. വായിക്കുന്ന ആര്‍ക്കും മനസില്‍ പതിയുന്ന ലളിതമായ രീതിയില്‍ തന്നെ. മുന്‍പത്തെ രണ്ട് നോവലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്യം ഉള്ളത് ഈ നോവലിന്റേയും നൂലറ്റങ്ങളെ നിയന്ത്രിക്കുന്നത് സ്ത്രീകഥാപാത്രങ്ങള്‍ ആണെന്നതാണ്. അഭിനന്ദനീയമാണത്.

വളരെ കുറഞ്ഞ കഥാപാത്രങ്ങളേയും പരിസരങ്ങളേയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇക്കുറി നോവലിസ്റ്റ് നിഗൂഢതകളെ തീര്‍ത്തിരിക്കുന്നത്. ഒപ്പം തന്നെ ഭാഷാപരമായി മറ്റു രണ്ട് നോവലുകളില്‍ നിന്നും ഏറെ ദൂരം മുന്നോട്ട് സഞ്ചരിച്ചിട്ടുമുണ്ട്.

വായനയില്‍ ഒരിടത്തും മടുപ്പുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ കഴിയും. കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ മിനക്കെടുന്നവര്‍ക്കുപോലും ഈ പുസ്തകത്തോട് മമത തോന്നുക തന്നെ ചെയ്യും. ക്രൈംത്രില്ലറുകള്‍ ഇഷ്ടമാകുന്നവര്‍ക്ക് കണ്ണുമടച്ച് തിരഞ്ഞെടുത്ത് വാങ്ങാവുന്ന ഈ പുസ്തകത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയുള്ള എഴുത്ത് തിരഞ്ഞെടുപ്പുകളില്‍ ലാജോ തന്നോട് തന്നെ മത്സരിക്കേണ്ടി വരും.

ലാജോ ജോസിന്റെ റൂത്തിന്റെ ലോകത്തിന് റിഹാന്‍ റാഷിദ് എഴുതിയ വായനാനുഭവം

Comments are closed.